24 April 2024, Wednesday

Related news

April 18, 2024
April 16, 2024
April 7, 2024
April 3, 2024
April 1, 2024
March 30, 2024
March 20, 2024
March 12, 2024
March 3, 2024
February 26, 2024

രാജസ്ഥാനില്‍ രാഷ്ട്രീയ കലാപത്തിന് തിരികൊളുത്തി ആര്‍എസ്എസ് നേതാവിന്റെ കെെക്കൂലിക്കേസ്

Janayugom Webdesk
ജയപൂർ
September 1, 2021 2:56 pm

രാജസ്ഥാനില്‍ രാഷ്ട്രീയ കോലാഹലങ്ങളുടെ ആക്കം കൂട്ടി ആര്‍എസ്എസ് നേതാവിന്റെ കൈക്കൂലി കേസ്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രചാകരന്‍ നിംബരത്തിന്റെ വീഡിയോ കൂടി പുറത്തുവന്നതോടെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ്-ബിജെപി കലഹങ്ങള്‍ക്ക് ചൂടുപിടിച്ചതെന്ന് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാജസ്ഥാനിൽ 20 കോടി രൂപയുടെ കോഴക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിംബരത്തിന് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) രണ്ട് തവണ നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. സമന്‍സില്‍ ഹാജരാകാതെയും നോട്ടീസില്‍ പ്രതികരിക്കാതിരുന്നതിനെയും ഭരണകക്ഷിയായ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജൂൺ 10ന് പ്രചരിച്ച ഒരു വീഡിയോയിലാണ് നിംബരം ഉൾപ്പെടെയുള്ള ആർഎസ്എസ് പ്രവർത്തകരുടെ അഴിമതി പുറത്തുവരുന്നത്. ബിവിജി എന്ന മാലിന്യ ശേഖരണ കമ്പനിക്ക് പേയ്മെന്റ് അനുവദിക്കുന്നതിനുള്ള ചർച്ചകൾക്കിടയിൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് ആർഎസ്എസ് നേതാവിനെതിരെ എസിബി നോട്ടീസ് നൽകിയത്. സസ്പെൻഡ് ചെയ്യപ്പെട്ട ജയ്പൂർ ഗ്രേറ്റർ മുനിസിപ്പൽ കോർപ്പറേഷൻ മേയറുടെ ഭർത്താവും ബിജെപി നേതാവുമായ രാജാറാം ഗുർജാർ ബിവിജി പ്രതിനിധി ഓംകാർ സാപ്രേയുമായി ചർച്ച നടത്തുന്നതായും വീഡിയോയിൽ കണ്ടെത്തി. 276 കോടി രൂപയുടെ കുടിശ്ശിക ബില്ലുകൾ അടയ്ക്കുന്നതിന് പകരം 10 ശതമാനം കമ്മിഷനാണ് ഓംകാർ ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വീഡിയോ ക്ലിപ്പുകൾ അന്വേഷണത്തിനായി സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എല്‍) പരിശോധനയ്ക്കായി അയച്ചിരുന്നു. നിംബരത്തിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്നും ആര്‍എസ്എസ് നേതാവ് കൈക്കൂലി വാങ്ങുന്നതായുള്ള വീഡിയോ എല്ലാവരും കണ്ടതാണെന്നും രാജസ്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോസ്താര പറഞ്ഞു. ദേശീയത പറയുന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും തനിനിറം ഇതോടെ പുറത്തുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അശോക് ഗെലോട്ട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതിനായി ഏജന്‍സികളെ കൂട്ടുപിടിക്കുകയാണെന്നുമാണ് ബിജെപിയുടെ വാദം. ഒറ്റപ്പെട്ട കേസാണിതെന്നും ഒരു കാര്യവുമില്ലാതെയാണ് ഏജന്‍സി കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് സംഭവത്തില്‍ പ്രതികരിച്ചു. എന്നാല്‍ ഏത് തരത്തിലുള്ള അന്വേഷണത്തെ നേരിടാനും തങ്ങള്‍ തയ്യാറാണെന്ന് ആര്‍എസ്എസ് നേതാവ് ഹനുമാന്‍ സിങ് റാത്തോഡ് പ്രസ്താവനയില്‍ പറയുന്നു. ദേശീയ നേതൃത്വം രാജസ്ഥാനിലെ ആര്‍എസ്എസിനും ബിജെപിയ്ക്കും പിന്തുണ അറിയിച്ച് രംഗത്ത് വന്നു. ആര്‍എസ്എസിനെ ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കമാണിതെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വാദം.

അഴിമതി കേസില്‍ നിംബരം അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ബിജെപി സംസ്ഥാന ഘടകത്തിന് വന്‍ തിരിച്ചടിയായി മാറിയേക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. രാജസ്ഥാനിലെ ഏറ്റവും വലിയ ആര്‍എസ്എസ് നേതാവായതുകൊണ്ടുതന്നെ ഹൈന്ദവ സംഘടനകളെയെല്ലാം പ്രതിരോധത്തിലാക്കുന്നതാണ് പുതിയ അഴിമതി ആരോപണമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

Eng­lish sum­ma­ry; Rajasthan: RSS Leader’s Refusal to Join Probe Into Rs 20 Crore Bribery Case Sparks Row

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.