27 March 2024, Wednesday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

പാലക്കാട് റെഡ് അലര്‍ട്ട്: മഴക്കെടുതിയില്‍ ആറു പേര്‍ മരിച്ചെന്ന് സൂചന, മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി

Janayugom Webdesk
October 16, 2021 6:16 pm

സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ കനത്ത മഴയില്‍ മരണം അഞ്ചായി. തൊടുപുഴ‑കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടത്തില്‍പ്പെട്ട് മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂത്താട്ടുകുളം സ്വദേശിനി നിമയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ കോട്ടയത്ത് മഴക്കെടുതിയില്‍ മരിച്ച ഒരു കുട്ടിയുടെ മ‍തദേഹവും കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് കൂടി ജാഗ്രത നിര്‍ദ്ദേശം പ്രഖ്യാപിച്ചതോടുകൂടി സംസ്ഥാനത്ത് അലെര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ ആറായി.

മലയോര മേഖലയിൽ കൂടുതൽ സ്ഥലങ്ങളിൽ ഉരുൾ പൊട്ടൽ. കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടി മൂന്നു വീടുകള്‍ ഒലിച്ചു പോയി. 13 പേരെ കാണാതായതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.

 

ഇതിനു പിന്നാലെ കൂട്ടിക്കലിനു സമീപം ഇടുക്കി ജില്ലയില്‍ വീണ്ടും ഉരുള്‍ പൊട്ടി. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുള്‍ പൊട്ടിയത്. ഇവിടെയും 3 വീടുകള്‍ ഒലിച്ചു പോയതായി സംശയിക്കുന്നു. 10 പേരെ കാണാതായിട്ടുണ്ട്.

കെ.കെ റോഡിൽ വാഹന ഗതാഗതം നിരോധിച്ചു. പെന്തുവന്താനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ വെള്ളപ്പൊക്കത്തിൽ റോഡ് മുങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടിയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങ്ങിനാണ് സഹായം തേടിയത്. കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് സേന എത്തും.

മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മുണ്ടക്കയം ഇളംകാട്–വാഗമൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ലാത്തതിനാൽ ജീവാപായത്തെപ്പറ്റി ആശങ്കയില്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുകയാണ്. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിറങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.

കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടിയിലായി. മുണ്ടക്കയം–എരുമേലി റോഡിലെ കോസ് വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയം–എരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.

പൊന്തൻപുഴ രാമനായി ഭാഗത്ത് തോട്ടിൽനിന്നു വെള്ളം കയറിയതിനെ തുടർന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തിൽ ആളുകളെ മാറ്റാൻ സാധിച്ചിട്ടില്ല. സിഎസ്ഐ പള്ളിയുടെ അടുത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാരെ വരിക്കാനി എസ്എൻ സ്കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ ചോലത്തടം ഭാഗത്ത്‌ ഉരുൾ പൊട്ടിയതായി റിപ്പോർട്ടുണ്ട്. മന്നം ഭാഗത്ത്‌ ആൾ താമസം ഇല്ലാത്ത വീട് ഉരുൾപൊട്ടലിൽ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചനയുണ്ട്.

റാന്നിയിൽ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തയ്യാറെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നി എംഎൽഎയുടെ ഓഫീസിൽ  24 മണിയ്ക്കൂർ പ്രവർത്തിക്കുന്ന കൺട്രോൽ റൂം തുറന്നു.

നമ്പർ- 944 64 31 206

പോലീസ് , ഫയർഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ അടിയന്തിര യോഗം ചേരുന്നു. 
വിവിധ വകുപ്പുകളുടെ ഏകോപനം നടത്തും. ദുരിതാശ്വാസ ക്യാമ്പുകൾ ആവശ്യമുണ്ടെങ്കിൽ കോവിഡ് മാനദണ്ഡലങ്ങൾ  പാലിച്ച് ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് റവന്യു മന്ത്രിയുടെ ഓഫിസിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

8606883111
9562103902
9447108954
9400006700

ഫോൺ കോളിലോ വാട്‌സ്ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

 

Eng­lish sum­ma­ry: Rain in Ker­ala: Six dead, three bod­ies found

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.