രാജസ്ഥാനിൽ പോര് തുടരുന്നു

Web Desk

ജയ്‌പൂർ

Posted on July 25, 2020, 10:37 pm

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഗവര്‍ണര്‍ കല്‍രാജ് മിശ്രയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. നിയമസഭാസമ്മേളനം ഉടന്‍ വിളിക്കണമെന്ന് മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. കോവിഡ് രൂക്ഷമായതിനാല്‍ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര ഇന്നലെ അറിയിച്ചത്. ഇക്കാര്യത്തില്‍ നിയമോപദേശം ആവശ്യമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഗവർണറുടെ നിലപാടിലുള്ള പ്രതിഷേധം രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഇന്നലെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. വേണ്ടിവന്നാൽ ബിജെപിയുടെ കുതിരക്കച്ചവടത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നിരാഹാര സമരം നടത്തുമെന്നും ഗെലോട്ട് ഇന്നലെ വ്യക്തമാക്കി.

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭാ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ അത് അവഗണിക്കുകയായിരുന്നു. അതേസമയം, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഗവർണറെ ഭരണഘടനാപരമായ കർത്തവ്യങ്ങൾ നിറവേറ്റാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാക്കളും ആരോപിക്കുന്നു.

Eng­lish summary;Rajasthan polit­i­cal cri­sis update

You may also like this video: