മഴക്കണക്കില്‍ റെക്കോഡിട്ട് സെപ്തംബര്‍, തുലാവര്‍ഷവും കനക്കുമെന്ന് പ്രവചനം

സുരേഷ് എടപ്പാള്‍

മലപ്പുറം

Posted on September 23, 2020, 7:07 pm

മഴക്കണക്കില്‍ ഈ സെപ്റ്റംബര്‍ പുതിയ ചരിത്രം കുറിച്ചതിനു പിന്നാലെ അടുത്തമാസം മുതലാരംഭിക്കുന്ന തുലാവര്‍ഷം കേരളത്തില്‍ മികച്ചതാവുമെന്ന സൂചനയും കാലാവവസ്ഥ ഗവേഷണ വിഭാഗം നല്‍കുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്റ്റംബര്‍ എന്ന റെക്കോര്‍ഡ് 2020നു സ്വന്തമായി കഴിഞ്ഞു. 2007 പെയ്ത 550.2 മില്ലിമീറ്റര്‍ എന്ന റെക്കോര്‍ഡാണ് ഇത്തവണ മറികടന്നത്. സെപ്റ്റംബര്‍ അവസാനിക്കാന്‍ 6 ദിവസം കൂടി ബാക്കി നില്‍ക്കെ ഇതുവരെ ഈ സെപ്റ്റംബറില്‍ പെയ്തത് 567.9 മില്ലിമീറ്റര്‍ മഴ. കഴിഞ്ഞ 70 വര്‍ഷത്തെ ചരിത്രത്തില്‍ ആകെ മൂന്ന് വര്‍ഷങ്ങളിലാണ് സെപ്റ്റംബറില്‍ 500 മില്ലിമീറ്റര്‍ കൂടുതല്‍ മഴ ലഭിച്ചത്. 1998 ല്‍ 518 എം എം 2007ല്‍ 550.2 എം എം.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ ലഭിക്കേണ്ട ശരാശരി മഴ 259.6 മില്ലിമീറ്ററാണ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ 13 തവണയും കേരളത്തില്‍ ശരാശരിക്ക് മുകളില്‍ മഴ ലഭിച്ചു. അതില്‍ തന്നെ 6 തവണ 400 മില്ലിമീറ്റര്‍ കൂടുതല്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ഓഗസ്റ്റ് റെക്കോര്‍ഡ് ഇപ്പോള്‍ 2019 ലെയാണ്. 951 മില്ലി ലിറ്റര്‍ മഴയാണ് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ ലഭിച്ചത്. സംസ്ഥാനത്ത് ഇത്തവണ തുലാവര്‍ഷവും കനക്കുമെന്നാണ് സൂചന. സാധാരണനിലയിലും മികച്ച തുലാവര്‍ഷം ഇത്തവണ ഉണ്ടാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥകേന്ദ്രത്തിന്റെ നിഗമനം.

ഓഗസ്റ്റ് മാസത്തിലെ അന്തരീക്ഷ സ്ഥിതി പ്രകാരം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കാലാവസ്ഥ മോഡല്‍ കേരളത്തില്‍ ഇത്തവണ ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന തുലാവര്‍ഷം മികച്ചതാവുമെന്ന് പ്രവചിക്കുന്നു. വടക്കന്‍ കേരളത്തിലാണ് തുലാവര്‍ഷമഴ കൂടതല്‍ ലഭിക്കാന്‍ സാധ്യത ഒക്ടോബര്‍ മാസത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ സാധാരണയെക്കാള്‍ കുറവ് മഴ പ്രവചിക്കുമ്പോള്‍ മധ്യ വടക്കന്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ സാധ്യത. നവംബര്‍ മാസത്തില്‍ കേരളം മൊത്തത്തില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴ സാധ്യത സൂചന നല്‍കുമ്പോള്‍ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ കുറവ് മഴ പ്രവചിക്കുന്നു.

അതേസമയം അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സി (സി പി സി), കൊറിയര്‍ കാലാവസ്ഥ ഏജന്‍സി (എ പി സി സി) എന്നിവ സംസ്ഥാനത്ത് സാധാരണയോഅതില്‍ കുറവോ തുലാമഴയാണ് പ്രവചിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സി (ഇ സി എം ഡബ്ല്യു എഫ്), ബ്രിട്ടന്റെ കാലാവസ്ഥ ഏജന്‍സി (യു തെ മെറ്റ് ഓഫീസ്) എന്നിവ ഇത്തവണ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ഉണ്ടാകുമെന്ന് പറയുന്നു.

ഇത്തവണ കേരളത്തില്‍ തുലാവര്‍ഷം സാധാരണയില്‍ കുറയാന്‍ സാധ്യതയെന്ന് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സിയായ (ജെ എ എം എസ് ടി ഇ സി)യും സ്വകാര്യ അന്താരാഷ്ട്ര കാലാവസ്ഥ ഏജന്‍സിയായ അക്കു വെതറും പ്രവചിക്കുന്നു. ഈ പ്രവചനങ്ങള്‍ പൂര്‍ണ്ണമായും ശരിയാകണമെന്നില്ലെങ്കിലും കാര്യങ്ങള്‍ ഏറെക്കുറെ ഈ നിലയില്‍ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

Eng­lish sum­ma­ry; Rain­fall is fore­cast to be heav­ier in September

You may also like this video;