Web Desk

കോട്ടയം

January 27, 2020, 6:05 pm

റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍: വണ്‍ മാന്‍ ഡൈസ് എ മില്യണ്‍ ടൈംസ് മികച്ച സിനിമ

Janayugom Online

മുന്ന് ദിവസമായി കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ നടന്ന രണ്ടാമത് റെയിന്‍ ഇന്റര്‍നാഷണല്‍ ഫിലിം നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു.ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റല്‍ എലിഫന്റ് അവാര്‍ഡിന് അമേരിക്കന്‍ സംവിധായിക ജെസീക്ക ഒറാക്ക്‌സിന്റെ വണ്‍ മാന്‍ ഡൈസ് എ മില്യണ്‍ ടൈംസ് എന്ന സിനിമ അര്‍ഹമായി. ഈ വിഭാഗത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായ ക്രിസ്റ്റല്‍ എലിഫന്റ് പുരസ്‌കാരത്തിന് മറാത്തി സംവിധായകന്‍ ആദിനാഥ് എം കോത്താറയുടെ പാനി എന്ന ചിത്രം അര്‍ഹമായി.

മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ക്രിസ്റ്റല്‍ ഹോണ്‍ബില്‍ പുരസ്‌കാരം കാനഡ സംവിധായിക റോഗ്രിയോ സോവാറിയോയുടെ റിവര്‍ സൈലന്‍സ് നേടി. മികച്ച ഷോട്ട് ഫിലിമിനുള്ള ക്രിസ്റ്റല്‍ ഔള്‍ പുരസ്‌കാരം ഫ്രഞ്ച് ചിത്രമായ ബെയര്‍ ഫൂട്ട്‌സ് നേടി. മികച്ച ഷോട്ട് ഫിലിമിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായ ക്രിസ്റ്റര്‍ ബട്ടര്‍ഫ്‌ളൈയ്ക്ക് ലെബനീസ് ചിത്രമായ ദി റൈഫിള്‍ ദി ജക്കാള്‍ ദി വൂള്‍ഫ് ആന്‍ഡ് ദി ബോയി എന്ന ചിത്രം അര്‍ഹമായി.

യുവജന വിഭാഗത്തില്‍ മികച്ച ചിത്രമായ ഗോള്‍ഡന്‍ ഔള്‍ പുരസ്‌കാരത്തിന് കോട്ടയം ചേര്‍പ്പുങ്കല്‍ ബി.വി.എം കോളജിലെ ജിഷാദ് മുഹമ്മദ് സംവിധാനം ചെയ്ത പരശു അര്‍ഹമായി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ഗോള്‍ഡന്‍ ഹോണ്‍ ബില്‍ പുരസ്‌കാരത്തിന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പുനര്‍ജനി അര്‍ഹമായി. ഡോക്യുമെന്ററി വിഭാഗത്തിലെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായ ക്രിസ്റ്റല്‍ ബട്ടര്‍ഫ്‌ളൈ പുരസ്‌കാരത്തിന് തൃശൂര്‍ സി.അച്യുതമേനോന്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നിള അര്‍ഹമായി.

കുട്ടികളുടെ വിഭാഗത്തില്‍ മികച്ച ചിത്രമായ സില്‍വര്‍ ഔള്‍ പുരസ്‌കാരത്തിന് കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ ആമയുടെ ലോകം അര്‍ഹമായി. ഈ വിഭാഗത്തിലെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരമായ ക്രിസ്റ്റല്‍ ബട്ടര്‍ഫ്‌ളൈ പുരസ്‌കാരത്തിന് കോഴിക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സി.ജിഷ്ണു നിര്‍മ്മിച്ച നനഞ്ഞ് അര്‍ഹമായി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള സില്‍വര്‍ ഹോണ്‍ ബില്‍ പുരസ്‌കാരത്തിന് പുതുപ്പള്ളി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആരോമല്‍ സാബു നിര്‍മ്മിച്ച ദ റിഥം ഓഫ് നേച്ചര്‍ അര്‍ഹമായി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഫെസ്റ്റിവല്‍ മുഖ്യരക്ഷാധികാരി മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജയരാജ്, ഫിലിം ഫെസ്റ്റിവല്‍ ജൂറി അംഗങ്ങളായ മറാത്തി സംവിധായിക സുമിത്രാ ഭാവേ , സ്‌പെയിനില്‍ നിന്നുള്ള ഖ്വാസി അബ്ദുള്‍ റെഹിം ജപ്പാനില്‍ നിന്നുള്ള ക്യോക്കോ ഡാന്‍ , പാബ്‌ളോ റാന്‍ ബാവ് ലു, ഷൈനി ബഞ്ചമിന്‍ , ത്രിപര്‍ണ ബാനര്‍ജി , അന്‍ഷുമാന്‍ ശേഖര്‍ , വനം വന്യജീവി ചലച്ചിത്രകാരന്‍ സുബ്ബയ്യ നല്ല മുത്തു, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായര്‍,കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍ , ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ , ഫിലിം ഫെസ്റ്റിവല്‍ ജോ.കണ്‍വീനര്‍, കെ കേശവന്‍, ഹൗസ് ബോട്ട് ഓണേഴ്‌സ് ഹണി ഗോപാല്‍ , സി.വി.എച്ച് ആര്‍ ഭാരവാഹി അരുണ്‍കുമാര്‍ , വനം വന്യജീവി ഫോട്ടോഗ്രാഫര്‍ ഡോ. അപര്‍ണ എന്നിവര്‍ പ്രസംഗിച്ചു.

Eng­lish Sum­ma­ry: Rain inter­na­tion­al film fes­ti­val 2020