കുര്യന്‍റെ മനസിലിരിപ്പ് കുട്ടനാടല്ല നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ്

Web Desk
Posted on September 08, 2018, 10:29 pm

രാജാജി മാത്യു തോമസ്

”കുട്ടനാട്ടിലെ നെല്‍കൃഷി നഷ്ടമാണ്. അതേപ്പറ്റി പുനര്‍വിചിന്തനം നടത്തുന്നത് ഉചിതമാണ്. സബ്‌സിഡിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ നെല്‍കൃഷിയില്‍ നിന്ന് വരുമാനം ഒന്നുമില്ല. നഷ്ടക്കച്ചവടമാണ്. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിച്ചത് നെതര്‍ലെന്റുകാരാണ്. അവര്‍ സ്വന്തം രാജ്യത്ത് ബണ്ടുകള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ട് ഉള്‍പ്പെടെ പൊളിച്ചുനീക്കണം. കുട്ടനാട്ടിലും മലയോരത്തും പ്രകൃതി ഒരു ബ്ലോക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനനുസരിച്ചുവേണം പ്രവര്‍ത്തിക്കാന്‍.”

”കുട്ടനാട്ടില്‍ കഴിഞ്ഞവര്‍ഷം നെല്‍കൃഷി വര്‍ധിപ്പിച്ചിരുന്നു. നെല്‍കൃഷി വര്‍ധിപ്പിക്കുന്നത് മോക്ഷം കിട്ടുന്നതുപോലെയാണ് ചിലര്‍ കൊണ്ടുനടക്കുന്നത്. കുട്ടനാട്ടില്‍ മത്സ്യകൃഷി, കുടിവെള്ളം, വിനോദസഞ്ചാരം എന്നിവയ്ക്കു പ്രാധാന്യം നല്‍കണം.”

മേല്‍പറഞ്ഞ അഭിപ്രായങ്ങള്‍ ഏതെങ്കിലും ‘തലതിരിഞ്ഞ’ പരിസ്ഥിതി പ്രവര്‍ത്തകന്റേതല്ല. മറിച്ച് കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റേതാണ്. കേരള സര്‍ക്കാരിന്റെ നയപരിപാടികള്‍ നടപ്പാക്കാന്‍ ബാധ്യസ്ഥനായ ഉന്നത ഉദ്യോഗസ്ഥനാണ് അദ്ദേഹം. വേണ്ടത്ര ആലോചനകൂടാതെ എന്തെങ്കിലുമൊക്കെ വിളിച്ചുപറയാന്‍ അദ്ദേഹം ധൈര്യപ്പെടുമെന്ന് കരുതാനാവില്ല. സര്‍ക്കാരിന്റെയും അതിനു നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും നയങ്ങള്‍ക്ക് വിരുദ്ധമാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍. മാത്രമല്ല, പ്രത്യക്ഷമായി ഒരു മുന്‍ മന്ത്രിയേയും പരോക്ഷമായി കേരളത്തിന്റെ ഒരു മന്ത്രിയേയും അധിക്ഷേപിക്കുന്നതരത്തിലുള്ള വിമര്‍ശനത്തിനും കുര്യന്‍ മടിച്ചില്ല. അദ്ദേഹം ഈ അഭിപ്രായം ഗവണ്‍മെന്റിനെയും മന്ത്രിമാരെയും നേരിട്ട് അറിയിച്ചിട്ടുണ്ടോ എന്നറിയില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ സര്‍ക്കാരിനുതന്നെ അധിക്ഷേപകരമായ അഭിപ്രായപ്രകടനത്തെപ്പറ്റി ചിന്തിക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും ഭരണാധികാരികള്‍ തന്നെയാണ്.

ജനസംഖ്യാവര്‍ധനവിനും വര്‍ധിച്ചുവരുന്ന ഭക്ഷ്യാവശ്യത്തിനും വേണ്ടി വേമ്പനാട് കായല്‍ കൃഷിഭൂമിയാക്കി മാറ്റിയതും പശ്ചിമഘട്ട മലയോരങ്ങളില്‍ കുടിയേറ്റം പ്രോത്സാഹിപ്പിച്ച് കൃഷിയിടങ്ങളും തോട്ടങ്ങളാക്കി മാറ്റിയതുമെല്ലാം കേരള ചരിത്രത്തിന്റെ ഭാഗമാണ്. അവയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും അശാസ്ത്രീയതയുമെല്ലാം സമകാലിക കേരള സാമ്പത്തിക, രാഷ്ട്രീയ, പാരിസ്ഥിതിക വ്യവഹാരത്തിലെ സജീവ ചര്‍ച്ചാവിഷയങ്ങളുമാണ്. എന്നാല്‍, കുട്ടനാട്ടിലെ നെല്‍കൃഷിയുടെ ലാഭനഷ്ടക്കണക്കുകളും തണ്ണീര്‍മുക്കം ബണ്ട് തകര്‍ത്ത് നദീജല പ്രവാഹം സുഗമമാക്കുന്നതിനെപ്പറ്റിയുള്ള കുര്യന്റെ വീണ്ടുവിചാരവും അനവസരത്തിലുള്ളതും സമകാലിക യുക്തിക്ക് നിരക്കുന്നതുമല്ലെന്ന് പറയാതെ വയ്യ. കേരളത്തില്‍ കൃഷി നഷ്ടക്കച്ചവടമാണെന്ന് ഉറക്കെ ചിന്തിച്ച മുന്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ ശബ്ദത്തിന്റെ പ്രതിധ്വനി കുര്യന്റെ വാക്കുകളിലും ഇല്ലേെയന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.

കുട്ടനാട്ടില്‍ വിനോദസഞ്ചാര വികസനത്തിനും മത്സ്യക്കൃഷിക്കുമുള്ള സാധ്യതകള്‍ അവഗണിക്കാവുന്നതല്ല. എന്നാല്‍ അത് കാര്‍ഷിക സബ്‌സിഡിയുടെയും ലാഭനഷ്ടക്കണക്കിന്റെയും അടിസ്ഥാനത്തിലാവുമ്പോള്‍ അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിതന്നെ സംശയാസ്പദമാകുന്നു. കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കോര്‍പ്പറേറ്റ് ടൂറിസം വ്യവസായത്തിന് തീറെഴുതുന്നത് ലാഭകരമായ ഒരു സംരംഭമാക്കി മാറ്റാമെന്ന് വളച്ചുകെട്ടുകൂടാതെ പറയുന്നവരും ചിന്തിക്കുന്നവരും ഉണ്ട്. കുര്യന്‍ അവര്‍ക്കുവേണ്ടിയാണ് ഉറക്കെ ചിന്തിക്കുന്നതെന്ന് തെറ്റിദ്ധാരണ ആര്‍ക്കുമുണ്ടാവില്ല. എന്നാല്‍ അത്തരം ചിന്തകളില്‍ പതിയിരിക്കുന്നത് വലിയൊരു ജനവിഭാഗത്തിന്റെ തൊഴിലിനും ഉപജീവനത്തിനും എതിരായ ഭീഷണിയാണ്. അത് കുട്ടനാടിന്റെയും കേരളത്തിന്റെയും പരിസ്ഥിതിയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്നതിന് ഇതുവരെയുള്ള അനുഭവംതന്നെയാണ് ഏറ്റവും വലിയ സാക്ഷ്യപത്രം.

കൃഷിയുടെയും അതിനുവേണ്ടി ചെലവഴിക്കുന്ന സബ്‌സിഡി തുകകളുടെയും ലാഭനഷ്ടക്കണക്കിനെപ്പറ്റി ഉല്‍ക്കണ്ഠപ്പെടുന്നവര്‍ യു എസിലെയും യൂറോപ്പിലെയും സാമ്പത്തിക മാതൃകകള്‍ കാര്‍ഷികമേഖലയ്ക്ക് നല്‍കിവരുന്ന സബ്‌സിഡികളെപ്പറ്റിയും മറ്റ് നഷ്ടപരിഹാര നടപടികളെപ്പറ്റിയും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കൃഷിയെ ലാഭനഷ്ടക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത മുതലാളിത്ത സമീപനമാണ്. ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്ത് ഒരിടത്തും കൃഷിക്ക് നിലനില്‍ക്കാനാവില്ല. കൃഷി നിലനില്‍ക്കുന്നതും ഭരണകൂടങ്ങള്‍ വലിയ പ്രോത്സാഹനം നല്‍കി അതിനെ നിലനിര്‍ത്തുന്നതും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ കരുതിയാണ്. ക്ഷാമങ്ങളും പട്ടിണിമരണങ്ങളും വലിയൊരളവ് ഭൂമുഖത്തുനിന്നും തുടച്ചുമാറ്റാനായത് ആ സമീപനത്തിന്റെ ഫലമാണ്. ഇന്ത്യയിലുടനീളം കൃഷി നഷ്ടക്കച്ചവടമാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ലോകത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടന്ന രാജ്യമാണ് ഇന്ത്യ. അതിന്റെ കാരണം കൃഷി ഒരു തൊഴില്‍ എന്ന നിലയിലും ജീവിതായോധന മാര്‍ഗമെന്ന നിലയിലും നഷ്ടവും പരാജയവുമാണെന്നതുതന്നെയാണ്. നഷ്ടത്തിന്റെ പേരില്‍ മഹാരാഷ്ട്രയിലെ ഉള്ളിക്കര്‍ഷകരും പഞ്ചാബിലെ നെല്ല്, ഗോതമ്പ് കര്‍ഷകരും യുപിയിലെയും ബിഹാറിലെയും ഉരുളക്കിഴങ്ങ് കര്‍ഷകരും കൃഷി അവസാനിപ്പിക്കാന്‍ മുതിര്‍ന്നാലത്തെ അവസ്ഥ ആലോചിച്ചുനോക്കുക.
നഷ്ടം മാത്രം വരുത്തുന്ന കര്‍ഷകര്‍ക്കുപകരം ലാഭകരമായി കൃഷി വ്യവസായമായും വാണിജ്യമായും വിജയിപ്പിക്കാന്‍ പ്രാപ്തരായ കോര്‍പ്പറേറ്റുകള്‍ക്ക് ചുവപ്പുപരവതാനി വിരിക്കുന്ന മൂലധന വാഴ്ചയുടെ കാലത്താണ് നാം ജീവിക്കുന്നത്. കര്‍ഷകര്‍ക്ക് ചുരുങ്ങിയ പലിശനിരക്കില്‍ വായ്പക്കായി മാറ്റിവച്ച തുകയുടെ സിംഹഭാഗവും സബ്‌സിഡി ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന കാര്‍ഷിക വ്യാവസായിക കോര്‍പ്പറേറ്റുകളെപ്പറ്റി അടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ഓര്‍ക്കുക. റിലയന്‍സും മോറും ഉള്‍പ്പെടുന്ന അത്തരക്കാര്‍ കുട്ടനാട്ടില്‍ വന്നാല്‍ കുര്യന്‍ പ്രഭൃതികളുടെ സമീപനം എന്തായിരിക്കുമെന്ന് അറിയുക കൗതുകകരമായിരിക്കും.

സമുദ്രനിരപ്പില്‍ നിന്നും അല്‍പമാത്രം ഉയരത്തിലും പലപ്പോഴും താഴെയുമുള്ള തങ്ങളുടെ ഭൂപ്രദേശങ്ങളെയും ജനങ്ങളെയും ശക്തമായ വേലിയേറ്റത്തില്‍ നിന്നും പ്രളയത്തില്‍ നിന്നും സംരക്ഷിക്കാന്‍ നെതര്‍ലാന്റ്‌സ് നിര്‍മ്മിച്ചിരുന്ന ബണ്ടുകള്‍ (കടല്‍ഭിത്തികള്‍) അവര്‍ പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണെന്ന് കുര്യന്‍ പറയുകയുണ്ടായി. കുട്ടനാട്ടിലെ പ്രളയജലം ഒഴുക്കിക്കളയാനും നെതര്‍ലാന്റ്‌സിന്റെ സഹായത്തോടെ നിര്‍മ്മിച്ച ബണ്ട് സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തണ്ണീര്‍മുക്കം ബണ്ട് പൊളിക്കണമെന്ന തന്റെ നിര്‍ദേശത്തിനു പിന്‍ബലം നല്‍കാനാണ് നെതര്‍ലാന്റ്‌സ് പരാമര്‍ശവിധേയമായത്. അനേക നൂറ്റാണ്ടുകളായി തങ്ങളുടെ ഭൂപ്രദേശത്തെ വേലിയേറ്റത്തില്‍ നിന്നും പ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ആ രാജ്യം അവലംബിച്ചുപോന്നിട്ടുണ്ട്. ലക്ഷക്കണക്കിന് മനുഷ്യജീവന്‍ കവര്‍ന്ന പ്രളയങ്ങളെ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഓരോ തവണയും പ്രകൃതി തകര്‍ക്കുന്ന മനുഷ്യനിര്‍മ്മിത പ്രതിരോധങ്ങള്‍ക്കു പകരം പുത്തന്‍ സാങ്കേതികവിദ്യകളും പ്രതിരോധങ്ങളും അവര്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്. കുര്യന്‍ സൂചിപ്പിച്ച ബണ്ട് പൊളിക്കല്‍ അത്തരത്തിലുള്ള നൂതന കടല്‍ഭിത്തി നിര്‍മ്മാണത്തിന്റെ ഭാഗം മാത്രമാണ്. കുട്ടനാട്ടിലും നമുക്ക് ഏതുതരത്തിലുള്ള ദുരന്തപ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാനാകും എന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ചിന്തയാണ്. എന്നാല്‍ കാര്‍ഷികവൃത്തിയുടെ നഷ്ടക്കണക്കുനിരത്തി തണ്ണീര്‍മുക്കം ബണ്ട് പൊളിക്കുക എന്നത് തികച്ചും ദുരുപദിഷ്ടമാണ്.

നമ്മുടെ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും വികസനത്തിന്റെയും വളര്‍ച്ചയുടെയും മാതൃകയാണ് അമേരിക്കന്‍ ഐക്യനാടുകള്‍. യു എസ് ആര്‍മി കോര്‍പ്‌സ് എന്‍ജിനിയേഴ്‌സിന്റെ ഡാം സംബന്ധിച്ച കണക്കുകള്‍ അനുസരിച്ച് ആ രാജ്യത്ത് 79,000 ത്തില്‍ പരം ഡാമുകള്‍ ഉണ്ട്. എന്നാല്‍ കഴിഞ്ഞ നൂറുവര്‍ഷങ്ങളിലായി 1,150 ല്‍പരം ഡാമുകള്‍ ആ രാജ്യം നീക്കം ചെയ്തുകഴിഞ്ഞു. സമീപകാലത്തായി അത്തരത്തില്‍ നീക്കം ചെയ്യുന്ന ഡാമുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പാരിസ്ഥിതികവും സുരക്ഷാപരവും സാമൂഹിക — സാംസ്‌കാരിക പരിഗണനകളുടെയും അടിസ്ഥാനത്തിലാണ് അവര്‍ ഡാമുകള്‍ നീക്കം ചെയ്യുന്നത്. ഇപ്പോഴത്തെ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അത് ചൂണ്ടിക്കാട്ടി കേരളത്തിലെ ഡാമുകളും നീക്കം ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സമൂഹം അത് അംഗീകരിക്കുമെന്ന് കരുതാനാവില്ല. സൂക്ഷ്മമായ പഠനവും ഫലപ്രദമായ ബദലുകളും കൂടാതെ അത്തരം നടപടികളിലേക്ക് ഒരു ജനാധിപത്യ സമൂഹത്തിനും നീങ്ങാനാവില്ല. അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ അത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് മുതിരുന്നത് കരുതലോടെയാവണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെക്കുറിച്ചും കുര്യന്‍ തന്റെ പ്രസംഗത്തില്‍ പരിഹാസദ്യോതകമായ ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. പുതിയ കെട്ടിടനിര്‍മാണരീതിയുമായി ബിനോയ് വിശ്വത്തെ സമീപിച്ചപ്പോള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ആളാണെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നാണ് കുര്യന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തെപ്പറ്റി അദ്ദേഹത്തോട് ആരാഞ്ഞപ്പോള്‍ മേല്‍പ്പറഞ്ഞ ഗണത്തില്‍പ്പെട്ട പല ഉദ്യോഗസ്ഥരുമുണ്ടെന്നും എന്നാല്‍ അത്തരക്കാരാരോടാരോടും കുര്യന്‍ പറഞ്ഞതരത്തില്‍ താന്‍ സംസാരിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഭവനനിര്‍മാണത്തിന്റെയും കേരളാ ഭവനനിര്‍മാണ ബോര്‍ഡിന്റെയും ചുമതല വഹിച്ചിരുന്ന മന്ത്രിയെന്നനിലയില്‍ അനുയോജ്യമല്ലാത്ത ഭൂമി സര്‍ക്കാരിന്റെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമമുണ്ടായ അവസരങ്ങളില്‍ അതിനെ ശക്തമായി ചെറുക്കുകയുണ്ടായി. ഭവനനിര്‍മാണരംഗത്ത് ഒറ്റവീടുകള്‍ക്കും കൂറ്റന്‍ അംബരചുംബികള്‍ക്കും പകരം സാധാരണക്കാര്‍ക്ക് താങ്ങാവുന്ന മൂന്നും നാലും നിലകളുള്ള വാസസമുച്ചയങ്ങള്‍ക്ക് അനുകൂലമായി ബിനോയ് വിശ്വം സംസാരിച്ചതിന്റെ രേഖ നിയമസഭാ രേഖകളില്‍ ലഭ്യവുമാണ്.

കേരളത്തിന്റെ ഉന്നത ഉദ്യോഗസ്ഥ പ്രമുഖരില്‍ കാര്യക്ഷമതയോടെയും ഊര്‍ജ്ജസ്വലതയോടെയും പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന ഖ്യാതിക്ക് ഉടമയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍. അദ്ദേഹത്തെപ്പോലെ ഒരാള്‍ ഗവണ്‍മെന്റിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കും പരിപാടികള്‍ക്കും വിരുദ്ധമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നത് അനുചിതവും പെരുമാറ്റ ചട്ടങ്ങളുടെയും മര്യാദകളുടെയും ലംഘനവുമാണ്. സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ക്കും നയപരിപാടികള്‍ക്കും അനുരോധമല്ലാത്ത ഉദ്യോഗസ്ഥരുടെ വാക്കും പ്രവൃത്തിയും അഭിപ്രായസ്വാതന്ത്ര്യത്തിനും ഉത്തമബോധ്യങ്ങള്‍ക്കും ഉപരി നിക്ഷിപ്ത താല്‍പ്പര്യങ്ങളെയാണ് തുറന്നുകാട്ടുന്നത്. അത് നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിക്കൊള്ളണമെന്നില്ല.