വെളിച്ചം നല്‍കിയ നായകന്‍ വീണ്ടും കാടിന്റെ മക്കളോടൊപ്പം

Web Desk
Posted on April 12, 2019, 8:44 pm
തൃശൂര്‍: പതിറ്റാണ്ടുകളുടെ ഇരുളില്‍ വെളിച്ചം നല്‍കിയ നായകന്‍ വീണ്ടുമെത്തിയപ്പോള്‍ അവരുടെ കണ്ണുകളില്‍ തിളക്കം, വാക്കുകളില്‍ ആഹ്‌ളാദം. ഒല്ലൂര്‍ മണ്ഡലത്തില്‍ എംഎല്‍എ ആയിരിക്കെ 2010 ല്‍ വൈദ്യുതി വെളിച്ചം എത്തിച്ചുകൊടുത്ത ഒളകരയിലെ ആദിവാസി ഊരുകളാണ് രാജാജി മാത്യു തോമസിനെ ഇന്നലെ വരവേറ്റത്. സിറ്റിങ്ങ് എംപി സിഎന്ന ജയദേവന്‍ ഫണ്ട് അനുവദിച്ച പാലവും രാജാജിയോടൊപ്പമുണ്ടായിരുന്ന നിലവിലെ എംഎല്‍എ കെരാജന്‍ ആദിവാസികളക്ക് ഭൂമി ലഭ്യമാക്കാന്‍ നടത്തുന്ന ശ്രമവും ആയപ്പോള്‍ പ്രിയനേതാക്കളെ വരവേല്‍ക്കാന്‍ കാടിന്റെ മക്കള്‍ക്ക് അതിയായ സന്തോഷം.
ആദിവാസികള്‍ ഒരു സമൂഹമെന്ന നിലയില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഭൂമി, വനത്തിലുള്ള അവകാശം, സാമൂഹികസുരക്ഷ തുടങ്ങിയവ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പിന്നോക്കാവസ്ഥയും ഇനിയും പരിഹരിക്കപ്പെടാനുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ ആദിവാസികളുടെ ക്ഷേമത്തിനും വികസനത്തിനുമായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതാണ് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത്. ഒളകരയിലും അത് കാണാനായി.  അവരെ നേരിട്ട് കാണുക, അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുക എന്ന ഉത്തരവാദിത്തത്തോടെയാണ് രാജാജി കോളനിയിലെത്തിയത്.  വനത്തില്‍നിന്നും ശേഖരിക്കുന്ന വിലപിടിച്ച ഒരു കുപ്പി തേന്‍ സമ്മാനിച്ചാണ് സ്ഥാനാര്‍ത്ഥിയെയും സംഘത്തെയും യാത്രയാക്കിയത്.
ഒളകര ആദിവാസികളുടെ ഭൂമിപ്രശ്‌നം പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അന്നത്തെ ജില്ലാ കളക്ടര്‍ എ. കൗശിഗനും സംഘവും നേരിട്ട് എത്തിയിരുന്നു.  41 കുടുംബങ്ങളാണ് കോളനിയില്‍ ഉള്ളത്. ജില്ലയിലെ ഇതര ഭാഗങ്ങളിലെ ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം നിയമാനുസൃത ഭൂമി ലഭിച്ചിരുന്നെങ്കിലും പീച്ചി വന്യജീവി സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന ഒളകര നിവാസികള്‍ക്ക് ഭൂമി ഒന്നും ലഭിച്ചില്ല. പീച്ചി അണക്കെട്ടിന്റെ നിര്‍മാണ സമയത്ത് മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവരാണ് ഒളകരയിലുള്ളത്. കഴിഞ്ഞ വര്‍ഷം കോളനി നിവാസികള്‍ വനം കൈയേറി എന്നാരോപിച്ച് വനം വകുപ്പ് അധികൃതര്‍ കൃഷി നശിപ്പിച്ചിരുന്നു.  തുടര്‍ന്ന് കെ രാജന്‍ എംഎല്‍എ ഇടപെട്ട് ഇവരുടെ പ്രതിനിധികള്‍ വനംറവന്യൂ വകുപ്പു മന്ത്രിമാരുമായി പിന്നീട് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് സ്ഥലം പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് ആവശ്യപ്പെട്ടത്.
കാഞ്ഞാണിയിയല്‍ നടന്ന നെല്‍കര്‍ഷകസംഗമത്തില്‍ പങ്കെടുത്ത ശേഷമാണ് രാജാജി ഒളകര, മണിയന്‍കിണര്‍, പൂവന്‍ച്ചിറ, പയ്യനം, താമരവെള്ളച്ചാല്‍, വേല്ലൂര്‍, പഴവെള്ളം ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചത്. വാഹനങ്ങളുടെ അകമ്പയില്ലാതെ സ്വാഭാവികമായ ഒരു സന്ദര്‍ശനം.  വര്‍ഷങ്ങളായി തന്നെ അറിയുന്നവരാണ് ഒളകരയിലും മണിയന്‍ കിണറിലുമുള്ളത്. ഒല്ലൂരിലെ എംഎല്‍എ ആയിരുന്നപ്പോഴും ഊരുനിവാസികളുമായി ആത്മബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് അവിടെയെത്തിയ രാജാജിയെ വീട്ടിലെ ഒരംഗത്തേപ്പോലെ തലമുറഭേദമില്ലാതെ ആദിവാസികള്‍ സ്വീകരിച്ചത്. കുറച്ചധികം നേരം അവരുമായി ചെലവഴിച്ചു. കുറെയേറെ സംസാരിച്ചു.  മണിയന്‍ കിണര്‍ ആദിവാസി കോളനിയിലെത്തിയപ്പോള്‍ ചുവന്ന മാലകളും പൂക്കളുമായിട്ടായിരുന്നു സ്വീകരണം. കെ രാജന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.