രാജസ്ഥാന്‍ അടിമുടി മാറുന്നു

Web Desk
Posted on December 30, 2018, 11:03 pm

ജയ്പൂര്‍: രാജസ്ഥാനില്‍ ഭരണം തിരിച്ചുപിടിച്ചതിന് പിന്നാലെ അടിമുടി പരിഷ്‌കാരങ്ങള്‍ വരുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ വെച്ച മുന്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനം പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവയിലേക്ക് മത്സരിക്കുന്നവര്‍ക്കാണ് നിശ്ചിത വിദ്യാഭ്യാസ മാനദണ്ഡം വെച്ചിരുന്നത്. ഈ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ പത്താംതരം പാസാകണമെന്ന മാനദണ്ഡമാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടു വന്നത്. സര്‍പാഞ്ച് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ എട്ടാംതരം പാസ്സാകേണ്ടതുണ്ടായിരുന്നു.

ജനാധിപത്യത്തില്‍ ഒരു വ്യക്തിയുടെ സാക്ഷരതയോ നിരക്ഷരതയോ അല്ല ജനങ്ങളുടെ അംഗീകാരത്തിനുള്ള മാനദണ്ഡമെന്ന് പുതിയ തീരുമാനം പ്രഖ്യാപിക്കവെ ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞു. ഒരാളെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കാന്‍ ജനാധിപത്യ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍ബന്‍ ലോക്കല്‍ ബോഡികളിലെ മേയര്‍, ചെയര്‍മാന്‍ സ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ വേണം നികത്താനെന്ന തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പിലൂടെ തന്നെയാണ് ഈ പദവികള്‍ നികത്തിയിരുന്നത്. എന്നാല്‍ വസുന്ധരരാജെ സിന്ധ്യ സര്‍ക്കാര്‍ ഇത് അട്ടിമറിക്കുകയായിരുന്നു. ഇതോടൊപ്പം കഴിഞ്ഞ സര്‍ക്കാര്‍ അടച്ച രണ്ട് സര്‍വ്വകലാശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഡോ. ഭീംറാവു അംബേദ്കര്‍ യൂണിവേഴ്‌സിറ്റി, ഹരിദേവ് ജോഷി യൂണിവേഴ്‌സിറ്റി ഓഫ് ജേണലിസം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ എന്നിവയാണ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്. അശോക് ഗെലോട്ട് മുന്‍പ് മുഖ്യമന്ത്രിയായിരുന്ന കാലത്തു തന്നെയാണ് ഈ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

സര്‍ക്കാര്‍ ലെറ്റര്‍പാഡുകളില്‍ ബിജെപി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരുന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രവും നീക്കം ചെയ്യും. അടിയന്തിരമായിത്തന്നെ ഇത് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ദേശീയ ചിഹ്നമാണ് ഇതിനു പകരമായി ലെറ്റര്‍ പാഡുകളില്‍ ചേര്‍ക്കുന്നത്. ബിജെപി പുറത്താക്കിയ നെഹ്‌റുവിനേയും ഗാന്ധിജിയേയും പാഠപുസ്തകത്തിലേക്ക് തിരികെ കൊണ്ടുവരാനും കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. വികസന പദ്ധതികളുടെ ഭാഗമായി കാവി നിറത്തിലുള്ള സൈക്കിള്‍ നല്‍കാന്‍ തീരുമാനിച്ചതടക്കമുള്ള നടപടികളും പുതിയ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.