കൃഷി നടത്താന്‍ പരോള്‍ തേടി ആള്‍ദൈവം

Web Desk
Posted on June 22, 2019, 10:29 pm

ന്യൂഡല്‍ഹി: കൃഷി നടത്താന്‍ പരോളിന് അപേക്ഷ നല്‍കി ആള്‍ദൈവം. റോത്തക്കിലെ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങാണ് പരോളിന് അപേക്ഷ നല്‍കിയത്.

സിര്‍സയില്‍ തന്റെ കൃഷി നോക്കി നടത്താനെന്ന പേരിലാണ് ഇദ്ദേഹം പരോളിന് അപേക്ഷ നല്‍കിയത്. ജയില്‍ സൂപ്രണ്ട് അപേക്ഷ ഹിസാര്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്കും സിര്‍സ ജില്ലാ മജിസ്‌ട്രേറ്റിനും കൈമാറി. ജയിലിലും ഇദ്ദേഹം പച്ചക്കറിയും മറ്റ് ചെടികളും വളര്‍ത്തുന്നുണ്ട്. രണ്ട് ബലാത്സംഗ കേസുകളില്‍ 10 വര്‍ഷം വീതം തടവ് ശിക്ഷയാണ് റാം റഹീമിന് വിധിച്ചിരുന്നത്. കൂടാതെ മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകത്തില്‍ ജീവപര്യന്തവും വിധിച്ചിരുന്നു.

റാം റഹിം ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ സിബിഐ കോടതിയാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടന്ന അക്രമ സംഭവങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും 250ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.