കോണ്‍ഗ്രസ് തോല്‍വി: രാജസ്ഥാന്‍ കൃഷിമന്ത്രി ലാല്‍ചന്ദ് ഖട്ടാരിയ രാജിവച്ചു

Web Desk
Posted on May 28, 2019, 10:55 am

കോണ്‍ഗ്രസ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വത്തിന്റെ പേരില്‍ രാജസ്ഥാന്‍ കൃഷിമന്ത്രി ലാല്‍ചന്ദ് ഖട്ടാരിയ രാജിവച്ചു. രാജിവാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് പുറത്തുവിട്ടത്. എന്നാല്‍ മന്ത്രിയുടെ രാജി ലഭിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. 25ന് തയ്യാറാക്കിയ കത്തില്‍ തനിക്ക് ധാര്‍മ്മികമായി മന്ത്രിസ്ഥാനത്ത് തുടരാന്‍ അവകാശമില്ലാത്തതിനാല്‍ രാജി നല്‍കുന്നു എന്നാണ് പറയുന്നത്.

സംസ്ഥാനത്തെ ആകെയുള്ള 25ലോക്‌സഭാസീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.പരാജയത്തിന്റെ പേരില്‍ തന്റെ മന്ത്രിസ്ഥാനം ബലികഴിക്കുകയാണെന്ന് ഖട്ടാരിയ കത്തില്‍ പറയുന്നു.
മറ്റു രണ്ടുമന്ത്രിമാരും വിമര്‍ശനവുമായി രംഗത്തുണ്ട്. സഹകരണമന്ത്രി ഉദയ്‌ലാല്‍ അഞ്ജാനയും ഭക്ഷ്യമന്ത്രി രമേഷ് ചന്ദ് മീനയുമാണ് ഇവര്‍.

മക്കളെ പാര്‍ട്ടിക്കുമുകളില്‍ പ്രതിഷ്ഠിക്കുന്നതിന്റെ തിരക്കിലായിരുന്നു മുന്‍ മന്ത്രി പി. ചിദംബരം, രാജസ്ഥാന്‍മുഖ്യമന്ത്രി അശോക് ഖെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവരെന്ന് രാഹുല്‍ ഗാന്ധി വര്‍ക്കിംങ് കമ്മിറ്റി യോഗത്തില്‍കുറ്റപ്പെടുത്തിയെന്ന് വാര്‍ത്തയുണ്ട്.