രാജസ്ഥാനിൽ കളത്തിലിറങ്ങി ഗെലോട്ട്

Web Desk

ജയ്പൂർ:

Posted on July 15, 2020, 10:30 pm

രാജസ്ഥാനിൽ ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങൾ പാളുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞ് വിമതസ്വരം ഉയർത്തിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി പദവും പിസിസി അധ്യക്ഷസ്ഥാനവും നഷ്ടമായ സച്ചിൻ പൈലറ്റ് ഒടുവിൽ ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നാണ് സൂചന. ബിജെപിയാകട്ടെ വിശ്വാസ വോട്ടെടുപ്പ് എന്ന ആവശ്യത്തിൽ നിന്നും പിൻവാങ്ങിയിട്ടുമുണ്ട്. മധ്യപ്രദേശിലേതിനു സമാനമായ ഒരു ചടുലനീക്കത്തിന് രാജസ്ഥാനില്‍ ബിജെപി ശ്രമിക്കുന്നില്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഗുലാബ് ചന്ദ് കതാരിയ ഇന്നലെ വ്യക്തമാക്കി. ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ആവശ്യമായ എംഎല്‍എമാര്‍ സച്ചിനൊപ്പമില്ല എന്നതാണ് ബിജെപി കളത്തിലിറങ്ങാന്‍ മടിക്കുന്നതിനു പിന്നിലെ പ്രധാന കാര്യം. നിലവിൽ 106 എംഎൽഎമാരുടെ പിന്തുണ ഇന്നലെ അവകാശപ്പെട്ട ഗെലോട്ട് വിശ്വാസവോട്ടെടുപ്പിനും തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സച്ചിനെ സ്വന്തം പാളയത്തിലാക്കാൻ ബിജെപി മധ്യപ്രദേശിലെ മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ ഇത് അത്ര എളുപ്പവുമല്ല. രാജസ്ഥാൻ ബിജെപിയിലെ രണ്ട് പ്രധാന പക്ഷങ്ങളും പുതിയ ഒരു നേതാവിനെ സ്വാഗതം ചെയ്യാൻ ഒരുക്കമല്ല. വസുന്ധര രാജെ നേതൃത്വം നല്‍കുന്ന വിഭാഗം ഒരു കാരണവശാലും മുഖ്യമന്ത്രി പദം വിട്ടുനൽകാൻ തയ്യാറാകില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവർ അണിനിരക്കുന്ന മറുപക്ഷവും സച്ചിൻ പാർട്ടിയിലെത്തുന്നതിനെ എതിർക്കുന്നുണ്ട്. ജ്യോതിരാദിത്യയ്ക്ക് വാഗ്ദാനം ചെയ്തതു പോലെ കേന്ദ്രമന്ത്രി പദം ബിജെപി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രി പദം ലഭിച്ചെങ്കിൽ മാത്രമേ പാർട്ടിയിലേക്കുള്ളൂ എന്ന നിലപാടിലാണ് സച്ചിൻ പൈലറ്റ്. ഇനിയും ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചിട്ടുമില്ല. അതിനിടെ സംസ്ഥാനത്തെ സച്ചിന്‍ പൈലറ്റ് അനുകൂലികള്‍ വിവിധ പദവികള്‍ രാജിവച്ചു തുടങ്ങി.

വിമതരെ അയോഗ്യരാക്കിയേക്കും

 

രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള നടപടികളിലേക്ക് കോൺഗ്രസ് നീക്കം. വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്പിക്കണമെന്ന് സ്പീക്കര്‍ സി പി ജോഷിയോട് ആവശ്യപ്പെടുമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കി. ഇതിനായി നിയമവിദഗ്ധരുമായുള്ള തിരക്കിട്ട കൂടിയാലോചനകളിലാണ് പാര്‍ട്ടി. അയോഗ്യത കല്പിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ പേരിൽ അയോഗ്യത കല്പിക്കാനാകുമെന്നാണ് നിയമോപദേശം. എംഎൽഎമാരെ തൃപ്തരാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനത്തിനും ഗെലോട്ട് ഒരുങ്ങുന്നുണ്ട്.

ENGLISH SUMMARY: RAJASTHAN POLITICS

YOU MAY ALSO LIKE THIS VIDEO