Web Desk

ചെന്നൈ

February 05, 2020, 12:25 pm

വെറുതെയല്ല രജനികാന്ത് പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചത് പിന്നിലെ രഹസ്യം ഇതാണ് !

Janayugom Online

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് നടൻ രജനീകാന്ത്. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത് എന്ന് പറഞ്ഞ രജനികാന്ത് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ പൗരത്വ നിയമം നടപ്പാക്കുന്നത് രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നും പറഞ്ഞു.

അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻറെ നിർദേശത്തെ തുടർന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിൻറ നടപടി. 2002 മുതലുള്ള നികുതി വെട്ടിപ്പ് കേസുകളാണ് ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചത്. ഒരു കോടി രൂപയിൽ താഴെയുള്ള കേസുകളിൽ നടപടി വേണ്ടെന്ന കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻറെ നിർദേശത്തെ തുടർന്നായിരുന്നു നടപടി.

2002ൽ 61.12 ലക്ഷം രൂപയും, 2003ൽ 1.75 കോടിയും, 2004ൽ 33.93 ലക്ഷം രൂപയുമാണ് വരുമാനമായി രജനീകാന്ത് കാണിച്ചിരുന്നത്. എന്നാൽ ഏഷ്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്തിൻറെ വരുമാനത്തിൻറെ പത്തിലൊന്ന് പോലും രേഖയിലില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. പോയസ് ഗാർഡനിലെ വസതിയിൽ നടത്തിയ റെയ്ഡിന് പിന്നാലെ, 67 ലക്ഷം രൂപയിലധികം പിഴ ചുമത്തി. കേസ് സ്‍റ്റേ ചെയ്ത് ട്രിബ്യൂണൽ ഉത്തരവിട്ടെങ്കിലും ഇത് ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ ആദായ നികുതി വകുപ്പ് പിൻവലിച്ചു. ഇതിന് പിന്നാലെ 2007ലും 2012ലും ചുമത്തിയ നികുതി വെട്ടിപ്പ് കേസുകളിലെ നടപടികൾ കൂടി നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

Eng­lish sum­ma­ry: Rajanikanth sup­port caa