20 April 2024, Saturday

Related news

December 13, 2022
June 30, 2022
May 25, 2022
May 24, 2022
May 24, 2022
May 24, 2022
May 24, 2022
May 23, 2022
May 23, 2022
May 23, 2022

പ്രോസിക്യൂഷന്‍ പാടവത്തിന്റെ ‘രാജ് ടച്ച്’

സ്വന്തം ലേഖകന്‍
കൊല്ലം
May 24, 2022 9:52 pm

കേസ് നടത്തിപ്പിലെ പരിചയ സമ്പന്നത മാത്രമല്ല, നീതി നിര്‍വഹണത്തിലെ സാമൂഹ്യ പ്രതിബദ്ധത ഉറപ്പാക്കല്‍ കൂടിയാണ് ജി മോഹന്‍രാജ് എന്ന അഭിഭാഷകനെ വ്യത്യസ്തനാക്കുന്നത്. വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് തടവ് ശിക്ഷ ലഭിച്ചതോടെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ഏറ്റെടുത്ത കേസുകളെല്ലാം വിജയത്തിലെത്തിക്കാന്‍ കഴി‌ഞ്ഞെന്ന റിക്കാര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തുന്നത്, പ്രമാദമായ കേസുകള്‍ ഒന്നൊന്നായി മോഹന്‍രാജിനെ ഏല്‍പ്പിക്കാന്‍ പൊലീസിന് പ്രേരകമാകുന്നതും ഈ സവിശേഷതയാണ്. കുറ്റവാളികള്‍ക്ക് കല്‍ത്തുറുങ്ക് ഉറപ്പാക്കാന്‍ കേസിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ യാതൊരു മടിയും അഡ്വ. മോഹന്‍രാജ് കാട്ടാറില്ല. കല്ലുവാതുക്കല്‍ മദ്യദുരന്തകേസില്‍ ആല്‍ക്കഹോളിന്റെ പ്രതിപ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞതാണ് ആ കേസിലെ വിജയം.

ഉത്ര വധക്കേസിലാകട്ടെ ഹെര്‍പ്പറ്റോളജിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങള്‍ ഇഴപിരിച്ചെ‍ടുക്കാന്‍ മാസങ്ങളോളമാണ് അദ്ദേഹം ചിലവിട്ടത്. അഡ്വ. മോഹന്‍രാജിന്റെ നിയമപാടവം കണ്ടറിഞ്ഞവരാണ് മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ മുതല്‍ റൂറല്‍ എസ്‌പിയായിരുന്ന ഹരിശങ്കര്‍ വരെ. വെല്ലുവിളി ഉയര്‍ത്തുന്ന കേസുകള്‍ പൊലീസ് അന്വേഷിക്കുമ്പോഴെല്ലാം അതിലെ വാദമുഖങ്ങള്‍ കോടതിയില്‍ നിരത്താന്‍ മോഹന്‍രാജിനെ ഏര്‍പ്പെടുത്താനാണ് പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് പ്രഥമപരിഗണന നല്‍കുന്നത്. പിതാവ് അഡ്വ. പുത്തൂര്‍ ഗോപാലകൃഷ്ണന്റെ അനുഗ്രഹാശിസുകളോടെ അഭിഭാഷക കുപ്പായമണിഞ്ഞ അഡ്വ. മോഹന്‍രാജിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പ്രമാദമായ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ അസി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറായാണ് തുടക്കം.

കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പ്രോസിക്യൂഷന്റെ അമരക്കാരനായി. ആവണീശ്വരം മദ്യദുരന്തക്കേസ്, പാരിപ്പള്ളിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ ആട് ആന്റണി പ്രതിയായ കേസ്, ഇറ്റാലിയന്‍ കടല്‍ക്കൊല, കോട്ടയം എസ്‌എംഇ കോളജ് റാഗിംഗ് കേസ്, അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്, കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ സംഭവം തുടങ്ങി എണ്ണമറ്റ കേസുകളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. ഉത്ര വധക്കേസില്‍ പ്രതിക്ക് ഉചിതമായ ശിക്ഷ ഉറപ്പാക്കാന്‍ അഡ്വ. മോഹന്‍രാജിന് കഴിഞ്ഞു. ഉത്ര കേസില്‍ പ്രോസിക്യൂട്ടറായിരിക്കുമ്പോഴാണ് വിസ്മയ കേസിലെ പ്രോസിക്യൂട്ടറായി അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിച്ചത്. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലും അഡ്വ. മോഹന്‍രാജാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.

 

തികഞ്ഞ സംതൃപ്തി: ഡിവൈഎസ്‌പി രാജ്‌കുമാര്‍

 

കൊല്ലം: വിധിയില്‍ തികഞ്ഞ സംതൃപ്തിയാണുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്‌പി പി രാജ്‌കുമാര്‍. ദക്ഷിണ മേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്‌പി രാജ്‌കുമാറാണ് വിസ്മയ കേസ് അന്വേഷണം റിക്കാര്‍ഡ് സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. അന്വേഷണ ചുമതല ഏറ്റെടുത്ത് 80ാം ദിവസം കോടതിയില്‍ കുറ്റപത്രം നല്‍കി. പ്രതി കിരണ്‍കുമാറിനെതിരായ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചതാണ് കേസ് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞത്. വിസ്മയ തൂങ്ങിമരിക്കാന്‍ കാരണക്കാരന്‍ കിരണ്‍ തന്നെയെന്ന് ഉറപ്പാക്കുന്ന തെളിവുകള്‍ കുറ്റപത്രത്തിലുണ്ടായിരുന്നു. ഏറെ ക്ലേശിച്ചാണ് ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചത്. സൂര്യനെല്ലിക്കേസില്‍ ഒളിവില്‍ പോയ മുഖ്യ പ്രതി ധര്‍മ്മരാജനെ കര്‍ണാടകത്തിലെ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടി മികവ് തെളിയിച്ച ഉദ്യോഗസ്ഥനാണ് രാജ്‌കുമാര്‍. ജീപ്പില്‍ ചെളി വാരിപ്പൂശി രണ്ട് പൊലീസുകാരെ മാത്രം ഒപ്പം കൊണ്ടുപോയാണ് ഓപ്പറേഷന്‍ രാജ്‌‌കുമാര്‍ പൂര്‍ത്തിയാക്കിയത്. ഡിവൈഎസ്‌പിമാരുടെ സ്ഥലംമാറ്റ ലിസ്റ്റില്‍ രാജ്‌കുമാര്‍ ഉള്‍പ്പെട്ടിട്ടും വിസ്മയ കേസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതി വിധി പറയുന്നതുവരെ അതേ ലാവണത്തില്‍ തുടരാനനുവദിച്ചത് സ്ത്രീസുരക്ഷയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമായെടുത്തുകാട്ടാം.

Eng­lish Sum­ma­ry: Case his­to­ry of Vis­maya Case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.