നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പിഎല്‍പി

Web Desk
Posted on September 15, 2019, 1:07 pm

പൂനെ: മഹാരാഷ്ട്രയില്‍ ബിജെപിക്കും ശിവസേനയ്ക്കും എതിരെ ശക്തമായ മുന്നേറ്റത്തിന് ലക്ഷ്യമിട്ട്
സ്വാഭിമാനി പക്ഷ സ്ഥാപക അധ്യക്ഷനും കര്‍ഷകനേതാവുമായ രാജു ഷെട്ടി 17 ന്യൂനപക്ഷ സമുദായ സംഘടനകളെ ഒന്നിപ്പിച്ച് പ്രജാ ലോക്ഷാഹി പരിഷത്ത് (പിഎല്‍പി) എന്ന പേരില്‍ മഹാരാഷ്ട്രയില്‍ പുതിയ സഖ്യം രൂപീകരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ബിജെപി-ശിവസേന സര്‍ക്കാരില്‍ നിന്ന് ന്യൂനപക്ഷസമുദായങ്ങള്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടിവന്നത്. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സാമൂഹിക സംഘടനയായിരിക്കും പിഎല്‍പിയെന്ന് പ്രഖ്യാപന വേളയില്‍ രാജു ഷെട്ടി വ്യക്തമാക്കി.

പിഎല്‍പിയുടെ പ്രതിനിധികളില്‍ പലരും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കാം. എന്നാല്‍ പിഎല്‍പിയുടെ യഥാര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് വോട്ടെടുപ്പിന് ശേഷമായിരിക്കുമെന്നും പുതിയ സഖ്യരൂപീകരണ ശേഷം ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കുന്നത് തടയാന്‍ പിഎല്‍പിക്ക് സാധിക്കും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം വലിയ വിള്ളല്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാറ്റം വോട്ടെടുപ്പില്‍ പ്രകടമാവുമെന്നും രാജു ഷെട്ടി പറഞ്ഞു.

കര്‍ഷക വായ്പകള്‍ എഴുതി തള്ളുന്നതിനെക്കുറിച്ചും മഹാരാഷ്ട്രയിലെ ഡാമുകളില്‍ ശരിയായ ജലവിതരണ പദ്ധതി രൂപീകരിക്കാത്തത് എന്തുകൊണ്ടാണെന്നും രാജു ഷെട്ടി ചോദിച്ചു. എല്ലാ അണക്കെട്ടുകളും നിറയുന്നതുവരെ സര്‍ക്കാര്‍ എന്തുകൊണ്ടാണ് കാത്തിരുന്നത്. കൃത്യമായ ഇടവേളകളില്‍ വെള്ളം പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് മറുപടി പറയണം. ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിന് കൃത്യമായൊരു പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മഹാരാഷ്ട്രയില്‍ 24,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമായിരുന്നില്ലെന്നും രാജു ഷെട്ടി പറഞ്ഞു.