പശുവിനെ ദത്തെടുത്ത് നിങ്ങൾക്ക് പ്രശസ്തരാകാം; കോൺഗ്രസ്സിന്റെ അടവ്

Web Desk
Posted on January 15, 2019, 5:28 pm

അലഞ്ഞു തിരിയുന്ന പശുക്കളെ ദത്തെടുത്തു പരിപാലിക്കുന്നവരെ ആദരിക്കാൻ രാജസ്ഥാൻ സർക്കാർ. സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം നിശ്ചിത തുക നൽകി പശുക്കളെ ദത്തെടുത്തു ഗോശാലകളിൽത്തന്നെ സംരക്ഷിക്കുകയോ വീടുകളിൽ കൊണ്ടുപോയി വളർത്തുകയോ ചെയ്യാം. ഗോപാലന മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്.

റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും ഇങ്ങനെ ചെയ്യുന്നവരെ ആദരിക്കാൻ ആണ് കോൺഗ്രസ്സ് സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ ഇത് വെറും വോട്ടു ബാങ്ക് മാത്രമാണ് ലക്ഷ്യമെന്ന് എതിർകക്ഷികൾ ആരോപിച്ചു.

ഗോസംരക്ഷകരെന്ന പേരിൽ തീവ്ര ഹിന്ദു സംഘടനകൾ പ്രവർത്തനം വ്യാപിപ്പിച്ചതോടെ പശുക്കളെ ഒരു പ്രദേശത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുന്നതു പോലും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ് രാജസ്ഥാനിൽ. ഇതോടെ മൂരിക്കിടാങ്ങളെയും കറവ കഴിഞ്ഞ പശുക്കളെയും കർഷകർ വഴിയിലുപേക്ഷിക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.

അലഞ്ഞു നടക്കുന്ന പശുക്കൾ കൃഷി നശിപ്പിക്കുന്നതാണു മറ്റൊരു പ്രശ്നം. ഇവയെ സംരക്ഷിക്കാൻ സർക്കാർ ഗോശാലകൾ സ്ഥാപിച്ചെങ്കിലും എണ്ണം പെരുകിയതോടെ സംരക്ഷണം താളം തെറ്റിയ സ്ഥിതിയിലാണ്.