പ്രകൃതിദുരന്തങ്ങൾ മലയാളിയെ വേട്ടയാടുന്ന കെട്ടകാലമാണിത്. കടന്നുപോയത് നമുക്ക് ഒരു ദുഃഖവെള്ളിയായിരുന്നു. സഹ്യന്റെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ താഴ്വാരത്തെ രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ പാവപ്പെട്ട നാല്പത്തിയൊന്ന് പേരാണ് ദാരുണമായി വിടചൊല്ലിയത്. പ്രതികാരരുദ്രയായ ഭൂമി പിളർന്ന് തകർന്നടിഞ്ഞ മണ്ണട്ടികൾക്കടിയിൽ അന്ത്യനിദ്രയായവർ അതിലേറെ. കഴിഞ്ഞ പ്രളയത്തിൽ നിലമ്പൂരിലെ കവളപ്പാറയിലും പോത്തുമലയിലും നീരറുതിയായ മനുഷ്യജന്മങ്ങൾ ഇപ്പോഴും ആ മണ്ണിനടിയിൽ ഉറങ്ങുന്നു. പെട്ടിമുടിയിൽ ഒരു കുടുംബത്തിലെ 31 പേരാണ് മരണമടയുകയോ മണ്ണിനടിയിലാവുകയോ ചെയ്തത്. പ്രകൃതി സംഹാരതാണ്ഡവമാടുമ്പോൾ നിസഹായരായി താഴ്വാരങ്ങളിൽ നിന്നവർ ആനമുടിയുടെ ഉള്ളിലെങ്ങോ നിന്ന് മുഴക്കങ്ങൾ കേട്ട് തരിച്ചുനിന്നു. കൊടുമുടിയും പിളർന്ന് വരികയാണോ എന്ന ഭയം. ആനമുടിയുടെ ഹൃദയതാളവും തെറ്റുന്നുവോ?
‘മലയാളനാട് മഹിതാമാം നാട്, മലയുമലയാഴിയും കാവൽ നില്ക്കും നാട്’ എന്ന് അഹങ്കാരത്തോടെ പാടിയ മലയാള നാടിനേയും മലയാളിയേയും കടലും മലയും ചേർന്ന് വളഞ്ഞിട്ടുവേട്ടയാടുന്ന കാലം. പ്രബുദ്ധ മലയാളിയെന്നു തമ്പേറടിക്കുന്ന മലയാളി പരിസ്ഥിതി സാക്ഷരതയിൽ അക്ഷരശൂന്യനായതിന്റെ കയ്പേറിയ ഫലങ്ങളാണിതെല്ലാം. നിയമസഭയുടെ പരിസ്ഥിതി സംരക്ഷണ സമിതി അംഗത്തിന്റെ സ്വകാര്യ ഭൂമിയിൽ നടന്ന പരിസ്ഥിതി മാനഭംഗത്തിൽ നിന്നു നാം പാഠങ്ങൾ പഠിച്ചില്ല. പാപ്പാത്തിച്ചോലകളും കുരിശു മലകളും സർക്കാർ ഭൂമിയിലെ അമ്പലങ്ങളും മസ്ജിദുകളും നാം കണ്ടില്ലെന്നു നടിച്ചു. ഭൂമാഫിയകളുടെ പടമൂപ്പന്മാർക്കെതിരേ വാളോങ്ങിയവരെ ഭരണകൂടഭീകരതകൾ തട്ടിക്കളിച്ചു. അതിരപ്പിള്ളിയിലെ സ്വപ്നഭൂമിപോലും ശ്മശാന ഭൂമിയാക്കാൻ നാം ഇടയ്ക്കിടെ വിഷഫണങ്ങൾ ചീറ്റുന്നു. പക്ഷേ ഇതൊന്നും ഭരണകൂടങ്ങൾക്ക് വിഷയമേയല്ലെന്ന ദുര്യോഗം. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പരിസ്ഥിതി ആഘാതം പഠനഭേദഗതി നിയമത്തിന്റെ കരടു പുറത്തിറക്കി. വികസന പ്രവർത്തനങ്ങൾക്കു വേണ്ടി പദ്ധതി നടപ്പാക്കുമ്പോൾ പരിസ്ഥിതി പഠനം ആവശ്യമില്ലെന്നതാണ് ഇതിലെ മുഖ്യ ഭേഗദഗതി. മലതുരക്കാം, തകർക്കാം, നദികൾ നികത്താം, വനാവകാശികളായി നിയമസംരക്ഷണമുള്ള ഗോത്രവർഗങ്ങളുടേയോ അവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ അനുമതിയില്ലാതെ അവരുടെ ഭൂമി വ്യവസായങ്ങൾക്കും വികസനത്തിനും വേണ്ടി ഏറ്റെടുക്കാമെന്നുമെല്ലാമുള്ള നിയമവ്യവസ്ഥകൾ. മനുഷ്യന്റെ ശവപ്പറമ്പായി ഭൂമിയെ മാറ്റുന്ന മൂലധന ശക്തികൾക്കു വേണ്ടിയുള്ള ഈ നിയമനിർമ്മാണം കൊറോണക്കാലത്തെ ആശങ്കാരവങ്ങളുടെ മറപിടിച്ചു കൊണ്ടുവന്ന കേന്ദ്രം ഒപ്പിച്ച പണി നാം കാണാതെ പോകരുത്. ഇതെല്ലാമെഴുതുമ്പോഴും കുന്നിടിച്ച് ജെസിബികൾ ശവശരീരങ്ങൾക്കുവേണ്ടി തിരയുന്ന കാഴ്ച…
ഞങ്ങളുടെ അയലത്തു ഒരു വല്യമ്മയുണ്ടായിരുന്നു. കടുത്ത പ്രമേഹരോഗിണി, രണ്ടു കാലുകളും മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ഓപ്പറേഷന്റെ തലേന്ന് ഭക്ഷണപ്രിയായ മുത്തശ്ശി ഡോക്ടർമാരോട് ചോദിച്ചത് കാലുകൾ മുറിച്ചു മാറ്റിയാലും ഇരുന്നു ഭക്ഷണം കഴിക്കാമല്ലോ എന്നായിരുന്നു. പിറ്റേന്ന് വല്യമ്മയെ ഓപ്പറേഷൻ ടേബിളിൽ കിടത്തി ഡോക്ടർമാർ ബോധം കെടുത്താനൊരുങ്ങുമ്പോൾ അവർ പറഞ്ഞു; ഡോക്ടറേ രണ്ടുകാലും നൈസായിട്ടൊന്നു മുറിച്ചേക്കണേ! ബിജെപി നേതാവ് സന്ദീപ് വാര്യർ ഒരു ചാനലിന്റെ അന്തിച്ചർച്ചയിൽ ചോദിച്ച ഒരു ചോദ്യം കേട്ടപ്പോഴാണ് മുത്തശ്ശിയെ ഓർത്തുപോയത്. ഹിന്ദുമഹാസഭക്കാരനായ ഗോഡ്സേ ഗാന്ധിജിയെ അരുംകൊല ചെയ്തതിനെ ന്യായീകരിച്ചുകൊണ്ട് വാര്യരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു; ‘ഹിന്ദുമഹാസഭക്കാരനായ ഗോഡ്സേ ഗാന്ധിജിയെ ചെറുതായിട്ട് ഒന്നു വെടിവച്ചു കൊന്നു. അത്രയല്ലേ ചെയ്തുള്ളൂ. ’ കാലുകൾ നൈസായി മുറിക്കാൻ പറയുന്നതുപോലെയുള്ള വർത്തമാനം. ഇത്രയും പറഞ്ഞിട്ട് കൊലപാതകത്തെ ലളിതവല്ക്കരിക്കാൻ മലയാളത്തിൽ നിന്നു തന്നെ വാക്കുകൾ തെരഞ്ഞെടുക്കുന്നത് ഭാഷാ മാനഭംഗമല്ലാതെന്താണ്.
പ്രശസ്ത നാടകകൃത്ത് കാലടി ഗോപിയുടെ ഏഴുരാത്രികളിലെ അനശ്വര കഥാപാത്രമാണ് പാഷാണം വർക്കി. ഒരുവശത്ത് ഉണ്ണിയേശുവിന്റെയും മറുപുറത്ത് ഗുരുവായൂരപ്പന്റെയും പടം പതിപ്പിച്ച് മതം നോക്കി വീടുകയറി തെണ്ടുന്ന വൈഭവം തികഞ്ഞ യാചകൻ. എന്നിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവുന്നില്ല. സഹയാചകനാണെങ്കിൽ ക്ഷയരോഗികൾക്കുള്ള പെൻഷൻ കൂടി ലഭിക്കുന്നതിനാൽ സംഗതി സുഭിക്ഷം. ഇതു കണ്ട് അസൂയപൂണ്ട പാഷാണം വർക്കി ഒരു നാൾ പറഞ്ഞുവത്രേ; ‘കർത്താവേ എനിക്കും ക്ഷയം വരണേ! ’ പാഷാണം വർക്കിയെപ്പോലെയായി ഇപ്പോൾ ചില ബിജപി നേതാക്കൾ. ശ്രീരാമാ എനിക്കും കൊറോണ വരണേ എന്നു പ്രാർത്ഥനയോടെ പ്രാർത്ഥന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ മോഡിയോ മോഹൻഭാഗവതോ എന്തിന് പണ്ട് മിസ് ഇന്ത്യാ മത്സരത്തിൽ പങ്കെടുത്ത പത്താം സ്ഥാനക്കാരിയായ പത്താം ക്ലാസുകാരി സ്മൃതി ഇറാനി പോലും മൈൻഡ് ചെയ്യുന്നില്ല. ജനവും ബിജെപിക്കാർ പോലും അമിട്ടിനെ മറന്ന മട്ട്. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേർന്നപ്പോൾ പോലും അമിത്ഷായ്ക്ക് മാത്രം സാമൂഹ്യ അകലം. ഇങ്ങനെ പോയാൽ തന്റെ കാര്യം ആകെ അൽഗുൽത്ത് ആകുമെന്ന് ടിയാന് ആശങ്ക. അങ്ങനെയങ്ങു വിട്ടുകൊടുക്കാനാവില്ലല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.