ബ്ലാക്ക് ഹോള്‍ ടെലിസ്‌കോപ്പ്: ഊര്‍ജ്ജതന്ത്രം നൊബേല്‍ മൂന്നു പേര്‍ക്ക്

Web Desk
Posted on October 03, 2017, 11:46 pm

വെയിസിനു പകുതി തുക, തോണിനും ബാരീഷിനും മറുപകുതി

പ്രപഞ്ചോല്‍പ്പത്തിയ്ക്ക് നിര്‍ണായക വഴിത്തിരിവുകളാകാവുന്നവിധം ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടുപിടിച്ച മൂന്ന് അമേരിക്കന്‍ ഊര്‍ജ്ജ തന്ത്ര ശാസ്ത്രജ്ഞര്‍ക്ക് ഊര്‍ജ്ജതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം- റെയ്‌നര്‍ വെയ്‌സ്, ബാരി സി ബാരിഷ്, കിപ് എസ് തോണ്‍ എന്നിവര്‍ക്ക്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരു നൂറ്റാണ്ടുമുമ്പ് പ്രവചിച്ച തന്റെ ആപേക്ഷിക സിദ്ധാന്തത്തില്‍ വിവരിക്കുന്ന തരംഗങ്ങളെ ഭൗതിമായി അളക്കാന്‍ കഴിയുന്ന നിരീക്ഷണ യന്ത്രമായ LIGOയ്ക്ക് ഇവര്‍ നിര്‍ണായക സംഭാവന നല്‍കി.
പ്രപഞ്ചത്തിന്റെ സ്ഥലകാലത്തിന്മേല്‍ സംഭവിക്കുന്ന ഓളങ്ങളാണ് ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍. അത് പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന അന്ത്യന്തം പ്രക്ഷുബ്ധവും ഊര്‍ജ്ജസ്വലവുമായ പ്രക്രിയയാണെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (cal­tech) പറയുന്നു.

https://www.youtube.com/watch?v=8XYLzM5x7g0

ഏറ്റവും ശക്തിമത്തായ ഊര്‍ജ്ജ തരംഗങ്ങള്‍ ജനിക്കുന്നത് തമോഗര്‍ത്തങ്ങള്‍ തമ്മിലിടിക്കുന്നതുപോലുള്ള സന്ദര്‍ഭങ്ങളിലാണ്. ലിഗോ ഡിക്ടെറ്ററിനെ ബ്ലാക്ക് ഹോള്‍ ടെലിസ്‌കോപ്പെന്ന് വിളിക്കാം. ഇതുവരെ ശാസ്ത്രലോകത്തിന് കാണാന്‍ കഴിയാതിരുന്നത് ഇതുവഴി കാണും.

2015 സെപ്റ്റംബര്‍ 14ന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ആദ്യമായി രേഖപ്പെടുത്തിയാതി നൊബേല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരു നൂറ്റാണ്ടുമുമ്പു പ്രവചിച്ച തരംഗങ്ങള്‍ രണ്ട് തമോഗര്‍ത്തങ്ങള്‍ കൂട്ടിയിടിച്ചുണ്ടായതാണ്. ആയിരത്തി മുന്നൂറു കോടി വര്‍ഷങ്ങളെടുത്തു യുഎസിലെ ലിഗോ ഡിക്ടറ്ററില്‍ ഈ തരംഗം എത്താന്‍.
ഭൂമിയിലെത്തുമ്പോള്‍ ഈ സിഗ്നല്‍ അങ്ങേയറ്റം ദുര്‍ബലമായിരുന്നു. എന്നാല്‍ ഇത് ആസ്‌ട്രോ ഫിസിക്‌സില്‍ വലിയൊരു വിപ്ലവമാണ് — കമ്മിറ്റി പറഞ്ഞു.
ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പ്രപഞ്ചത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ സംഭവങ്ങളെ പരീക്ഷിക്കുന്നതിനും നമ്മുടെ അറിവിന്റെ പരിമിതകള്‍ ബോധ്യപ്പെടുന്നതിനുമുള്ള പുതിയ മാര്‍ഗ്ഗമാണ്.
അവാര്‍ഡ് തുകയുടെ പകുതി മസ്സാച്യുസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വെയ്‌സിനും മറുപകുതി cal­techലെ ബാരിഷിനും തോണിനും ലഭിക്കും.
ഈ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ നാലുപതിറ്റാണ്ടായി ആയിരം ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിച്ചതായി വെയ്‌സും നൊബേല്‍ സമിതിയും പറഞ്ഞു.