പാഠപുസ്തകത്തില്‍ തിരുത്ത് വരുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

Web Desk
Posted on June 14, 2019, 6:36 pm

ജയ്പൂര്‍: ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതിനല്‍കി ജയിലില്‍നിന്നും പുറത്തിറങ്ങിയ സവര്‍ക്കറെ ‘വീര്‍ സവര്‍ക്കര്‍’ എന്ന് വിശേഷിപ്പിക്കാനാകില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. പാഠപുസ്തകത്തില്‍ വീര്‍ സവര്‍ക്കര്‍ എന്ന ഭാഗങ്ങളെല്ലാം നീക്കംചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് മുന്‍പ് ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ചരിത്ര സംഭവങ്ങളും സംസ്ഥാനത്തെ സര്‍ക്കാര്‍ തിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സവര്‍ക്കറെ വീരനാക്കുന്നതിനെതിരെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്.

രാജസ്ഥാന്‍ സ്റ്റേറ്റ് ടെക്സ്റ്റ്ബുക്ക് ബോര്‍ഡ് പുറത്തിറക്കിയ പുതിയ ടെക്സ്റ്റ് ബുക്കുകളിലാണ് തിരുത്തല്‍ കൊണ്ടുവന്നിരിക്കുന്നത്. ഫെബ്രുവരി 13 ന് ചേര്‍ന്ന റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണിത്. സവര്‍ക്കര്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് തന്നെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മാപ്പ് അപേക്ഷിച്ചുകൊണ്ട് കത്തുകള്‍ നല്‍കിയതായും പുതിയ പുസ്തകത്തില്‍ പറയുന്നു. 12ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലും കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ഭീകരവാദവും അഴിമതിയുമായി ബന്ധപ്പെട്ട പാഠത്തില്‍ നോട്ട് നിരോധനത്തെ മഹത്തായ സംഭവമായി വിവരിക്കുന്നുണ്ടായിരുന്നു. ഇത് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണമായും തിരുത്തി. ഗാന്ധി വധക്കേസില്‍ സവര്‍ക്കര്‍ പ്രതിയായി തുടങ്ങിയ കാര്യങ്ങളും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.