ദില്ലി: കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ച് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 92‑നെതിരെ 117‑വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്.
പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ അത് അടിസ്ഥാന രഹിതമാണെന്നും അമിത് ഷാ പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് അയല്‍രാജ്യങ്ങള്‍ പാലിച്ചില്ല, ന്യൂനപക്ഷങ്ങളെ അടിച്ചോടിക്കുകയാണ് അയല്‍രാജ്യങ്ങള്‍ ചെയ്തത്, ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നം പരിഹരിക്കാന്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്, അതാണിപ്പോള്‍ ലങ്കയെ ഒഴിവാക്കിയത്, അടുത്തുള്ള ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സഹായിക്കാനാണിത്, ഇതില്‍ മുസ്ലിങ്ങളെ ഉള്‍കൊള്ളിക്കാന്‍ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി ബില്‍സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു. 44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി. ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായ കെകെ രാഗേഷ്, എളമരം കരീം, അബ്ദുള്‍ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ് എന്നിവരെല്ലാം ഭേദഗതി നിര്‍ദേശം നല്‍കിയെങ്കിലും ഇവയെല്ലാം വോട്ടിനിട്ട് തള്ളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.