September 26, 2022 Monday

മഴയ്ക്ക് ശമനമില്ല; കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു

Janayugom Webdesk
September 22, 2020 8:05 pm

ബംഗാൾ ഉൾക്കടലിൽ രുപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയ്ക്ക് ശമനമില്ല. കുട്ടനാട്ടിൽ രണ്ടര അടിയോളം ജലനിരപ്പ് ഉയർന്നു. ഇന്നലെ പുലർച്ചെ കാറ്റും ശക്തിയായ മഴയും അനുഭവപ്പെട്ടെങ്കിലും പിന്നീട് ആകാശം തെളിഞ്ഞു. ഉച്ചയോടെ വീണ്ടും കനത്ത മഴ പെയ്യാൻ തുടങ്ങി. മിക്ക സ്ഥലങ്ങളിലും മണിക്കൂറുകളോളം മഴ നീണ്ടുനിന്നു. മഴയ്ക്കൊപ്പം ശക്തിയായി വീശിയടിച്ച കാറ്റും ജനങ്ങളിൽ അമ്പരപ്പുണ്ടാക്കി. കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തിപ്രാപിച്ചതോടെ പമ്പാനദിയും അച്ചൻകോവിലാറും കരകവിഞ്ഞു. കുട്ടനാട്ടിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളിലും മുട്ടോളം വെള്ളമെത്തി.

ഇടറോഡുകൾ വെള്ളത്തിൽ മുങ്ങി. ഉൾപ്രദേശങ്ങളിലെ താമസക്കാർ കടുത്ത യാത്രദുരിതത്തിലായി തീർന്നു. രണ്ടാംകൃഷിയില്ലാത്ത പാടത്തെ പുറംബണ്ടുകളിൽ ഒറ്റപ്പെട്ടു താമസിക്കുന്നവർക്കാണ് ദുരിതം ഇരട്ടിച്ചത്. മുട്ടാർ, തലവടി, നിരണം, തകഴി പ്രദേശത്ത് മിക്ക സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി. തകഴിയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ക്യാമ്പുകൾ തുറക്കാനും കഴിയാത്ത സാഹചര്യമാണ്.

കുന്നുമ്മ പ്രദേശം റെഡ്സോണിൽ പെട്ടതായതിനാൽ ഈ പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാർപ്പിക്കാനും സാധ്യമല്ല. ഓണസീസൺ കഴിഞ്ഞ് ആരംഭിച്ച കരകൃഷികൾ മിക്കയിടത്തും വെള്ളത്തിലായി. രണ്ടാംകൃഷി ചെയ്യുന്ന പാടത്തും മഴവെള്ളം കെട്ടികിടക്കുകയാണ്. മഴ നീണ്ടുനിന്നാൽ രണ്ട് ദിവസത്തിനുള്ളിൽ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശവും വെള്ളത്തിലാകാനാണ് സാധ്യത.

eng­lish sum­ma­ry; rain updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.