കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ അന്തരിച്ചു

Web Desk

കൊച്ചി

Posted on March 27, 2020, 11:06 am

പ്രമുഖ ഫിഷറീസ് ശാ​സ്ത്ര​ഞ്ജ​നും കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയുടെ (കുഫോസ്) വൈസ് ചാന്‍സലറുമായ ഡോ.എ.രാമചന്ദ്രന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് രണ്ട് മണിയ്ക്ക് കൊച്ചി കളമശ്ശേരിയിലെ വസതിയില്‍ വെച്ച് ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു.

കുസാറ്റിന്റെ ഇന്‍ഡ്രസ്റ്റീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയക്ടറായിരുന്ന ഡോ.രാമചന്ദ്രന്‍ 2016 ജൂണിലായിരുന്നു കുഫോസിന്റെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റത്. കൊച്ചിയിലെ ആദ്യകാല മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എസ്.എന്‍ മേനോന്റെ മകനാണ്. സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡ്വൈസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശിയ അന്തര്‍ദേശിയ സമതികളില്‍ എക്‌സ്‌പേര്‍ട്ട് അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ നവംബറില്‍ ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ബ്‌ളൂ ഇക്കോണമി കോണ്‍ഫറന്‍സ് കൊച്ചിയില്‍ നടന്നത് ഡോ.എ.രാമചന്ദ്രന്റെ നേതൃത്വത്തില്‍ ആയിരുന്നു.

ഫിഷറീസ് രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചിതാവാണ്. 132 വിദ്യാര്‍ത്ഥികള്‍ ഡോ.രാമചന്ദ്രന് കീഴില്‍ ഗവേഷണം നടത്തി പി.എച്ച്.ഡി ബിരുദം നേടി. ഹോളണ്ടിലെ ഡെല്‍ഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോ.രാമചന്ദ്രന്‍ പോസ്‌ററ് പി.എച്ച്.ഡി ബിരുദം നേടിയത്. വേന്പനാട്ട് കായലിലെ പ്‌ളാസ്റ്റിക് മാലിന്യത്തെ കുറിച്ച് കുഫോസ് നടത്തിയ പഠനത്തിന് നേതൃതം നല്‍കിയ ഡോ.രാമചന്ദ്രന്‍, സമുദ്രപരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും ഐശ്ചിക വിഷയങ്ങളായി എം.എസ്.സി കോഴ്‌സുകള്‍ കുഫോസില്‍ ആരംഭിക്കുകയും ചെയ്തു.

ഇടപ്പള്ളി കാബയിന്‍ സ്‌കുളിലെ അധ്യാപികയായ ഡോ സനൂജ രാജേശ്വരിയാണ് ഭാര്യ. ഏക മകന്‍ രാഹുല്‍ രാമചന്ദ്രന്‍ സിംഗപ്പൂരില്‍ ഷിപ്പ് എഞ്ചിനീയറാണ്. മൃതദേഹം ഇപ്പോള്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് വൈകീട്ട്‌.