ആവേശത്തോടെ വീണ്ടുമൊരു എല്‍ ക്ലാസിക്കോയെത്തിയപ്പോള്‍ റയല്‍ മാഡ്രിഡിന്റെ വലയില്‍ ബാഴ്സലോണ ഗോള്‍മഴ പെയ്യിച്ചു. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയം നേടിയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയിലായിരുന്നു മത്സരം.
ബാഴ്സലോണയുടെ 15-ാം സൂപ്പര്‍ കപ്പ് കിരീട നേട്ടമാണിത്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് കിരീടങ്ങളെന്ന നേട്ടവും ബാഴ്സ നിലനിര്‍ത്തി. ബാഴ്‌സ പരിശീലകനെന്ന നിലയില്‍ ഹാന്‍സി ഫ്ലിക്കിന്റെ ആദ്യ കിരീടമാണിത്. തുടര്‍ച്ചയായ മൂന്നാം തവണ സൂപ്പര്‍ കപ്പ് ഫൈനല്‍ കളിച്ച ബാഴ്‌സയുടെ രണ്ടാം കിരീടമാണിത്. രണ്ടു തവണയും റയല്‍ മഡ്രിഡ് ആയിരുന്നു എതിരാളികള്‍.
മത്സരം ആരംഭിച്ച് അഞ്ചാം മിനിറ്റിൽ ഫ്രഞ്ച് താരം കിലിയൻ എംബപ്പെയിലൂടെ റയൽ മുന്നിലെത്തിയെങ്കിലും വൈകാതെ ബാഴ്സ തിരിച്ചടി തുടങ്ങി. തുടരെ റയലിന്റെ ഗോൾവല നിറച്ച് ആധിപത്യമുറപ്പിച്ചു. 22-ാം മിനിറ്റിൽ ലാമിനെ യമാലിലൂടെയാണ് ബാഴ്സ സമനില ഗോൾ നേടിയത്. പിന്നാലെ എഡ്വേഡോ കമവിൻഗയുടെ പിഴവിൽ 36-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ഗോളാക്കിയതോടെ ബാഴ്സ മുന്നിലെത്തി. രണ്ടാം ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടല്‍ മാറും മുമ്പ് 39-ാം മിനിറ്റില്‍ റഫീഞ്ഞ്യ ബാഴ്സയുടെ ലീഡുയര്‍ത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അലയാന്‍ഡ്രോ ബാല്‍ഡേ കൂടെ സ്‌കോര്‍ ചെയ്തതോടെ 4–1ന് മുന്നിലെത്തിയ ബാഴ്സ ആദ്യ പകുതിക്ക് മുമ്പു തന്നെ മത്സരത്തിന്റെ വിധിയെഴുതിയിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍, 48-ാം മിനിറ്റില്‍ റഫീഞ്ഞ്യ തന്റെ രണ്ടാം ഗോളും നേടിയതോടെ റയല്‍ 5–1 എന്ന നിലയില്‍ പിന്നിലായി. ഇതിനിടെ, എംബാപ്പെയെ വീഴ്ത്തിയതിന് 56-ാം മിനിറ്റില്‍ ബാഴ്സ ഗോള്‍കീപ്പര്‍ വോയ്സെച് ഷെസ്നി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഈ ഫൗളിന് റഫറി വിധിച്ച ഫ്രീ കിക്ക് വലയിലാക്കി റോഡ്രിഗോ 60-ാം മിനിറ്റില്‍ റയലിന്റെ രണ്ടാം ഗോള്‍ നേടി. ഷെസ്‌നി ചുവപ്പുകാര്‍ഡ് കണ്ടു പോയതോടെ പത്തുപേരായി ചുരുങ്ങിയ ബാഴ്‌സ പിന്നീട് പ്രതിരോധത്തിലേക്ക് മാറി. എന്നാല്‍ ഈ പ്രതിരോധം പൊളിക്കാന്‍ റയലിനായില്ല. എല്‍ ക്ലാസിക്കോയുടെ ആവേശത്തോടെയെത്തിയ ആരാധകര്‍ക്ക് ബാഴ്സയുടെ വിശ്വരൂപം കാണാനായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.