യുഎപിഎ; തിരുത്തലിനുള്ള സമ്മര്‍ദ്ദങ്ങള്‍ തുടരണം

Web Desk
Posted on August 02, 2019, 9:46 pm

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ഭേദഗതി നിയമം (യുഎപിഎ) രാജ്യസഭയും കടന്നിരിക്കുന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരമെന്ന സാങ്കേതികത്വം കൂടി കഴിയുന്നതോടെ അത് രാജ്യത്ത് പ്രാബല്യത്തിലാകും. രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യസമ്മേളനത്തില്‍ നിരവധി വിവാദപരമായ നിയമഭേദഗതികളാണ് പാസാക്കിയെടുത്തിരിക്കുന്നത്. അധികാരത്തിലേറി ആദ്യ മാസങ്ങളില്‍ തന്നെ ഇത്രയധികം നിയമനിര്‍മ്മാണത്തിനും ഭേദഗതികള്‍ക്കും സര്‍ക്കാര്‍ ധൃതികാട്ടുന്നതും ചട്ടങ്ങള്‍ മറികടക്കുന്നതുമെല്ലാം നേരത്തേതന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.

നടപ്പുസമ്മേളനം അംഗീകരിക്കുന്ന ഏറ്റവും വിവാദപരവും ആശങ്കാകുലവുമായ മൂന്ന് നിയമങ്ങളില്‍ ഒന്നാണ് ഇന്നലെ രാജ്യസഭ അംഗീകരിച്ച യുഎപിഎ ഭേദഗതി നിയമം. കൂടുതല്‍ പരിശോധനയ്ക്കായി ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം 85 നെതിരെ 104 വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. ലോക്‌സഭ ജൂലൈ 24 ന് തന്നെ നിയമഭേദഗതി പാസാക്കിയിരുന്നു.

ടാഡ, പോട്ട എന്നിങ്ങനെ പല പേരുകളില്‍ ഭീകരപ്രവര്‍ത്തനങ്ങളും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിനായി നിയമനിര്‍മ്മാണങ്ങളുണ്ടായിരുന്നു. അവ പല ഘട്ടങ്ങളിലും ദുരുപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. യുഎപിഎയുടെ നിലവിലുള്ള നിയമങ്ങള്‍ പോലും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഉപയോഗിച്ച അനുഭവങ്ങളും മുന്നിലുണ്ട്.

കടുത്ത ആശങ്കകള്‍ സൃഷ്ടിക്കുന്നതും ദുരുപയോഗ സാധ്യതയുള്ളതുമായ നിബന്ധനകളാണ് ഭേദഗതിയിലൂടെ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ സംഘടനകളെ മാത്രമായിരുന്നു ഭീകരരായി പ്രഖ്യാപിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാമെന്നതാണ് ഏറ്റവും ആശങ്ക സൃഷ്ടിക്കുന്നത്. എന്‍ഐഎക്ക് ഇതിനായി കൂടുതല്‍ അധികാരങ്ങള്‍ നല്‍കുകയാണ് ഭേദഗതിയിലൂടെ. ഒരു വ്യക്തിയെ ഇത്തരത്തില്‍ ഭീകരനായി പ്രഖ്യാപിച്ച് നടപടിയെടുക്കുമ്പോള്‍ അതാത് സംസ്ഥാനങ്ങള്‍ പോലും അറിയേണ്ടതില്ല.

ഇപ്പോള്‍തന്നെ തങ്ങള്‍ക്ക് വിയോജിപ്പുള്ളവരെ നഗര നക്‌സലുകളെന്നും ദേശവിരുദ്ധരെന്നും മുദ്രകുത്തി ജയിലില്‍ അടയ്ക്കുകയും മറ്റും ചെയ്തുവരികയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. കെട്ടിച്ചമച്ച തെളിവുകളുമായി അറസ്റ്റ് ചെയ്യുകയും വിചാരണ പോലുമില്ലാതെ തടവറയില്‍ കഴിയുകയും ചെയ്യേണ്ടി വന്നവരുടെ എണ്ണം പോലും കൃത്യമായി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ല.

കൂടാതെ അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്തുതന്നെ വളരെയധികമായിരുന്നതുമാണ്. സിബിഐ, എന്‍ഐഎ എന്നിവയെല്ലാം ആ കാലയളവില്‍ വിവാദങ്ങളുടെ കുത്തൊഴുക്ക് സൃഷ്ടിച്ചിരുന്ന അന്വേഷണ ഏജന്‍സികളാണ്. എന്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് എന്നിവ പോലും പ്രതികാരനിര്‍വഹണത്തിനും ഭീതിപ്പെടുത്തി കൂടെ നിര്‍ത്തുന്നതിനുമുള്ള ആയുധങ്ങളായി ഉപയോഗിച്ച എത്രയോ സംഭവങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ഭേദഗതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന ആശങ്ക വര്‍ധിപ്പിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ഭീകരരായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും നടപടിക്ക് വിധേയരാക്കാനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാകുവാന്‍ പോകുകയാണ്. ഈ ആശങ്ക തിരിച്ചറിഞ്ഞതുകൊണ്ടാണ് അംഗബലത്തില്‍ കുറവാണെങ്കിലും ഇടതുപക്ഷം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചത്.
എന്നാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അപകടവും ദുരുപയോഗ സാധ്യതകളും മനസിലാക്കാന്‍ സാധിക്കാതെ പോയ മുഖ്യപ്രതിപക്ഷപാര്‍ട്ടിയായ കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് യഥാര്‍ഥത്തില്‍ വിശദീകരണത്തിനപ്പുറം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാടായി എന്ന് പറയാതെവയ്യ.

കൂടുതല്‍ അപകടകരമായ നടപടികളിലേക്കാണ് ബിജെപി സര്‍ക്കാര്‍ പോകുന്നതെന്നതിന്റെ സൂചനകളാണ് ഈ നിയമനിര്‍മ്മാണങ്ങള്‍ നല്‍കുന്നത്. ഏകാധിപത്യപരവും സ്വേച്ഛാധിപത്യപരവുമായ നയങ്ങള്‍ ഭാവിയില്‍ നമ്മെ കാത്തിരിക്കുകയാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവുന്നുണ്ട് ഈ നിയമഭേദഗതികള്‍. ഒരുപക്ഷേ ചില കക്ഷികളെങ്കിലും പ്രതീക്ഷിച്ചതില്‍ നിന്ന് വിരുദ്ധമായി ബിജെപിയുടെ നിയമനിര്‍മ്മാണങ്ങളെ പിന്തുണച്ചതിന് പിന്നില്‍ നിയമഭേദഗതിയുടെ ദുരുപയോഗസാധ്യത ചൂണ്ടിക്കാട്ടിയുള്ള ബ്ലാക്ക്‌മെയിലിംഗ് ഉണ്ടായിരുന്നുവോ എന്ന് സംശയിക്കുന്നതും തെറ്റല്ല.

നിയമം പ്രാബല്യത്തില്‍ വരുന്നതിന് ഇനി രാഷ്ട്രപതിയുടെ അംഗീകാരമെന്ന സാങ്കേതികത്വം മാത്രമേ അവശേഷിക്കുന്നുള്ളൂ. എങ്കിലും ഇതിന്റെ അപകടങ്ങളെക്കുറിച്ചുള്ള പ്രചരണങ്ങളും ജനാഭിപ്രായ രൂപീകരണത്തിലൂടെ തിരുത്തല്‍ നടപടിക്ക് കേന്ദ്രത്തെ നിര്‍ബന്ധിതമാക്കുന്നതിനുമുള്ള ശ്രമങ്ങളും തുടരുക തന്നെ വേണം.