ലക്ഷദ്വീപില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Web Desk
Posted on October 17, 2019, 4:00 pm

തിരുവനന്തപുരം:  ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

ശ്രീലങ്കയുടെ വടക്ക് തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെ നീളുന്ന ന്യൂനമര്‍ദപാത്തി നിലവിലുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ലങ്കന്‍ തീരംമുതല്‍ ആന്ധ്രാതീരംവരെ കിഴക്കന് കാറ്റിന്റെ തരംഗപ്രവാഹവുമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയേറെയാണെന്ന് കാലാവസ്ഥ വകുപ്പ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് കേരളത്തില്‍ തുലാമഴക്കാലം.

you may aslo like this video