സെഞ്ച്വറി ഫിലിംസ് ഉടമ രാജു മാത്യു അന്തരിച്ചു

Web Desk
Posted on November 12, 2019, 2:54 pm

കോട്ടയം : പ്രശസ്ത നിർമാതാവും സെഞ്ച്വറി ഫിലിംസ് ഉടമയും ഫിലിം ചേംബർ മുൻ പ്രസിഡന്റുമായിരുന്ന സെഞ്ച്വറി രാജു മാത്യു (82) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ബാലചന്ദ്രമോനോന്റെ സംവിധാനത്തിൽ 1982 ൽ പുറത്തിറങ്ങിയ കേൾക്കാത്ത ശബ്ദം’ എന്ന ചിത്രമാണ് സെഞ്ച്വറിയുടെ ആദ്യ ചിത്രം. പിന്നീട് കാര്യം നിസ്സാരം, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, നാടോടിക്കാറ്റ്, ആര്യൻ, അടിയൊഴുക്കുകൾ, സസ്നേഹം, തന്മാത്ര തുടങ്ങിയ നിരവധി നിരവധി ഹിറ്റുകൾ സെഞ്ച്വറിയുടെ ബാനറിൽ വെള്ളിത്തിരയിലെത്തി.

ഫഹദ് ഫാസിൽ നായകനായ ‘അതിരൻ’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിതരണ രംഗത്തും സജീവമായിരുന്നു. മനോഹരം, വികൃതി എന്നിയാണ് അവസാനമായി തീയേറ്ററിൽ വിതരണത്തിന് എത്തിച്ച ചിത്രങ്ങൾ. വിതരണത്തിന് തയാറാകുന്ന ‘കുഞ്ഞൽദോ‘യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.ശവസംസ്കാരം പിന്നീട്. പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. മക്കൾ: അഞ്ജന ജേക്കബ്, രഞ്ജന മാത്യൂ.