കോൺഗ്രസ് ചേരിതിരിവ്; രാജസ്ഥാനിൽ നിയമയുദ്ധം

സ്വന്തം ലേഖകൻ

ജയ്‌പൂർ

Posted on July 16, 2020, 10:39 pm

സ്വന്തം ലേഖകൻ

രാജസ്ഥാനിലെ കോൺഗ്രസ് ചേരിതിരിവ് ഒടുവിൽ നിയമയുദ്ധത്തിൽ. ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയ സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള നീക്കം പാളിയതോടെ അയോഗ്യനാക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. എന്നാൽ നിയമസഭാ സ്പീക്കറുടെ നോട്ടീസിനെതിരെ സച്ചിനും പതിനെട്ട് എംഎൽഎമാരും രാജസ്ഥാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇന്നലെ മൂന്നുമണിക്ക് ആദ്യം കേസ് പരിഗണിച്ചപ്പോൾ പുതിയ ഹർജി സമർപ്പിക്കുന്നതിനായി ഹരീഷ് സാൽവെയ്ക്ക് കോടതി സാവകാശം അനുവദിച്ചു.

തുടർന്ന് അഞ്ചുമണിക്ക് ഹർജി പരിഗണിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ ഡിവിഷൻ ബെഞ്ചിന് വിടുകയായിരുന്നു. തുടർന്ന് രാത്രിയോടെ കോടതി അടിയന്തര പ്രാധാന്യത്തോടെ വീണ്ടും ഹർജി പരിഗണിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സച്ചിന്‍ പൈലറ്റ് വിഭാഗത്തിനായി ഹരീഷ് സാല്‍വെയും മുകുള്‍ റോത്തഗിയും ഹാജരായപ്പോൾ രാജസ്ഥാൻ സർക്കാരിനെയും നിയമസഭാ സ്പീക്കറെയും പ്രതിനിധീകരിച്ച് മനു അഭിഷേക് സിംഘ്‌വിയാണ് ഹാജരായത്.

നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാനുള്ള വിപ്പ് ലംഘനം, അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കൂട്ടുനിൽക്കൽ എന്നിവ ആരോപിച്ചാണ് സച്ചിന്‍ പൈലറ്റിനും 18 വിമത എംഎൽഎമാര്‍ക്കുമെതിരെ സ്പീക്കര്‍ സി പി ജോഷി അയോഗ്യതാ നടപടികള്‍ ആരംഭിച്ചത്. വാട്ട്സ്ആപ്പ്, ഇ‑മെയിൽ എന്നീ മാധ്യമങ്ങളിലൂടെ നോട്ടീസ് നൽകിയതിന് പുറമെ എംഎൽഎമാരുടെ വീടുകളിലും നോട്ടീസ് പതിപ്പിച്ചിരുന്നു.

നോട്ടീസിന് നിയമപരമായി യാതൊരു അടിസ്ഥാനമില്ലെന്നും ഗെലോട്ട് സർക്കാരിന്റെ താല്പര്യപ്രകാരം മാത്രം തയ്യാറാക്കിയ നോട്ടീസാണിതെന്നും വിമത എംഎൽഎമാർ ഹർജിയിൽ ആരോപിക്കുന്നു. നോട്ടീസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനും വിമതവിഭാഗം ശ്രമിക്കുന്നുണ്ട്. എന്നാൽ എംഎൽഎമാരെ അയോഗ്യരാക്കുന്നത് വിശ്വാസവോട്ടെടുപ്പിൽ വിജയം ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് ഗെലോട്ട് ക്യാമ്പിന്റെ വിലയിരുത്തൽ. കോൺഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷി ഹൈക്കോടതിയിൽ തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്. അതേസമയം ചർച്ചകൾക്ക് തയാറാണെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും പുതിയ നീക്കങ്ങളോടൊന്നും സച്ചിൻ പൈലറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Eng­lish sum­ma­ry: Rajasthan con­gress cri­sis fol­lowup

You may also like this video: