20 April 2024, Saturday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

മഴക്കെടുതി: ദുരിതബാധിതരുടെ നഷ്ടങ്ങൾ സർക്കാർ പരിഹരിക്കും

Janayugom Webdesk
തിരുവനന്തപുരം
October 25, 2021 10:42 pm

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഒന്നുമില്ലാത്ത വിധത്തിലുള്ള മഴ ദുരന്തമാണ് ഒക്ടോബർ 16ന് കേരളത്തിലുണ്ടായതെന്ന് റവന്യു മന്ത്രി കെ രാജൻ നിയമസഭയെ അറിയിച്ചു. മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ സാധ്യമായ എല്ലാ പ്രവർത്തനവും രാപകലില്ലാതെ കൃത്യതയോടെ ചെയ്യാൻ സർക്കാരിനു കഴിഞ്ഞു. ദുരന്തബാധിതർക്ക് ഉണ്ടായ എല്ലാവിധ നഷ്ടങ്ങളും പരിഹരിക്കാൻ സർക്കാര്‍ മുന്നിലുണ്ടാകും. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ അവകാശികള്‍ക്കും, പരിക്കുകള്‍ സംഭവിച്ചവര്‍ക്കും, വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും, കൃഷിനാശം സംഭവിച്ചവര്‍ക്കും, കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്കും, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കും മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാര തുക അടിയന്തരമായി നല്‍കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിലുപരിയായി കൂടുതല്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും. ദുരന്തത്തെ രാഷ്ട്രീയമായി കാണാനും ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളിലേക്കു വലിച്ചിഴയ്ക്കാനും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി റവന്യു മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചയുടൻ സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും ദുരന്തനിവാരണ അതോറിറ്റിയും ജനപ്രതിനിധികളും വളരെ കാര്യക്ഷമതയോടെ പ്രവർത്തിച്ചു. അപ്രതീക്ഷിതമായി ഉണ്ടായ പ്രളയ ദുരന്തത്തില്‍ വിലപ്പെട്ട 55 ജീവനുകളാണ് നഷ്ടമായതെന്നും റവന്യു മന്ത്രി പറഞ്ഞു. 2018, 2019 വർഷങ്ങളിലുണ്ടായ മഹാ പ്രളയങ്ങളുടെ പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇനിയൊരു പ്രളയം ഉണ്ടായാല്‍ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടി ശാസ്ത്രീയമായും ഗൗരവമായ നടപടികളാണ് കഴിഞ്ഞ രണ്ടു വര്‍ഷക്കാലവും സർക്കാർ നടത്തിയത്.

ഈ മഴക്കാലത്തിനും അപ്രതീക്ഷിതമായി പെയ്യുന്ന മഴയും നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളുടെയും ദേശീയസംസ്ഥാന രക്ഷാസേനകളുടെയും യോഗം വിളിച്ച് ചേർക്കുകയും സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തിരുന്നു. തയാറെടുപ്പിന്റെ ഭാഗമായി സംസ്ഥനത്ത് ആവശ്യമായ കേന്ദ്ര സേനകളുടെ വിന്യാസം സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും റവന്യു മന്ത്രി പറഞ്ഞു.

ഒക്ടോബർ 16ന് ദുരന്തം വിതച്ച കൂട്ടിക്കലിലും കൊക്കയാറിലുമടക്കം കേരളത്തിൽ മറ്റൊരിടത്തും പകൽ 10 മണി വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടോ നൽകിയിരുന്നില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഗ്രീൻ അലർട്ടും ഇടുക്കിയിൽ യെല്ലോ അലർട്ടും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഈ മൂന്നു ജില്ലകളിലും അപകട മേഖലകളിൽ മണിക്കൂറുകൾക്കുള്ളിൽ ഏറ്റവും അപകടകരമായ മഴയാണ് പൊടുന്നനെ ഉണ്ടായത്. അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും വിവിധ തലങ്ങളിലുള്ള ആഗോള കാലാവസ്ഥാ മോഡലുകളുടെ പ്രവചനത്തിൽവന്ന അറിയിപ്പുകൾക്കും വിരുദ്ധമായി വന്ന സംഭവമാണ് ദുരന്തമേഖലകളിൽ ഉണ്ടായത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ (ഐഎംഡി) അല്ലാതെ മറ്റൊരു സ്വകാര്യ ഏജൻസിയേയും കൃത്യതയോടെ ആശ്രയിക്കാന്‍ കഴിയില്ല.

ഉരുൾപൊട്ടലിന്റെ ഭൂപടം പുനർനിർണയിക്കേണ്ടതുണ്ടെന്നും ഉരുൾപൊട്ടലിന്റെ ഭൂപടം പുതുക്കി നിശ്ചയിക്കണമെന്നും റവന്യു മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രം നൽകിയ റിപ്പോർട്ടിൽ ദുരന്തമുണ്ടായ രണ്ടു സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റണമെന്ന മുന്നറിപ്പ് ലഭിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ അണക്കെട്ടുകളുടെ പ്രവർത്തനം വിദഗ്ധസംഘം കൃത്യതയോടെ പരിശോധിച്ച് നടപടിയെടുത്തതിനാൽ ഓരോ ഡാമുകളും തുറന്നുവിട്ടപ്പോൾ യാതൊരുവിധ അപകടവും ഉണ്ടാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തി. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനം വൻ വിജയമായിരുന്നു. കക്കി ഡാം തുറന്നപ്പോൾ കുട്ടനാട്ടിൽ ഉണ്ടാകുമായിരുന്ന അപകടങ്ങളെ തരണം ചെയ്യാനും കഴിഞ്ഞു.

റവന്യു മന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ എം ബി രാജേഷ് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

 

Eng­lish Sum­ma­ry: Rain­fall: The gov­ern­ment will repair the loss­es of the victims

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.