രാജ്യസഭ: സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

Web Desk
Posted on June 11, 2018, 12:27 pm

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഒഴിവ് വന്ന മൂന്ന് രാജ്യസഭ സീറ്റിലേയ്ക്ക് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളായി സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വവും സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇളമരം കരീമും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണിയുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ ഇടത് മുന്നണി നേതാക്കള്‍ക്കൊപ്പമെത്തിയാണ് ബിനോയ് വിശ്വവും ഇളമരം കരീമും നിയമസഭ സെക്രട്ടറി വി കെ ബാബു പ്രകാശ് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രിമാരായ ഇ ചന്ദ്രശേഖരനന്‍, ഡോ. ടി എം തോമസ് ഐസക്ക്, ടി പി രാമകൃഷ്ണന്‍, പി തിലോത്തമന്‍, എം എം മണി, കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ കെ ബി ഗണേഷ്‌കുമാര്‍, സി കെ നാണു, കോവൂര്‍ കുഞ്ഞുമോന്‍, വിജയന്‍ പിള്ള, എസ് ശര്‍മ്മ, ചിറ്റയം ഗോപകുമാര്‍, മുകേഷ്, വി ജോയ്, തോമസ് ചാണ്ടി തുടങ്ങി ഇടത് മുന്നണി നേതാക്കള്‍ സന്നിഹിതരായിരുന്നു. രണ്ട് സെറ്റ് നാമനിര്‍ദ്ദേശ പത്രികകളാണ് ഇരുവരും സമര്‍പ്പിച്ചത്.
അതേസമയം, വന്‍ പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കുമിടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് പത്രിക സമര്‍പ്പണത്തിനെത്തിയതെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും ചടങ്ങില്‍ നിന്നും വിട്ടുനിന്നു. കോണ്‍ഗ്രസ് യുവ എംഎല്‍എമാരുടെ പ്രതിഷേധം ഭയന്ന് നിയമസഭയില്‍ ഉണ്ടായിരുന്നിട്ടും കെ എം മാണി ചടങ്ങില്‍ പങ്കെടുത്തില്ല. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പങ്കെടുക്കാത്തതും ശ്രദ്ധേയമായി.
നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. വ്യാഴാഴ്ച സൂഷ്മ പരിശോധന നടക്കും. നിലവില്‍ എല്‍ഡിഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാം. മൂവര്‍ക്കും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തപക്ഷം മൂവരും രാജ്യസഭാ അംഗങ്ങളാകും.

രാജ്യത്തിന്റെ പാരമ്പര്യവും ജനാധിപത്യവും സംരക്ഷിക്കും

തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കപ്പെടുന്ന ഇക്കാലത്ത് രാജ്യത്തിന്റെ പാരമ്പര്യവും ജനാധിപത്യവും സംരക്ഷിക്കുവാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ഥികളായ ബിനോയ് വിശ്വവും എളമരം കരീമും പറഞ്ഞു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ജനങ്ങളാണ് പരമാധികാരികള്‍ എന്നത് ഉള്‍ക്കൊണ്ടുകൊണ്ടാവും തങ്ങളുടെ പ്രവര്‍ത്തനമെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭയിലേക്ക് ആദ്യമായി പോകുന്നവരാണെങ്കിലും സംസ്ഥാനത്ത് നിയമസഭയില്‍ എംഎല്‍എ മാരായി പ്രവര്‍ത്തിച്ച പരിചയസമ്പത്ത് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണി നയങ്ങള്‍ക്കനുസരിച്ച് രാജ്യസഭയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് എളമരം കരീം പറഞ്ഞു.