രാമക്ഷേത്രം: വിവരാവകാശങ്ങളിൽ മൗനംപാലിച്ച് കേന്ദ്രം

Web Desk

ന്യൂഡല്‍ഹി

Posted on August 04, 2020, 8:57 pm

അയോധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തെ കുറിച്ചുള്ള വിവരാവകാശങ്ങളിൽ ബിജെപി സർക്കാർ മൗനം പാലിക്കുന്നുവെന്ന് റിപ്പോർട്ട്. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരാവകാശത്തിന് കേന്ദ്രം മറുപടി നൽകിയില്ലെന്ന് ദ വയര്‍ റിപ്പോർട്ട് ചെയ്യുന്നു.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള 2019ലെ സുപ്രീം കോടതി വിധിക്ക് മുമ്പും ശേഷവും നൽകിയ രണ്ട് വിവരാവകാശങ്ങൾക്കാണ് ഇതുവരെയായിട്ടും മറുപടിലഭിക്കാത്തത്. ധർമ്മശാല സൻസദുമായി ബന്ധപ്പെട്ട് അയോധ്യയിലുണ്ടായ സംഭവങ്ങളെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര വകുപ്പ്, ഉത്തർപ്രദേശ് സർക്കാർ തുടങ്ങിയവർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നായിരുന്നു ഒരു വിവരാവകാശ അപേക്ഷ. 2018 നവംബർ 27നാണ് ലഖ്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകൻ നുതൻ താക്കൂറാണ് അപേക്ഷ നൽകിയത്. എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകുന്നതിന് പകരം അപേക്ഷ വിവേചന രഹിതവും തുറന്ന സ്വഭാവമുള്ളതുമാണെന്നാണ് ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ (സിപിഐഒ) മറുപടി നൽകിയത്. തുടർന്ന് താക്കൂർ മറ്റൊരു അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രഥമ അപ്പലെറ്റ് അതോറിറ്റി സിപിഐഒയുടെ മറുപടി തടഞ്ഞുവയ്ക്കുകയായിരുന്നു.

ക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ടത്തിനായി രൂപീകരിച്ച സ്വതന്ത്ര ട്രസ്റ്റിന്റെ ഭാരവാഹികളെ കുറിച്ച് ചോദിച്ചുള്ള സിയാബാദ് സ്വദേശി സുശീൽ രാഘവിന്റെ അപേക്ഷയ്ക്ക് മറുപടി നൽകാൻ ആഭ്യന്തര മന്ത്രാലയവും തയ്യാറായില്ല. നിയമപരമായ വസ്തുതകൾ ചൂണ്ടി കാണിയ്ക്കാതെയാണ് അപേക്ഷ തള്ളിയതെന്നും ആരോപണമുണ്ട്. ട്രസ്റ്റിനെ കുറിച്ച് ഒരു വിവരവും നൽകാൻ കഴിയില്ലെന്നാണ് മന്ത്രാലയം അറിയിച്ചത്. 2020 ജൂൺ 13 നാണ് അപേക്ഷ സമർപ്പിച്ചത്.

you may also like this video