Janayugom Online
ramaayana maasam

ദശരഥന്‍റെ ലജ്ജാകരമായ ദാസ്യം

Web Desk
Posted on July 22, 2018, 2:26 pm
sadasivan nair s

sada­si­van nair s

രാമാഭിഷേക വിഷയത്തിൽ വിഷം കുത്തി വയ്ക്കുമോ എന്ന ഭയം കൗസല്യയ്ക്ക് കലശലായി ഉണ്ടായിരുന്നു. ആ ഭയം സത്യമായി പരിണമിക്കുകയും ചെയ്തു. ഒരു പരിചാരിക മാത്രമായിരുന്ന മന്ഥര കൈകേയിയിൽ കുത്തിവച്ചത് കാളകൂട വിഷമായിരുന്നു. അതായത് ഭരത ശത്രുഘ്നൻമാരെ അമ്മാവന്മാരെ കാണുന്നതിന് കേകയ രാജ്യത്തിലേക്കയച്ചത് ചെവിക്കു ചെവി അറിയാതെ ഈ രാജ്യാഭിഷേകം നടത്താൻ വേണ്ടിയാണെന്ന് മന്ഥര ആരോപിച്ചു. ആരോടും ചർച്ച ചെയ്യാതെയാണ് ദശരഥൻ ഈ തീരുമാനമെടുത്തതും. അതുകൊണ്ടു സ്വാഭാവികമായും ദശരഥന്റെ ഒരു ഗൂഢാലോചന ഇക്കാര്യത്തിലുണ്ടെന്ന് മന്ഥര പറഞ്ഞപ്പോൾ കൈകേയിയ്ക്ക് അത് വിശ്വാസ്യമായി തോന്നി. ദുസ്സംഗം കൊണ്ട് വരാവുന്ന ഭവിഷ്യത്ത് എന്താണെന്ന് ഈ വരികളിൽ കാണിച്ചിരിക്കുന്നു.

“ധീരനായേറ്റം ദയാന്വിതനായ് ഗുണാചാര  സംയുക്തനായ്‌ നീതിജ്ഞനായ് നിജദേശികവാക്യസ്ഥിതനായ് സുശീലനായാശയശുദ്ധനായ്‌ വിദ്യാനിരതനായ്   ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും

ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാൽ സജ്ജനനിന്ദ്യനായ് വന്നുകൂടും ദൃഢം.

ദുർജനസംസർഗമേറ്റമകലവേ വർജിക്കവേണം പ്രയത്നേന സല്പുമാൻ

കജ്ജളം പറ്റിയാൽ സ്വർണവും നിഷ്പ്രഭം” (രാമാഭിഷേക വിഘ്‌നം)

കേകയ പുത്രീ വശഗതനായ ദശരഥന്റെ പാരവശ്യം പരമദയനീയമായി പരിണമിച്ചു. പ്രേമധിക്യം കൊണ്ട് ചഞ്ചല ചിത്തനും ചപല മനസ്കനുമായി തീർന്ന ദശരഥൻ പ്രലോഭനങ്ങളും പ്രീണനങ്ങളും വാരിച്ചൊരിഞ്ഞുകൊണ്ടു കൈകേയിയെ വശീകരിക്കാൻ ആവുംവിധമെല്ലാം ശ്രമിച്ചു. അടവുകൾ പലതും പയറ്റി പരാജയപ്പെട്ടു. ഒരു രാജാവിനും ഒരു വിധത്തിലും അനുയോജ്യമല്ലാത്ത, ധര്മ നീതിക്കു നിരക്കാത്ത പല തീറ്റകളും ചൂണ്ടയിൽ കോർത്ത് വിദഗ്ദ്ധമായിത്തന്നെ പ്രയോഗിച്ചു. അതിലൊന്നും കൈകേയി കൊത്തിയില്ലെന്നു മാത്രമല്ല അത്യധികം നിന്ദയോടെ നിരാകരിക്കുകയും ചെയ്തു. അവജ്ഞയോടുകൂടിയല്ലാതെ വിമർശനവിധേയമാക്കാൻ കഴിയാത്ത  “വധ്യനെ ന്യൂനമവധ്യനാക്കീടുവൻ

വധ്യനാക്കീടാമവധ്യനെ വേണ്ടുകിൽ”

എന്നുവരെ പ്രയോഗിച്ചു. ഏതു ധര്മ നീതിയുടെ പിൻബലത്തിലാണ് ദശരഥൻ ഇത് പറയാൻ ധൈര്യം പ്രകടിപ്പിച്ചതെന്നറിയില്ല. പ്രജ്ഞയുള്ള ഒരു വ്യക്തിക്കും ഭൂഷണമല്ല ഈ ലജ്ജാകരമായ ദാസ്യം. ആത്മാർത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്ത കൈകേയിയുടെ മുമ്പിൽ അടിയറവു പറഞ്ഞ സന്ദര്ഭങ്ങളാണിവ. അടി തെറ്റിയാൽ ആനയും വീഴും. അപ്രമാദിത്വത്തിന്റെ അഹങ്കാരം പേറി നടന്ന ദശരഥൻ കൈകേയിയുടെ മുമ്പിൽ വാലുമാട്ടി നിൽക്കുന്ന വെറും നയക്കുട്ടിയായി പരിണമിച്ചു.

” ന അഹങ്കാരാത്  പരോരിപു” എന്ന് ഖേരന്റെ സംഹിത പറഞ്ഞിരിക്കുന്നു. അഹങ്കാരത്തിലും വലിയ ശത്രുവില്ലെന്ന്. ദേവാസുരായോധനത്തിൽ ദേവേന്ദ്രൻ ദശരഥന്റെ സഹായം അഭ്യർത്ഥിച്ചു. യുദ്ധത്തിൽ ജയിച്ചതോടുകൂടി നില മറന്ന ദശരഥൻ നിലയും വിലയുമവഗണിച്ച് പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ കൈകേയിക്ക് വാരിക്കോരിക്കൊടുത്തതു രണ്ടു വരങ്ങൾ. അവ രണ്ടും തന്റെ സർവ നാശത്തിന്റെ അസ്ഥിവാരം പണിയുകയും ചെയ്തു. ഇതിന്റെയെല്ലാം പ്രചോദനം കൈകേയിയുടെ ബാഹ്യ സൗന്ദര്യമാണ്. യുദ്ധ മദ്ധ്യേ തേരിന്റെ ആണി നഷ്ടപ്പെട്ടു തേര് നിയന്ത്രണം വിട്ടു പോകാതിരിക്കാൻ കൈകേയി ഹസ്തദണ്ഡം പ്രയോഗിച്ചെങ്കിൽ ആ തേരിലെ തന്നെ സഹയാത്രികയായി സ്വന്തം ജീവൻ കൂടി രക്ഷിക്കാനായിരുന്നു. ഇതൊന്നും കൈകേയിയുടെ സൗന്ദര്യത്തിൽ ഭ്രമിച്ചു പോയ ദശരഥന് ഓർക്കാൻ കഴിഞ്ഞേയില്ല.

‘മുഖം പദ്മദളാകരം വാചാ ചന്ദനശീതളം ഹൃദയം വഹ്നിസന്തപ്തം ത്രിവിധം ദുഷ്ടഫലം” എന്ന ആപ്ത വചനകളൊന്നും തലയ്ക്കു മത്തു പിടിച്ചുപോയ ദശരഥനു ഓര്മ വന്നില്ല. പതനം പൂർത്തിയായെന്ന് ബോധ്യപ്പെട്ടപ്പോൾ കൈകേയിയുടെ കാൽക്കൽ വീണ് ഒരിറ്റു ദയയ്ക്ക് വേണ്ടി കേണപേക്ഷിച്ചു ദശരഥൻ, ഗത്യന്തരമില്ലാതെ തന്നെ കൗസല്യസന്നിധിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. അന്ത്യകാലത്തു ആപത്തുകാലത്തു തന്നെ അഭയം പ്രാപിച്ച ദശരഥനോട് പുത്രവിരഹത്താൽ വൃണിതഹൃദയായ കൗസല്യ “ഏവമെല്ലാം വരുത്തിത്തനിയേ പരിദേവനം ചെയ്‌വതിനെന്തൊരു കാരണം?” (ദശരഥന്റെ ചരമഗതി) എന്ന് മാത്രമാണ് പറഞ്ഞത്.

“ചിത്തമാം വലിയവൈരി കീഴമർന്ന് അത്തൽതീർന്ന” ഒരു യമിയെയാണ് കൗസല്യയിൽ നമുക്ക് കാണാൻ കഴിയുന്നത്. വീണ്ടുവിചാരമില്ലാതെ ചെയ്ത കർമഫലം ഒരു ഭീമന്റെ പതനത്തിനു എത്ര സമർത്ഥമായി പന്ഥാവൊരുക്കിയെന്നു നമുക്കിവിടെ വായിച്ചറിയാം. ഇതൊക്കെ പൗരാണികമാണ്, ആർഷമാണ്. ഇതിനൊക്കെ ആധുനികതയുടെ നിറം പിടിപ്പിച്ചുകൂടാ.