രാമക്ഷേത്രം; സുപ്രിംകോടതിക്ക് അമിത്ഷായുടെ അന്ത്യശാസനം

Web Desk
Posted on December 20, 2018, 11:03 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് രാജ്യത്തെ പരമോന്നത കോടതിയെ വെല്ലുവിളിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് ജനുവരിയില്‍ പരിഗണിക്കുമെന്ന സുപ്രിംകോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേ പത്തുദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞിരിക്കണമെന്ന അന്ത്യശാസനം നല്‍കിയ അദ്ദേഹം കോടതി തീരുമാനം നീണ്ടുപോയാല്‍ എന്തുചെയ്യണമെന്ന് അറിയാമെന്ന ഭീഷണിയും മുഴക്കി.
കോടതിയില്‍ നിന്നും എന്ത് തീരുമാനം ഉണ്ടായാലും ബാബറി പള്ളി പൊളിച്ച അതേ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുമെന്നും റിപ്പബ്ലിക് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ അമിത്ഷാ പറഞ്ഞു. ഇത് ബിജെപിയുടെ മാത്രം അഭിപ്രായമല്ല മറിച്ച് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ അഭിപ്രായമാണെന്നും അമിത് ഷാ വ്യക്തമാക്കി.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണ്. കേസ് അടുത്ത വര്‍ഷം ആദ്യം പരിഗണിക്കുമെന്ന് മാത്രമാണ് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. വിചാരണ തുടങ്ങുന്ന തീയതിയോ എത്ര ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്നോ കോടതി അന്ന് വ്യക്തമാക്കിയിരുന്നില്ല. ജനുവരി ആദ്യം വിചാരണ ആരംഭിക്കുമെന്നും തുടര്‍ച്ചയായി വാദം കേട്ടാല്‍ പത്ത് ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയുമെന്നുമാണ് അമിത് ഷാ ഇന്നലെ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. രാജ്യത്തെ ഭരണഘടനയോടും നീതിന്യായ സംവിധാനത്തോടുമുള്ള ബിജെപിയുടെ ധിക്കാര സമീപനമാണ് അമിത്ഷായുടെ വാക്കുകളില്‍ പ്രതിധ്വനിക്കുന്നതെന്ന ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഭൂമിയുടെ അവകാശം സംബന്ധിച്ച കേസ് മാത്രമാണ് തങ്ങളുടെ പരിഗണനയിലുള്ളതെന്ന സുപ്രിം കോടതി നിരീക്ഷണത്തെ ആധാരമാക്കിയാണ് അമിത്ഷായുടെ ഭീഷണി.

തെരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് രാമക്ഷേത്ര വിഷയം ഉയര്‍ത്തുന്നതെന്ന ചോദ്യത്തോടുള്ള അമിത് ഷായുടെ പ്രതികരണവും രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് വ്യക്തമാക്കുന്നത്. അയോധ്യ കേസ് മുന്‍ഗണനക്രമത്തില്‍ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റേയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ രാമക്ഷേത്രം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ല. വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ഇത് വേഗം പരിഗണിച്ച് തീര്‍പ്പാക്കേണ്ടത് രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണെന്ന് ഷാ അഭിപ്രായപ്പെടുന്നു.
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാര്‍ അടിയന്തര തീരുമാനമെടുക്കണമെന്ന് ചൊവ്വാഴ്ച്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. അവിടേയും കോടതിയെ ധിക്കരിക്കുന്ന നിലപാടാണ് എംപിമാരും സ്വീകരിച്ചത്. ക്ഷേത്രം നിര്‍മ്മിക്കുന്നതിനായുള്ള നിയമനിര്‍മ്മാണം നടത്താനോ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനോ മോഡി സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് എംപിമാര്‍ ആവശ്യപ്പെട്ടത്. യോഗത്തില്‍ രാമക്ഷേത്ര വിഷയം ഉന്നയിച്ചതായി ബിജെപി എംപി ഹരിനാരായണ്‍ രാജ്ബര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ബില്‍ എപ്പോള്‍ പാസാക്കുമെന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്ന മറുപടിയാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നല്‍കിയതെന്നും ഹരിനാരായണ്‍ രാജ്ബര്‍ പറഞ്ഞു.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വികാരം ഉണര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാനുള്ള ബിജെപിയുടെ തന്ത്രം. ഇതിന്റെ പരിച്ഛേദമാണ് അമിത് ഷാ ഇന്നലെ നടത്തിയ വെല്ലുവിളി.