Web Desk

കണ്ണൂര്‍

July 31, 2021, 11:44 am

രണ്ട് മാസത്തോളം ആരോടും ഏട്ടന്‍ സംസാരിച്ചില്ല, മാനസയെ രഖില്‍ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷം: സഹോദരന്‍

Janayugom Online

ജീവിതം തകർന്നെന്ന് രഖിൽ മെസേജ് അയച്ചിരുന്നുവെന്ന് സഹോദരന്‍ രാഹുല്‍. മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമാണ്. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല. വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷ. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തി. രണ്ട് മാസത്തോളമായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ ഒരു സ്വകാര്യ മാധ്യമത്തിനോട് പ്രതികരിച്ചു.

രഖിലിന്റെ അമ്മ കുറച്ച് ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അയൽവാസിയും പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓൺലൈൻ മാര്യേജ് വെബ്സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവർ പറഞ്ഞു. ടിക്കറ്റ് റെഡിയായെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇത് നടന്നില്ലെന്നും അയല്‍വാസി പ്രതികരിച്ചു. മാനസയുടെ കോളജിലെ സുഹൃത്തുകളുമായി രാഖിന് ബന്ധം സ്ഥാപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ദന്തല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നിരുന്നു. മാനസയുടെ നീക്കങ്ങള്‍ സുഹൃത്ത് രഖിൽ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം പറഞ്ഞു. താമസിച്ചിരുന്ന മുറിയിൽ നിന്ന് ഇയാൾ വഴിയിലൂടെ പോകുന്ന മാനസയെ നോക്കുന്നത് കണ്ടിരുന്നു. ഇയാളെ പറ്റി വിവരങ്ങളൊന്നു൦ ആ ഘട്ടത്തിൽ അറിഞ്ഞിരുന്നില്ലെന്നും കടയുടമ പ്രതികരിച്ചു.

അതേസമയം, രഖിൽ മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. രഖിലിന് നാടൻ തോക്ക് എവിടെ നിന്ന് കിട്ടി എന്നതാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി നാലംഗ പ്രത്യേക സംഘം കണ്ണൂരിലെത്തി. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ സുഹൃത്തുകളെ ഉടന്‍ ചോദ്യം ചെയ്യും.

മാനസയുടെയും രഖിലിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക.

Eng­lish sum­ma­ry: Man­asa mur­der Followup

You may also like this video: