യഥാര്‍ത്ഥ പത്രധര്‍മ്മം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടുള്ള പക്ഷം ചേരല്‍: രാജാജി

Web Desk
Posted on January 19, 2019, 10:47 pm

അക്ഷര, അമൃത 

തൃശൂര്‍: പത്രങ്ങളുടെ ധര്‍മ്മം കൃത്യമായ പക്ഷംചേരലാണെന്ന് ജനയുഗം പത്രാധിപരും കേരള മീഡിയ അക്കാഡമിയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമായ രാജാജി മാത്യു തോമസ്.

എന്നാല്‍ രാഷ്ട്രീയമായോ ആശയപരമായോ ഉള്ള പക്ഷംചേരലല്ല അതെന്നും മറിച്ച് പാവപ്പെട്ടവരും പീഡിതരുമായ മഹാഭൂരിപക്ഷത്തോടുള്ള പക്ഷംചേരലാണ് പത്രധര്‍മ്മമെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ ചേതന കോളജ് ഓഫ് മീഡിയ ആന്‍ഡ് പെര്‍ഫോമിങ് ആര്‍ട്ട്‌സിന്റെ ജേര്‍ണലിസം അസോസിയേഷന്‍ സംഘടിപ്പിച്ച ‘സിറ്റിസണ്‍ ജേര്‍ണലിസം’ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നവ മാധ്യമങ്ങളുടെ വിസ്‌ഫോടനത്തിന്റെ ഇക്കാലത്ത് ഓരോ പൗരനും ഓരോ നിമിഷവും നടക്കുന്ന കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാനാവും. അവ സമൂഹമാധ്യമങ്ങളിലൂടെ അതി വേഗത്തില്‍ പ്രചാരം നേടുകയും ചെയ്യും. എന്നാല്‍ ഇവയില്‍ വ്യാജവാര്‍ത്തകളുടെ നിര്‍മാണവും വ്യാപനവും നടക്കുന്നു എന്നത് വിസ്മരിച്ചുകൂട. ഇത് വലിയ ആശയകുഴപ്പങ്ങള്‍ക്ക് ഇടവരുത്തുന്നുണ്ട്. അച്ചടി മാധ്യമങ്ങളില്‍ ബോധപൂര്‍വമല്ലാതെ ഇത്തരം വ്യാജവാര്‍ത്തകള്‍ക്കും ആശയകുഴപ്പങ്ങള്‍ക്കും ഇടം കുറവാണ്. കാരണം കൃത്യമായ പ്രക്രിയയിലൂടെയും വിശദമായ പരിശോധനയിലൂടെയുമാണ് അവ പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ പത്രങ്ങള്‍ക്ക് വിശ്വാസ്യത ഏറെയാണ്.

നവ മാധ്യമങ്ങളുടെ വരവ് അച്ചടി മാധ്യമങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണെന്ന് പറയാനാവില്ല. പുസ്തകങ്ങളുടേയും വായനക്കാരുടേയും പത്രസ്ഥാപനങ്ങളുടേയും എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു എന്നത് അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ചേതന കോളജ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോണ്‍ നീലങ്കാവില്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ചു. കോളജ് ഡയറക്ടര്‍ ഫാദര്‍ ബെന്നി ബെനഡിക്ട്, ജേര്‍ണലിസം വകുപ്പ് അധ്യക്ഷന്‍ അരുണ്‍ ജോണ്‍ മാണി എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ അന്ന പാപ്പച്ചന്‍ സെമിനാര്‍ മോഡറേറ്റ് ചെയ്തു. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലെ എം എ ജേര്‍ണലിസം വിദ്യാര്‍ഥികള്‍, ചുവന്നമണ്ണ് എസ്എന്‍ കോളജിലേയും ചിയ്യാരം ചേതന കോളജിലേയും ബിഎ ജേര്‍ണലിസം വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.