26 March 2024, Tuesday

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 വര്‍ഷത്തിനു ശേഷം മോചനം

Janayugom Webdesk
ചെന്നൈ
May 18, 2022 11:11 am

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് മോചനം. ഭരണഘടനാ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. 30 വര്‍ഷത്തിനു ശേഷമാണ് മോചനം. നളിനി ശ്രീഹരന്‍, ശ്രീലങ്കന്‍ പൗരനായ ഭര്‍ത്താവ് മുരുകന്‍ എന്നിവരുള്‍പ്പെടെ മറ്റ് ആറ് പ്രതികളുടെ മോചനത്തിനും വിധി വഴിയൊരുക്കും. 19ാമത്തെ വയസിലാണ് പേരറിവാളന്‍ രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലാകുന്നത്.

1998ല്‍ ഭീകരവിരുദ്ധ കോടതി പേരറിവാളനെ വധശിക്ഷക്ക് വിധിച്ചിരുന്നു. അടുത്ത വര്‍ഷം, സുപ്രീം കോടതി ശിക്ഷ ശരിവച്ചെങ്കിലും 2014ല്‍ ജീവപര്യന്തമായി ഇളവ് ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018‑ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തു.

1998‑ല്‍ പേരറിവാളന്‍ അടക്കം 26 പേര്‍ക്ക് വധശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. 1999‑ല്‍ സുപ്രീംകോടതി 19 പ്രതികളെ വെറുതെ വിട്ടു. പേരറിവാളനും മറ്റു മൂന്നുപേര്‍ക്ക് വധശിക്ഷയും മൂന്നുപേര്‍ക്ക് ജീവപര്യന്തവും വിധിച്ചു. വധശിക്ഷ ഇളവുചെയ്യുന്നതിന് നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമറിയാന്‍ 2011 ‑വരെ കാത്തിരിക്കേണ്ടിവന്നു. ദയാഹര്‍ജി രാഷ്ട്രപതി തള്ളി. മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

ദയാഹര്‍ജി പരിഗണിക്കുന്നതില്‍ വരുത്തിയ കാലതാമസം പരിഗണിച്ച് 2014‑ല്‍ സുപ്രീം കോടതി പേരറിവാളന്റെയും മറ്റു രണ്ടുപേരുടെയും ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. ഇതോടെ ജീവപര്യന്തതടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014‑ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ പേരറിവാളന്‍ അടക്കം ഏഴുപേരെയും മോചിപ്പിക്കാന്‍ ഉത്തരവിട്ടു.

സുപ്രീംകോടതി ഇത് തടഞ്ഞു. പിന്നീട് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ദയാഹര്‍ജി പരിഗണിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന്റെ പിന്‍ബലത്തില്‍ 2018‑ല്‍ ഏഴുതടവുകാരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശചെയ്തു. ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രണ്ടരവര്‍ഷത്തോളം വൈകിയ ഗവര്‍ണര്‍ അവസാനം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

Eng­lish sum­ma­ry; Rajiv Gand­hi assas­si­na­tion con­vict Per­ari­valan released after 30 years

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.