Saturday
23 Mar 2019

കലാപത്തിന് ശക്തിയേറി: ഹൈക്കമാന്‍ഡ് ഇടപെടുന്നു

By: Web Desk | Sunday 10 June 2018 10:33 PM IST


Thiruvananthapuram:Kerala Chief Minister Oommen Chandy during an interview with the PTI in Thiruvananthapuram .PTI Photo (Eds please correlate with the story MDS 5)(PTI4_11_2016_000446B)
  • ഇന്ദിരാഭവന്‍ ഒഎല്‍എക്‌സില്‍ വില്‍പനയ്ക്ക് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
  • ഉമ്മന്‍ചാണ്ടിയെ ഒറ്റപ്പെടുത്തുന്നതില്‍ അതൃപ്തിയുമായി എ ഗ്രൂപ്പ്

പി എസ് രശ്മി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് മാണിക്ക് ദാനം ചെയ്തതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയുടെ അലകള്‍ കെട്ടടങ്ങാതെ കലുഷിതമായി കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന പ്രതിഷേധവും പരസ്പര വിമര്‍ശനവും തുടരുകയാണ്.
കോണ്‍ഗ്രസിലെ സമാനതകളിലാത്ത പ്രതിഷേധം ഹൈക്കമാന്‍ഡിനെയും ഞെട്ടിച്ചിരിക്കുകയാണ്.

നേതൃത്വത്തിന് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയുമുണ്ട്. ഇത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സൂചന. കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ രാഹുല്‍ ഗാന്ധി ചുമതലപ്പെടുത്തിയിട്ടുണ്ട്. അണികളില്‍ പ്രതിഷേധം ശക്തമായതോടെ തീരുമാനത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നുവെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഹസനും വ്യക്തമാക്കിയിരുന്നു. ഇതേ തീരുമാനം ഹൈക്കമാന്‍ഡിലും ഇവര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ കരുവാക്കി മാറ്റുന്നുവെന്നാരോപിച്ച് എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. മൂവര്‍സംഘം നടത്തിയ ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടി ഒറ്റപ്പെടുന്നുവെന്ന വികാരമാണ് എ ഗ്രൂപ്പിനുള്ളത്. ഹസനും ചെന്നിത്തലയും ഗൂഢാലോചനാ വാദത്തിന് മറുപടി പറയട്ടെയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതും ഇതേ അതൃപ്തിയുടെ ഭാഗമായാണ്. പി ജെ കുര്യനും, വി എം സുധീരനും കെ വി തോമസുമെല്ലാം വിരല്‍ ചൂണ്ടിയതും ഉമ്മന്‍ചാണ്ടിക്കുനേര്‍ക്കായിരുന്നു.

ഹൈക്കമാന്‍ഡിന്റെ മുന്നിലെത്തിയ പരാതികളിലെല്ലാം തന്നെ ഉമ്മന്‍ചാണ്ടിയെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നതും എ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. കെപിസിസി പ്രസിഡന്റിനെയടക്കം തീരുമാനിരിക്കെ ഇത്തരമൊരാക്രമണം തിരിച്ചടിയാകുമെന്ന ഭയവും ഇവര്‍ക്കുണ്ട്. മൂവര്‍സംഘം തീരുമാനിച്ച ശേഷമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും തീരുമാനം നടപ്പാക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നുവെന്ന് എ കെ ആന്റണിയും തുറന്നടിച്ചതോടെ ഇക്കാര്യത്തില്‍ കേരള നേതൃത്വം ഒറ്റപ്പെടുന്ന അവസ്ഥയാണ്. രൂക്ഷവിമര്‍ശനവുമായി പിടി തോമസും രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കേണ്ടത് മൂന്ന് നേതാക്കന്‍മാരല്ലെന്നാണ് പിടിയുടെ വിമര്‍ശനം. പി സി ചാക്കോയും നേതൃത്വത്തെ കുറ്റപ്പെടുത്തിയിട്ടുണ്ട്.

മാണി ബിജെപിയിലേക്ക് പോകില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്ന ചോദ്യവുമായി സുധീരന്‍ ഇന്നലെയും കളം നിറഞ്ഞു. രാഷ്രീയകാര്യസമിതിയില്‍ പങ്കെടുക്കില്ലെങ്കിലും തനിക്ക് പറയാനുളളത് പറയുമെന്ന് കുര്യനും, കുര്യന്‍ പരാതി ഹൈക്കമാന്‍ഡിന് നല്‍കിയത് നന്നായെന്ന് ഉമ്മന്‍ചാണ്ടിയും തിരിച്ചടിച്ചു.

അണികളുടെ പ്രതിഷേധവും കെട്ടടങ്ങിയിട്ടില്ല. വെള്ളയമ്പലത്തുള്ള കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വെച്ചാണ് അജയ് എസ് മേനോന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നേതൃത്വത്തെ തന്റെ പ്രതിഷേധമറിയിച്ചത്. കോണ്‍ഗ്രസ് ആസ്തി വില്‍പ്പനയ്ക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വില്‍പ്പനയെന്ന് ഒഎല്‍എക്‌സ് പരസ്യത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ആസ്ഥാനമന്ദിരമാണെങ്കിലും വില തുച്ഛമാണെന്നും വെറും പതിനായിരം രൂപയാണ് 1222 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഈ കെട്ടിടത്തിനു നല്‍കേണ്ടതെന്നുമാണ് പരസ്യത്തിലുള്ളത്.
മാണിയുടെ രാജ്യസഭാ സീറ്റും തുടര്‍ന്നുള്ള പ്രശ്‌നങ്ങളും കെപിസിസി നേതൃയോഗത്തിലും വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കുമെന്ന് തീര്‍ച്ചയാണ്.

Related News