Janayugom Online
wayanad landslide- janayugom

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ മരിച്ചു. ഒരാളെ കാണാതായി

Web Desk
Posted on August 15, 2018, 7:13 am

സംസ്ഥാനത്ത് ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. 

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് അഞ്ചു  പേര്‍ മരിച്ചു. 

മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്നു പേരും മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് ഒരാളും റാന്നിയില്‍ ഷോക്കേറ്റ് ഒരാളുമാണ് മരിച്ചത്. കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ മകൻ ഉബൈദ് എന്നിവരാണ് മരിച്ചത്.  മണ്ണിനടിയില്‍ കുടുങ്ങിക്കിടന്ന ആറു വയസ്സുള്ള കുട്ടിയെ ഏറെശ്രമിച്ചാണ് പുറത്തെടുത്തത് . ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു മുറിയുള്ള വീടാണ് ഇവരുടേത്. മുനീറയും അസീസും ചെറിയ കുട്ടിയും ഒരു മുറിയിലും മറ്റ് രണ്ട് കുട്ടികള്‍ അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. അസീസും മുനീറയും ചെറിയ കുട്ടിയും ഉറങ്ങിയിരുന്ന മുറിക്ക് മുകളിലേക്ക് രാത്രിയില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

മൂന്നാറില്‍ ലോഡ്ജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു.തമിഴ്‌നാട് സ്വദേശി മദനന്‍ എന്നയാളാണ് മരിച്ചത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്ജാണ് തകര്‍ന്നത്. സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജില്‍ മറ്റ് ഏഴു പേരുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണ്. റാന്നി ഇട്ടിയപ്പാറ ബൈപ്പാസില്‍ മുങ്ങിയ വീടിനുള്ളില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ചുഴുകുന്നില്‍ ഗ്രേസി (70) യാണ് മരിച്ചത്.

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാന്‍ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വിമാന സര്‍വീസുകള്‍ നിറുത്തിവച്ചു. നെടുമ്പാശേരിയിലേക്ക് വന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പമ്പാ  നദി കരകവിഞ്ഞ് ഒഴുകിയതോടെ റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.