Janayugom Online
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പിന് എത്തിയ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ഡ്യുട്ടി ഡോക്ടര്‍ വിഷ്ണുവിന്റെ മൊഴി എടുക്കുന്നു

രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍തന്നെ ക്ഷീണിതനായിരുന്നുവെന്ന് ഡ്യൂട്ടി ഡോക്ടര്‍

Web Desk
Posted on July 13, 2019, 9:06 pm

നെടുങ്കണ്ടം: രാജ്കുമാറിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ വളരെ ക്ഷീണിതനായാണ് കാണപ്പെട്ടതെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ തെളിവെടുപ്പിന് എത്തിയ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന് മുമ്പില്‍ ഡ്യുട്ടി ഡോക്ടറുടെ മൊഴി.

ആശുപത്രിയില്‍ നെടുങ്കണ്ടം പൊലീസുകാര്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ കഴുത്തിന് മാത്രമേ ചലനശക്തി ഉണ്ടായിരുന്നുള്ളു. ശരീരം അനക്കുവാന്‍ കഴിയാത്ത നിലയിലായിരുന്നു. സ്വന്തം പേര് പറയുവാനോ, കാര്യങ്ങള്‍ എഴുതി നല്‍കുവാനോ കഴിയാത്ത വിധം ഗുരുതരാവസ്ഥയിലായിരുന്നുവെന്നും ഡോക്ടര്‍ വിഷ്ണു കമ്മീഷന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. രണ്ട് കാലിനും നല്ല വേദന ഉണ്ടായിരുന്നു. വലത് കാല് ചലിപ്പിക്കുവാന്‍ കഴിയാത്ത വിധം വേദനയിലായിരുന്നുവെന്നും പറഞ്ഞു. ഇതിനെ തുടര്‍ന്ന് രാജ്കുമാറിനെ ആശുപത്രിയില്‍ 20 മണിക്കൂര്‍ നിരീക്ഷണത്തില്‍ വെച്ചു.

രാജ്കുമാര്‍ പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല. ഹാര്‍ട്ടിന് പ്രശ്‌നം ഉണ്ടായിരുന്നുവെന്നും എന്നാല്‍ മരുന്നുകള്‍ വല്ലപ്പോഴും മാത്രമാണ് കഴിക്കുന്നതെന്നും ഡോക്ടറിനോട് പറഞ്ഞിരുന്നു. എക്‌സറെ, ഇസിജി, പ്രഷര്‍ എന്നിവ നോക്കിയെന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ജയില്‍ എന്‍ക്വയറി കമ്മീഷന്‍ അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയതായും ഡോക്ടര്‍ മൊഴി നല്‍കി. 15ാം തീയതി രാത്രി 12ന് കൊണ്ടുവന്ന പ്രതിയെ 16ന് രാത്രി 8.30 ഓടേ ഡിസ്ചാര്‍ജ്ജ് ചെയ്ത് പ്രതിയെ സബ് ജയിലിലേയ്ക്ക് കൊണ്ടുപോയി. 16ാം തീയതി രാവിലെ എട്ടിന് ഡോക്ടര്‍ വിഷ്ണുവിന്റെ ഡ്യുട്ടി അവസാനിച്ചു. തുടര്‍ന്ന് ഡോക്ടര്‍ പത്മദേവിന്റെ നേത്യത്വത്തിലാണ് ചികിത്സ നല്‍കിയതെന്നും ഡോക്ടര്‍ വിഷ്ണു കമ്മീഷന് മൊഴി നല്‍കി.
എക്‌സറെ, ഇസിജി, പ്രഷര്‍ എന്നിവയുടെ രേഖകളും, ഐപി, ഒപി രേഖകളും അടുത്ത തവണ ഹാജരാക്കണമെന്നും കമ്മീഷന്‍ ആശുപത്രി അധിക്യതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.