Monday
22 Apr 2019

മരുക്കാറ്റില്‍ പാറുന്ന ബിജെപി

By: Web Desk | Wednesday 7 November 2018 10:27 PM IST


പ്രത്യേക ലേഖകന്‍

തിനകം പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വേകളും പറയാതെ പറയുന്ന രാജസ്ഥാന്റെ മനസു ഒരു കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നു: ബിജെപിയുടെ അന്ത്യം ആസന്നമാണ്. അതിന്റെ പ്രതാപം മരുഭൂമിയുടെ മണല്‍ക്കാറ്റില്‍ അസ്തമിക്കാന്‍ പോകുന്നു.

200 അംഗങ്ങളുള്ള സഭയില്‍ 100-120 സീറ്റുകള്‍ കോണ്‍ഗ്രസ് ഐ നേടുമെന്നും ബിജെപി 70-80 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നുമാണ് പ്രചവനം. കോണ്‍ഗ്രസിന്റെ വോട്ട് 43.5 ശതമാനവും ബിജെപിയുടേത് 40.37 ശതമാനവുമായിരിക്കുമെന്നും പ്രവചനം. മറ്റു കക്ഷികള്‍ക്ക് 13.55 ശതമാനം വോട്ടുകള്‍ ലഭിക്കും. കോണ്‍ഗ്രസുമായി സഖ്യത്തില്‍ ചേരാന്‍ വിസമ്മതിച്ച ബിഎസ്പി മറ്റു കക്ഷികളുമായി ചേര്‍ന്ന് ഏഴംഗ ‘രാജസ്ഥാന്‍ ഡമോക്രാറ്റിക് ഫ്രണ്ട്’ രൂപീകരിച്ചിട്ടുണ്ട്. സിപിഐ, സിപിഐഎം, സിപിഐ (എംഎല്‍), ആര്‍എല്‍ഡി, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എംസിപിഐ) എന്നിവയാണ് സഖ്യകക്ഷികള്‍.

2013ല്‍ ബിജെപി 45 ശതമാനം വോട്ടുകളോടെ 163 സീറ്റുകള്‍ നേടി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഹിന്ദി ഹൃദയഭൂവില്‍ ഇക്കൊല്ലം തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു സംസ്ഥാനങ്ങളില്‍ ബിജെപി ശരിക്കും വിറയ്ക്കുന്നതു രാജസ്ഥാനിലാണ്. മധ്യപ്രദേശിനേക്കാളും ഛത്തിസ്ഗഡിനെക്കാളും ഇവിടെ ബിജെപി പ്രതിരോധത്തിലാണ്.

രാജസ്ഥാന്റെ തീരാശാപമായ തൊഴിലില്ലായ്മയില്‍ തട്ടിത്തകരുകയാണ് ഗ്വാളിേയാര്‍ രാജകുമാരിയുടെ അധികാരം. രാജസ്ഥാനിലെ 73 ശതമാനം സ്ത്രീകളും തൊഴില്‍രഹിതരാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് 2014ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നു. അയല്‍സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ക്കും തീരെ അനാകര്‍ഷകമായ തൊഴിലുകള്‍. സാമൂഹ്യവിലക്കുകാരണം അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍തേടാന്‍ വനിതകള്‍ക്കു കഴിയാത്തതിനാല്‍ അവരുടെ നില കൂടുതല്‍ ദയനീയമായി മാറുന്നു. എന്‍ജിനീയറിങ് പോലുള്ള പ്രൊഫഷണല്‍ ബിരുദം നേടിയവര്‍ പോലും തൊഴില്‍ കിട്ടാതെ വീട്ടമ്മമാരായി കഴിയേണ്ട ഗതികേട്.

കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു കൃഷിക്കാര്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ച പ്രക്ഷോഭം ബിജെപി സര്‍ക്കാരിനെ പ്രതിരോധിക്കാനാവാത്തവിധം പ്രതിസന്ധിയിലാക്കി.
ഇടതുപക്ഷ കര്‍ഷക സംഘടനകള്‍ സിക്കര്‍ ജില്ലയില്‍ നടത്തിയ നീണ്ടുനിന്ന സമരത്തിനൊടുവില്‍ 20000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിത്തള്ളാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ബന്ധിതമായി. 50000 രൂപ വരെയുള്ള കടം എഴുതിത്തള്ളുന്ന നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ ഒരു സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചു. കൃഷിക്കാരുടെ പെന്‍ഷന്‍ 500 രൂപയില്‍ നിന്നും 5000 രൂപയിലേക്ക് വര്‍ധിപ്പിക്കണമെന്നും കന്നുകാലികളെ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം എടുത്തുകളയണമെന്നും കിസാന്‍സഭ ആവശ്യപ്പെട്ടു. കാലിവില്‍പനയില്‍ ചെറിയ ഇളവനുവദിച്ചതൊഴിച്ചാല്‍ മറ്റു ആവശ്യങ്ങള്‍ ഇപ്പോഴും പാതിവഴിയില്‍ തുടരുന്നതു വസുന്ധര രാജെയ്‌ക്കെതിരെയുള്ള കാര്‍ഷിക രോഷത്തിനു കാരണമായി തുടരുന്നു.

കൃഷിഭൂമി സര്‍ക്കാര്‍ മതിയായ വില നല്‍കാതെ ഏറ്റെടുക്കുന്നതിനെതിരെ ജയ്പൂരിലെ നിന്തര്‍ ഗ്രാമത്തിലെ 650 സ്ത്രീകള്‍ മണ്ണില്‍ കുഴിമാന്തിയിറങ്ങിയിരുന്നു ദീപാവലി തെളിച്ചതു ദേശീയ ശ്രദ്ധയാര്‍ജിച്ച പ്രക്ഷോഭമായിരുന്നു.

ജനങ്ങളില്‍ അസ്വസ്ഥത കൊടുമ്പിരികൊള്ളുമ്പോള്‍ ബിജെപി കലാപഭവനമായി അനുദിനം മാറുകയാണ്. അമിത്ഷായും വസുന്ധരരാജെയും തമ്മില്‍ കൊമ്പുകോര്‍ത്തു തുടങ്ങിയിട്ടു നാളേറെയായി. വസുന്ധര രാജെയുടെ ഒപ്പമുള്ളയാളെ സംസ്ഥാന അധ്യക്ഷനാക്കില്ലെന്ന ഷായുടെ കടുംപിടുത്തത്തില്‍ തുടങ്ങിയ തര്‍ക്കം ഇപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു. രണ്ടുവട്ടം വസുന്ധരയുടെ സ്ഥാനാര്‍ഥി പട്ടിക ഷാ തള്ളി. 85 സീറ്റുകളിലേക്കാണ് വസുന്ധര ആദ്യ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിച്ചത്. ഇവിടേക്ക് ഷാ സ്വന്തം സ്ഥാനാര്‍ഥികളുടെ മറ്റൊരു പട്ടിക തയാറാക്കിയിട്ടുണ്ട്. 50 സീറ്റുകളില്‍ വരെ വസുന്ധരയുടെ സ്ഥാനാര്‍ഥികളെ അംഗീകരിക്കാന്‍ ഷാ തയാറാണ്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെടുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

150 സീറ്റുകളില്‍ ഒന്നിലധികം സ്ഥാനാര്‍ഥികളെ അലോചിക്കണമെന്ന ഷായുടെ നിര്‍ദേശത്തോട് വസുന്ധര എതിര്‍പ്പു പ്രകടിപ്പിച്ചു. അത്രയും കൂടുതല്‍ നിലവിലെ എംഎല്‍എമാരെ മാറ്റാന്‍ ശ്രമിച്ചാല്‍ അത് പാര്‍ട്ടിയില്‍ കലാപമായി വളരുമെന്നാണ് വസുന്ധര കരുതുന്നത്.

കോണ്‍ഗ്രസ് പിസിസി ആക്ടിങ് പ്രസിഡന്റ് രാജേഷ് പൈലറ്റിന്റെ നേതൃത്വത്തില്‍ കുറച്ചുകൂടി മികച്ച ഫോമിലാണ്. സീറ്റിനായി ഫലോഡിയിലെ കോണ്‍ഗ്രസ് സെക്രട്ടറി പണം വാങ്ങുന്ന വീഡിയോ വൈറല്‍ ആയതോടെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെട്ടു നാലു ലോക്കല്‍ സെക്രട്ടറിമാരെ മാറ്റാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകളുണ്ട്. കോണ്‍ഗ്രസ് വിജയിച്ചാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്നാണ് പരക്കെ ധാരണ.

വരത്തന്‍ തര്‍ക്കവും രാജസ്ഥാനിലെ രസകരമായ വാക്പയറ്റായി ഇതിനകം ഉടലെടുത്തു. രാജസ്ഥാനിലെ അജ്മീറിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്ന രാജേഷ് പൈലറ്റ് കാറപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ വന്ന സച്ചിന്‍ പൈലറ്റ് വരത്തനെന്നു വസുന്ധര. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നും രാജസ്ഥാനിലെ ധോല്‍പൂരിലേക്ക് വിവാഹം കഴിച്ചുവന്ന വസുന്ധരയാണ് ‘വരത്തന്‍’ എന്നു മറിച്ചും.

ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ രാജസ്ഥാനില്‍ പൂഴിക്കടകന്‍ അടവുകള്‍ ഇനിയുമേറെ പുറത്തുവരും.