നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

Web Desk

നെടുങ്കണ്ടം

Posted on July 03, 2019, 10:27 am

പീരുമേട് സബ്ജയിലില്‍ കസ്തൂരിഭവനില്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം എസ്‌ഐയായിരുന്ന കെ.എ. സാബു, സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി എന്നിവര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ചാണ്  രാവിലെ ഇവരുവരെയും അറസ്റ്റു ചെയ്തത്. കസ്റ്റഡി മര്‍ദ്ദനത്തിനാണ് അറസ്റ്റ്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇരുവര്‍ക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. തൂക്കുപാലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കെ രാജ്കുമാര്‍ മരിച്ചത്. അറസ്റ്റിനെ തുടർന്ന് എസ്  ഐ കെ.എ. സാബു കുഴഞ്ഞുവീണു.

കസ്റ്റഡിയിലായിരുന്ന രാജ്കുമാറിന് ക്രൂര  മര്‍ദമേറ്റിരുന്നതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇയാളുടെ ഇരുകാലുകളുടെയും മുട്ടിനുതാഴെ 32 മുറിവുകള്‍ കാണപ്പെട്ടിരുന്നു. കാല്‍വെള്ള തകര്‍ന്ന നിലയിലായിരുന്നു. ഇടതുകാലിന്റെയും കാല്‍വിരലുകളുടെയും അസ്ഥികള്‍ പൊട്ടിയിരുന്നു. രണ്ടു കാലുകളുടെയും തുടയിലെ പേശികള്‍ വിട്ടുമാറിയിരുന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.  സംഭവത്തില്‍ എസ്‌ഐ കെ.എ. സാബു, എഎസ്‌ഐ സി.ബി. റെജിമോന്‍, ഡ്രൈവര്‍മാരായ നിയാസ്, സജീവ് ആന്റണി എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തതിരുന്നു. നെടുങ്കണ്ടം എച്ച്എസ്ഒ റെജി എം. കുന്നിപ്പറന്പില്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.  കസ്റ്റഡി മരണത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യ മന്ത്രി നിയമസഭയിൽ വ്യകതമാക്കിയിരുന്നു.