കൊച്ചി- കേരളാ പോലീസിലും കേന്ദ്ര പോലീസ് സേനയിലും ഉന്നത പദവികൾ വഹിച്ചിരുന്ന രാജൻ കെ മധേക്കറെ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സ്വതന്ത്ര ചുമതലയുള്ള അഡീഷണൽ ഡയറക്ടറായി നിയമിച്ചു. 1975 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന മധേക്കർ 37 വർഷം കേന്ദ്ര, കേരള സർവീസുകളിൽ സുപ്രധാന പദവികളിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ കേന്ദ്ര ഏജൻസിയായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ എസ് ജി) ഡയറക്ടർ ജനറലായിരിക്കേയാണ് അദ്ദേഹം സർവീസിൽ നിന്നു വിരമിച്ചത്.
സർക്കാർ, സ്വകാര്യ മേഖലകളിൽ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന മധേക്കർ നിലവിൽ ന്യൂഡൽഹിയിലെ ഇന്റർ നാഷണൽ ഇൻസ്റ്റിററ്യൂട്ട് ഓഫ് സെക്യൂരിറ്റി ആന്റ് സേഫ്റ്റി മാനേജ്മെന്റ് ഡയറക്ടർ ജനറലാണ്.
സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചിട്ടുള്ള അദ്ദേഹം പിലാനിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദവും ബോംബെ യൂനിവേഴ്സിറ്റിയിൽ നിന്ന് സോളിഡ് സ്റ്റേറ്റ് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ജിയോജിത് ഡയറക്ടർ ബോർഡിലേക്ക് രാജൻ മധേക്കറെ സ്വാഗതം ചെയ്യാൻ അതിയായ സന്തോഷമുണ്ടെന്ന് ജിയോജിത് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സി ജെ ജോർജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും അതിരറ്റ വിജ്ഞാനവും കമ്പനിയുടെ ഉയർച്ചയ്ക്കായി ഉപയോഗപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ENGLISH SUMMARY; Rajan Madhekar Geojit on the Board of Directors
YOU MAY ALSO LIKE THIS VIDEO