Saturday
19 Oct 2019

രണ്ടാമനെന്ന പദവിക്കായി രാജ്നാഥ് രാജിക്കൊരുങ്ങി, ഒടുവില്‍ ആറ് സമിതികളില്‍ ഉള്‍പ്പെടുത്തി തലയൂരി

By: Web Desk | Friday 7 June 2019 10:25 AM IST


ന്യൂഡല്‍ഹി: രാജ്നാഥ് സിംങിന്‍റെ  രാജിഭീഷണിയില്‍ തീരുമാനം മാറി, രാജ് നാഥിനെ കൂടുതല്‍ സമിതിയില്‍ ഉള്‍പ്പെടുത്തി.  കേന്ദ്ര മന്ത്രിസഭയുടെ ഉപസമിതി പുനസംഘടന തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രിനരേന്ദ്രമോഡിക്ക് ശേഷം രണ്ടാമത് സത്യപ്രതിജ്ഞ ചൊല്ലിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ രണ്ടാമന്‍ എന്ന പദവിയില്‍ നിന്ന് ഒഴിവാക്കുകയും സുപ്രധാന സമിതികളില്‍ ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്തു. ഇന്നലെ പ്രശ്‌നം രൂക്ഷമായതോടെ രാജ്‌നാഥ് സിങിനെ ആറ് സമിതികളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

നേരത്തെ അദ്ദേഹം സുരക്ഷാ, സാമ്പത്തിക കാര്യസമിതി എന്നീ രണ്ട് സമിതികളില്‍ മാത്രമായിരുന്നു അംഗമായിരുന്നത്. പ്രതിരോധമന്ത്രി ആയിട്ട് പോലും ഏറ്റവും സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയില്‍ പോലും രാജ്നാഥ്സിങ് ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്നായിരുന്നു വിമര്‍ശനങ്ങള്‍ ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി ആറ് കമ്മിറ്റികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ അമിത്ഷായെ മന്ത്രിസഭയിലെ രണ്ടാമത്തെ അധികാരകേന്ദ്രമാക്കുന്നതാണ് പുനസംഘടനയെന്ന് വിമര്‍ശനം ഉയര്‍ന്നു. അക്കോമഡേഷന്‍, പാര്‍ലമെന്ററി കാര്യം എന്നീ വിഭാഗങ്ങളിലെ കമ്മിറ്റികളിലാണ് മോഡിയില്ലാത്തത്.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ രാജ്നാഥ് സിംങ് രാജിവയ്ക്കും എന്ന  തീരുമാനം കൂടി എടുത്തതോടെ കളിമാറി മറഞ്ഞു. രാത്രിയോടെ തന്നെ രാജ്‌നാഥ് സിങിനെ ആറ് സമിതികളില്‍ കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. പാര്‍ലമെന്ററി കാര്യം, രാഷ്ട്രീയ കാര്യം, നിക്ഷേപം, തൊഴില്‍, നൈപുണ്യ വികസനം എന്നീ സമിതികളിലാണ് ഉള്‍പ്പെടുത്തിയത്.

എന്നാല്‍ രാജി ഭീഷണിമുഴക്കിയതായ വാര്‍ത്ത രാജ് നാഥ് സിംങ് നിഷേധിച്ചിട്ടുണ്ട്.

Related News