രാജാകേശവദാസ് പാര്‍ക്ക് കയ്യേറിയുള്ള നിര്‍മാണം വിവാദത്തില്‍

Web Desk
Posted on November 27, 2017, 10:16 pm
പാര്‍ക്ക് കയ്യേറിയുള്ള നിര്‍മാണം

ആലപ്പുഴ:  നഗരത്തിന്റെ ശില്പി രാജാകേശവദാസിന്റെ പേരിലുള്ള പാര്‍ക്ക് കയ്യേറിയുള്ള അനധികൃത നിര്‍മാണം വിവാദത്തില്‍. കൊമേഴ്‌സ്യല്‍ കനാല്‍ത്തീരത്തെ കല്ലുപാലത്തിന് സമീപമുള്ള രാജാകേശവദാസ് പാര്‍ക്കിലാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാര്‍ക്കിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ പാര്‍ക്ക് നവീകരിക്കാന്‍ നടപടിയായിരുന്നു. ഇതിന്റെ ഭാഗമായാണ് പാര്‍ക്കിന്റെ നാലിലൊന്നോളം ഭാഗത്ത് താത്ക്കാലിക കെട്ടിടം സ്ഥാപിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദിവസങ്ങളായി നടക്കുന്നത്. അനുമതിയില്ലാതെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന പരാതി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫിന് കഴിഞ്ഞദിവസം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ നഗരസഭാ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനയ്‌ക്കെത്തുകയും ചെയ്തു. പാര്‍ക്കിന് സമീപം കഴിഞ്ഞദിവസം വാഹനമിടിച്ച് തകര്‍ന്ന കെട്ടിടത്തിന്റെ അറ്റകുറ്റപണികളാണ് നടത്തുന്നതെന്നായിരുന്നു ആദ്യം അധികൃതര്‍ വിവരം തിരക്കിയവരോട് മറുപടി നല്‍കിയത്. സംഭവം സംബന്ധിച്ച് ഡിടിപിസിയുമായി ബന്ധപ്പെട്ടപ്പോള്‍ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല കരാറെടുത്തയാള്‍ക്ക് താത്ക്കാലികമായി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. നാലു ലക്ഷം രൂപ പാര്‍ക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫീസായി ഡിടിപിസി ഈടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. കടമുറികളല്ല പാര്‍ക്കിലെത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമാണ് കെട്ടിങ്ങളിലൊരുക്കുന്നതെന്ന നിലപാടാണ് ഡിടിപിസിയുടേത്.

കെ സി വേണുഗോപാല്‍ ആലപ്പുഴ എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍ ആലപ്പുഴ സൗന്ദര്യവത്ക്കരണ പദ്ധതി ഭാഗമായി ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ഥാപിച്ച പാര്‍ക്ക് വര്‍ഷങ്ങളായി അധികൃതരുടെ അവഗണനയിലായിരുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്ന കെ വി തോമസ് ഉദ്ഘാടനം ചെയ്ത പാര്‍ക്ക് ആദ്യ കുറച്ചുനാളുകളില്‍ ജനങ്ങളെ ആകര്‍ഷിച്ചെങ്കിലും പിന്നീട് ഇവിടം പലപ്പോഴും സാമൂഹ്യവിരുദ്ധ കേന്ദ്രമായി മാറുകയായിരുന്നു. അതേസമയം നഗരശില്പിയുടെ പേരിലുള്ള പാര്‍ക്കിന്റെ സ്ഥലം ഇത്തരത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി വിട്ടുനല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വരുംദിവസങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് വിവിധ സംഘടനകള്‍.
പാര്‍ക്ക് കയ്യേറിയുള്ള നിര്‍മാണം