രാകേഷ് അസ്താനയുടെ ഹര്‍ജി തള്ളി

Web Desk

ന്യൂഡല്‍ഹി

Posted on January 11, 2019, 10:18 pm

രാകേഷ് അസ്താനയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തനിക്കെതിരെയുള്ള അഴിമതിക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അന്വേഷണം തുടരാമെന്ന് നിര്‍ദ്ദേശിച്ച കോടതി അന്വേഷണം വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശിച്ചു.

മോയിന്‍ ഖുറേഷി എന്ന വ്യവസായിയില്‍ നിന്നും അഞ്ച് കോടി രൂപ വാങ്ങി എന്നായിരുന്നു രാകേഷ് അസ്താനയ്‌ക്കെതിരെയുള്ള പരാതി. അലോക് വര്‍മ്മയെ അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയത്. അതുകൊണ്ട് തന്നെ വീണ്ടും സിബിഐ തലപ്പത്ത് എത്തണമെങ്കില്‍ രാകേഷ് അസ്താനയ്ക്ക് ഈ കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കുകയെന്നത് നിര്‍ണായകമാണ്.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറും നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനുമായ രാകേഷ് അസ്താനയ്‌ക്കെതിരെ അലോക് വര്‍മ്മ അഴിമതിക്കേസില്‍ നടപടി എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരെയും താല്‍കാലികമായി സിബിഐയില്‍ നിന്നും മാറ്റി നിര്‍ത്തിയത്.