രാജസ്ഥാനില്‍ ആറ് ബിഎസ്പി അംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു

Web Desk
Posted on September 17, 2019, 12:21 pm

രാജസ്ഥാനില്‍ ആറ് ബിഎസ്പി അംഗങ്ങളും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ജയ്പൂര്‍: മായാവതി നേതൃത്വം നല്‍കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) യുടെ രാജസ്ഥാനിലെ ആറ് എംഎല്‍എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജേന്ദ്ര ഗുഡ്ഡ്, യോഗേന്ദ്ര സിങ് അവാന, വാജിബ് അലി, ലഖന്‍ സിങ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് ഖെറിയ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അടുത്ത ബന്ധമുള്ള എംഎല്‍എ മാര്‍ സ്പീക്കര്‍ സി പി ജോഷിയെ സന്ദര്‍ശിച്ചാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നതായുള്ള കത്ത് നല്‍കിയത്. വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനും സുസ്ഥിര സര്‍ക്കാരിനും വേണ്ടിയാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്ന് എംഎല്‍എമാര്‍ പറഞ്ഞു. അശോക്ജിയാണ് മികച്ച മുഖ്യമന്ത്രി. രാജസ്ഥാനില്‍ അദ്ദേഹത്തെക്കാള്‍ മികച്ച മറ്റൊരാളില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും ഭരണ തന്ത്രജ്ഞതയും തങ്ങളെ ആകര്‍ഷിച്ചുവെന്നും ഉദയ്പൂര്‍വതിയില്‍ നിന്നുള്ള അംഗമായ രാജേന്ദ്ര ഗുഡ്ഡ് പറഞ്ഞു. കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയെന്നത് ബുദ്ധിമുട്ടായതിനാലാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് മറ്റൊരു അംഗമായ യോഗേന്ദ്രസിങ് അവാന പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ബിഎസ്പിയുടെ ആറ് എംഎല്‍എമാരുടെയും 13 സ്വതന്ത്ര അംഗങ്ങളില്‍ 12 പേരുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചത്. 12 സ്വന്തന്ത്ര എംഎല്‍എമാരും കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് കാട്ടിയത് രാഷ്ട്രീയ വഞ്ചനയാണെന്ന് മായാവതി പ്രതികരിച്ചു. യഥാര്‍ഥ എതിരാളികള്‍ക്കെതിരെ പോരാടുന്നതിന് പകരം തങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രദ്ധ ചെലുത്തുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.