Janayugom Online
kozhikode landslide

കോഴിക്കോട് ജില്ലയില്‍ മഴ കുറഞ്ഞു; 44328പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍

Web Desk
Posted on August 18, 2018, 5:34 pm

ജില്ലയില്‍ 500 കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്കുകള്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ മഴ കുറഞ്ഞു. ഇന്നലെ 23.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജില്ലയിലെ നാല് താലൂക്കുകളിലെ 92 വില്ലേജുകളിലായി 303 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 13700 കുടുംബങ്ങളില്‍ നിന്നായി 44328 പേരാണ് കഴിയുന്നത്. കോഴിക്കോട് താലൂക്കില്‍ 39 വില്ലേജുകളിലായി നിലവില്‍ 187 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 9960 കുടുംബങ്ങളില്‍ നിന്നും 31038 പേരാണ് താമസിക്കുന്നത്. വേങ്ങേരി വില്ലേജില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി.
കൊയിലാണ്ടി താലൂക്കില്‍ 28 വില്ലേജുകളിലായി 56 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 1714 കുടുംബങ്ങളില്‍ നിന്നായി 6042 ആളുകള്‍ താമസിക്കുന്നുണ്ട്. കൂരാച്ചുണ്ട്, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ 2 വീടുകള്‍ തകര്‍ന്നു. വടകര താലൂക്കില്‍ 13 വില്ലേജുകളിലായി 31 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 824 കുടുംബങ്ങളില്‍ നിന്നും 3184 പേര്‍ താമസിക്കുന്നു. താമരശ്ശേരി താലൂക്കില്‍ 12 വില്ലേജില്‍ 29 കേന്ദ്രങ്ങളിലായി 1202 കുടുംബങ്ങള്‍ താമസിക്കുന്നു. 4064 പേരാണ് ഇവിടെ താമസിക്കുന്നത്.
പ്രളയകെടുതിയില്‍ ജില്ലയില്‍ 500 കോടിയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക കണക്കുകള്‍ . ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത നാശനഷ്ടമാണ് ജില്ലയില്‍ ഇത്തവണ ഉണ്ടായിട്ടുള്ളതെന്നും മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ. ശശീന്ദ്രനും പറഞ്ഞു. അതേസമയം നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായാണ് നടക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനം ഫലവത്തായി. കാര്യങ്ങള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും ഒറ്റപ്പെട്ടവരായി ആരുമില്ലെന്നും മന്ത്രിമാര്‍ അറിയിച്ചു. ജീവന്‍ രക്ഷിക്കാന്‍ എല്ലാ സുരക്ഷക്രമീകരണങ്ങളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്യാമ്പുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും സന്നദ്ധസംഘടന പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ പ്രവര്‍ത്തിക്കണം. ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തില്‍ ചില തെറ്റായ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ അവഗണിക്കണമെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രിമാര്‍ പറഞ്ഞു. മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴുള്ളത്.

എട്ട് സോണുകളിലായി ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. മെഡിക്കല്‍ ടീമും സജീവമായുണ്ട്. ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം എന്നിവ ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ തദ്ദേശസ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ അവസാനിച്ച് തിരിച്ചു പോകുന്ന വാര്‍ഡുകളില്‍ ശുചീകരണത്തിന് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപീകരിക്കും. പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ തുടങ്ങി മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും 24 മണിക്കൂറും സേവനസന്നദ്ധരായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.