Janayugom Online
rajindar singh

ദൃഢനിശ്ചയത്തിന്റെ ഇതിഹാസവിജയം

Web Desk
Posted on November 18, 2018, 8:12 am

ഇളവൂര്‍ ശ്രീകുമാര്‍

വിധിയുടെ ഏറ്റവും ദയാരഹിതമായ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് ജനിച്ചുവീഴുന്ന ചിലരുണ്ട്. ജന്മനാതന്നെ ഭിന്നശേഷിക്കാരായി പിറക്കുന്ന അത്തരക്കാരുടെ മുന്നിലാണ് അസാധ്യം എന്ന വാക്ക് പൊതുസമൂഹം വലിയൊരു മതില്‍ക്കെട്ടായി നിര്‍മ്മിച്ചുവയ്ക്കുന്നത്. മറ്റൊരു കൂട്ടരെ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ രോഗത്തിന്റെയോ അപകടത്തിന്റെയോ ഒക്കെ രൂപത്തിലായിരിക്കും വിധി പ്രഹരിച്ചുവീഴ്ത്തുന്നത്. സഹതാപത്തിന്റെ പരവതാനി വിരിച്ച് അസാധ്യം എന്ന ചിന്ത നമ്മള്‍ അവര്‍ക്കുമുകളിലും കയറ്റിവയ്ക്കുന്നു. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്കുമുന്നില്‍ പതറിപ്പോകാതെ തങ്ങളുടെ പരിമിതികളെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്ന അനേകായിരങ്ങളുണ്ട്. ജീവിതത്തില്‍ പതറിനില്‍ക്കുന്നവര്‍ക്ക് അവരുടെ ജീവിതം പ്രത്യാശയും ആത്മവിശ്വാസവും പിന്‍ബലവും നല്‍കും. പരിമിതികള്‍കൊണ്ട് വ്യത്യസ്തരാകുമ്പോഴും ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിട്ട് മഹാവിജയങ്ങള്‍ നേടി ലോകത്തിന്റെ നെറുകയിലേക്കുയര്‍ന്ന അത്തരം കുറേ മനുഷ്യരുടെ ജീവിതമാണ് ഈ പംക്തിയിലൂടെ പരിചയപ്പെടുന്നത്.

രജീന്ദര്‍സിംഗിന്റെ പ്രതികാരം
രജീന്ദര്‍സിംഗിന്റെ പ്രതികാരം മറ്റാരോടുമായിരുന്നില്ല, ജനിച്ച് എട്ടാംമാസം പോളിയോ രോഗത്തിലൂടെ തന്റെ കാലുകളെ തളര്‍ത്തിക്കളഞ്ഞ വിധിയോടായിരുന്നു. ഓര്‍മ വയ്ക്കുംമുമ്പേ എഴുന്നേറ്റ് നിന്ന് ഈ ലോകത്തെ നന്നായൊന്നു നോക്കിക്കാണാനുള്ള കഴിവിനെ എന്നെന്നേക്കുമായി ദുര്‍വ്വിധി കവര്‍ന്നെടുത്തപ്പോള്‍ അവന്റെ ഭാവി ഇരുളടഞ്ഞുകഴിഞ്ഞുവെന്ന് എല്ലാവരും വിധിയെഴുതി. എങ്ങോട്ടു തിരിഞ്ഞാലും അരുതുകളുടെ വേലികള്‍ മാത്രം. വളര്‍ന്നുവരുംതോറും താന്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാണെന്നും മറ്റുള്ളവരെപ്പോലെ ഈ ഭൂമിക്കു മുകളിലൂടെ ഓടിനടക്കാന്‍ തനിക്ക് കഴിയില്ലെന്നും ആ കുട്ടി മനസ്സിലാക്കി. കാലുകള്‍ അവനെ മുന്നോട്ടു നയിച്ചില്ലെങ്കിലും മനസും സ്വപ്നങ്ങളും അവനെ മുന്നോട്ടുതന്നെ നയിച്ചു. അത് രജീന്ദറിനെ കൊണ്ടെത്തിച്ചത് 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടുന്നതിലേക്കായിരുന്നു!
1973 ജൂലൈ 22 ന് പഞ്ചാബിലെ മെസാംപൂര്‍ എന്ന കൊച്ചു ഗ്രാമത്തിലായിരുന്നു രജീന്ദര്‍സിംഗ് റഹേലു വിന്റെ ജനനം. അച്ഛന്‍ ബാന്‍ഡ് മാസ്റ്ററായി ജോലി ചെയ്തുകിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു കുടുംബം മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്. ജനിച്ച് എട്ടാം മാസത്തില്‍ പോളിയോ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രജീന്ദറിന്റെ രണ്ടു കാലുകളും വൈകാതെതന്നെ പൂര്‍ണമായും തളര്‍ന്നു. അവന് സഞ്ചരിക്കാന്‍ ഒരു ചക്രക്കസേര വാങ്ങാനുള്ള സാമ്പത്തികശേഷിപോലും രക്ഷാകര്‍ത്താക്കള്‍ക്കില്ലായിരുന്നു. അതുകൊണ്ട് കുട്ടിക്കാലത്ത് കൈകള്‍ നിലത്തുകുത്തി ഇഴഞ്ഞായിരുന്നു രജീന്ദറിന്റെ സഞ്ചാരം. അച്ഛനോ സഹോദരനോ തോളില്‍ ഇരുത്തിയാണ് അവനെ മിക്ക ദിവസങ്ങളിലും സ്‌കൂളിലെത്തിച്ചിരുന്നത്. വളര്‍ന്നുവരുംതോറും തന്റെ പരിമിതിയെ എങ്ങനെ അതിജീവിക്കാമെന്ന ചിന്തയായി അവന്റെ മനസ്സു മുഴുവന്‍. ഏതെങ്കിലും മേഖലയില്‍ തന്റെ കഴിവു തെളിയിക്കണമെന്ന് ചിന്തയും അവനില്‍ ശക്തമായി. പഠിച്ച് ഡിഗ്രികള്‍ സമ്പാദിക്കുന്നതില്‍ അവന് താല്പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതോടെ രജീന്ദര്‍ പഠനം ഉപേക്ഷിച്ചു.
സാഹസികമായ തീരുമാനം
പക്ഷേ അവന്റെ മനസ്സ് ഏതെങ്കിലും പുതിയ മേഖലകള്‍ കണ്ടെത്താന്‍ ദാഹിച്ചുകൊണ്ടിരുന്നു. കാലുകള്‍ നിലത്തുറച്ചില്ലെങ്കിലും ആകാശത്തോളമുയരുന്ന സ്വപ്നങ്ങളുടെ കൂട്ടുകാരനായിരുന്നു രജീന്ദര്‍. ഇതിനിടയില്‍ തന്റെ ജീവിതാവസ്ഥയുമായി പൊരുത്തപ്പെട്ട രജീന്ദര്‍ തന്റെ കാലുകള്‍ക്ക് ചലനശേഷിയില്ലെന്ന കാര്യംപോലും വിസ്മരിച്ചു. ശാരീരിക പരിമിതിയെ നിഷ്പ്രഭമാക്കി ഒരു കാലത്ത് ലോകത്തിന്റെ നെറുകയില്‍ വിജയശ്രീലാളിതനായി താന്‍ നില്‍ക്കുന്ന ചിത്രം അവന്‍ മനസ്സില്‍ എപ്പോഴും സങ്കല്‍പിച്ചുകൊണ്ടിരുന്നു. ആയിടയ്ക്കാണ് വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലിച്ചുകൊണ്ടിരുന്ന ഒരു സുഹൃത്ത് രജീന്ദറിനെയും ആ മേഖലയിലേക്ക് ക്ഷണിച്ചത്. കുറേ ആലോചനകള്‍ക്കുശേഷം രജീന്ദര്‍സിംഗ് വെയിറ്റ്‌ലിഫ്റ്റിംഗ് ഒരു പ്രൊഫഷനായി സ്വീകരിക്കാന്‍ തന്നെ തീരുമാനിച്ചു!
രജീന്ദറിന്റെ തീരുമാനം അറിഞ്ഞവര്‍ ആദ്യം അന്ധാളിച്ചു. രണ്ടു കാലുകളുമില്ലാത്തയാള്‍ ഭരോദ്വഹനം ശീലിക്കുകയോ? പലരും പിന്തിരിപ്പിക്കാന്‍ നോക്കി. പക്ഷേ മനസ്സുണ്ടെങ്കില്‍ എന്തും സാദ്ധ്യമാകും എന്ന രജീന്ദറിന്റെ വിശ്വാസം അവനെ തീരുമാനത്തില്‍നിന്ന് വ്യതിചലിപ്പിച്ചില്ല. തുടര്‍ന്ന് തീവ്രപരിശീലനത്തിന്റെ നാളുകളായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത, ചിട്ടയായ പരിശീലനം. കഠിനാധ്വാനത്തിനുള്ള മനസ്സ്. ശരീരത്തിന്റെ ദൗര്‍ബ്ബല്യത്തെ മനക്കരുത്തുകൊണ്ട് മറികടക്കുമെന്ന ദൃഢനിശ്ചയം. തന്റെ വീല്‍ചെയറിലിരുന്നുകൊണ്ട് ഒരിക്കല്‍ ലോകത്തിന്റെ മുഖത്തുനോക്കി ഒരു ജേതാവിന്റെ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുമെന്ന ദൃഢപ്രതിജ്ഞ.

കഠിനാധ്വാനം ഫലം കാണുന്നു

ക്രമേണ ചെറിയ ചെറിയ മത്സരങ്ങളില്‍ രജീന്ദര്‍ പങ്കെടുത്തുതുടങ്ങി. 75 കിലോ ഭാരോദ്വഹനത്തിലായിരുന്നു തുടക്കം. ക്രമേണ അത് 115 ആയി വര്‍ദ്ധിച്ചു. 1997 ല്‍ പഞ്ചാബ് ഓപ്പണ്‍മീറ്റില്‍ ആദ്യ മെഡല്‍ നേടി. അടുത്ത വര്‍ഷം ഹൈദരാബാദില്‍ നടന്ന നാഷണല്‍ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. 2004 ലെ സമ്മര്‍ പാരാലിമ്പിക്‌സില്‍ വെങ്കലവും 2008 ല്‍ ബീജിംഗില്‍ നടന്ന പാരാലിമ്പിക്‌സില്‍ അഞ്ചാം സ്ഥാനവും നേടി. 2012 ല്‍ ലണ്ടനില്‍ നടന്ന പാരാലിമ്പിക്‌സില്‍ 175 കിലോ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിസില്‍ 180.5 കിലോ ഉയര്‍ത്തി രജീന്ദര്‍സിംഗ് ചരിത്രം സൃഷ്ടിച്ചു. ഇവ കൂടാതെ ഒട്ടേറെ മത്സരങ്ങളില്‍ വിജയിച്ച രജീന്ദര്‍സിംഗ് തന്റെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ”സ്‌ട്രോംങ് മാന്‍ ഓഫ് ഇന്ത്യ” ആയി ഏഴുതവണ രജീന്ദര്‍ തെരഞ്ഞെടുക്കപ്പെട്ടു! അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് സര്‍ക്കാര്‍ അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ചു.
ഭിന്നശേഷിക്കാര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല. കൂടുതല്‍ മുന്‍നിരയിലേക്ക് കടന്നിരിക്കേണ്ടവരാണ്. നാം അവര്‍ക്ക് വഴിയൊരുക്കുക. രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുന്നതില്‍ അവര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. രജീന്ദര്‍സിംഗ് റഹേലുവിന്റെ ജീവിതം ഇക്കാര്യം നമ്മെ ഓര്‍മിപ്പിക്കുന്നു.