റമദാൻ വ്രതാനുഷ്ഠത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നോമ്പുതുറയിലെ പ്രധാന വിഭവങ്ങൾക്ക് വിപണിയിൽ വൻ ക്ഷാമം. വരും ദിവസങ്ങളിൽ ഡ്രൈ ഫ്രൂട്ട്സുകളൊന്നും വിപണിയിൽ കിട്ടുകയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. തായ്ലാന്റ്, മലേഷ്യ, യുഎസ്എ, ഇറാഖ്, ചൈന, ആഫ്രിക്ക, അഫ്ഗാൻ എന്നിവിടങ്ങളിൽ നിന്നുമാണ് ഡ്രൈ ഫ്രൂട്ടുകൾ പ്രധാനമായും വിപണികളിൽ എത്തുന്നത്. എന്നാൽ കൊറോണ വ്യാപനത്തെ തുടർന്ന് ഇത്തവണ കേരളത്തിലെ വിപണികളിൽ ആവശ്യമായ ഉണക്ക പഴങ്ങൾ എത്തിയില്ല.
ഈത്തപ്പഴം, അപ്രിക്കോട്ട്, അത്തിപഴം, ബദാം, കാരക്ക തുടങ്ങിയവയാണ് നോമ്പുതുറയിലെ പ്രധാന വിഭവങ്ങൾ. അറബ് രാജ്യങ്ങളിൽ നിന്നുമാണ് ഈത്തപ്പഴവും കാരക്കയും ലഭിക്കുന്നത്. എഴുപതോളം വ്യത്യസ്തതയാർന്ന പേരുകളിലുള്ള ഈന്തപ്പഴങ്ങൾക്ക് ഈ സമയത്ത് വൻ ആവശ്യക്കാരാണ് ഉണ്ടാവാറുള്ളത്. പക്ഷെ ഇത്തവണ പകുതിയിലും താഴെ ഇനങ്ങളാണ് എത്തിയിട്ടുള്ളത്. അതുകൊണ്ട് ലഭ്യമായ ഈത്തപ്പഴത്തിനും മറ്റും ഇരട്ടിയിലധികം വില നൽകേണ്ടി വന്നുവെന്നും മൊത്തവ്യാപാരികൾ പറഞ്ഞു.
വെള്ള കാരയ്ക്കയും സാധാരണക്കാർ പ്രധാനമായും വാങ്ങുന്ന വില കുറവുള്ള വിവിധ ഇറാൻ ഈത്തപ്പഴവും ലഭിക്കാത്ത അവസ്ഥയാണ്. കിലോയ്ക്ക് 150 രൂപയുണ്ടായിരുന്ന ഇവയ്ക്ക് 350 രൂപ വരെ വില കൂടിയിട്ടുണ്ട്. 150 രൂപയുള്ള വെള്ള കാരയ്ക്കക്കു ഇത്തവണ 280 രൂപയാണ് വില. കാലിഫോർണിയ, കാശ്മീർ എന്നിവിടങ്ങളിൽ നിന്നു വരുന്ന അക്രോട്ടിനു കിലോയ്ക്ക് 300 രൂപയിൽ നിന്നു 540 രൂപയാണ് വില വർധിച്ചത്. ഇറാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള അപ്രിക്കോട്ടിനു നിലവിൽ ക്ഷാമമില്ല.
പള്ളികൾ തുറക്കാതായതും ബേക്കറി വ്യാപാരികൾ തുറക്കാത്തതും വലിയ തിരിച്ചടിയാണ് വ്യാപാരികൾ നേരിടുന്നത്. ചുരുക്കം ചിലർ മാത്രമാണ് ആവശ്യക്കാരായെത്തുന്നത്. അവശ്യ സാധന വിഭാഗത്തിൽ അല്ലാത്തതിനാൽ ഇത്തരം സാധനങ്ങൾ വീടുകളിൽ എത്തിക്കാനും ബുദ്ധിമുട്ടാണ്. കാലിഫോർണിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്നു തന്നെയാണ് ബദാമും എത്തുന്നത്. വരവ് കുറഞ്ഞതോടെ കിലോയ്ക്ക് 700 രൂപയുണ്ടായിരുന്ന ബദാമിനു ആയിരം രൂപ വരെയാണ് മൊത്ത വില.
മംഗളൂരു, കൊല്ലം എന്നിവിടങ്ങളിൽ നിന്നു കശുവണ്ടിയും ലഭിക്കാതായിട്ടുണ്ട്. കിലോയ്ക്ക് 600 രൂപയായിരുന്ന കശുവണ്ടിയ്ക്ക് ഇപ്പോൾ ആയിരം രൂപയാണ് വില. അത്തിപ്പഴത്തിന്റെയും ലഭ്യത വളരെ കുറവായതിനാൽ വരും ദിവസത്തിനുള്ളിൽ ഇവയെല്ലാം വിപണിയിൽ നിന്നു ഇല്ലാതാകുമെന്നാണു ഡ്രൈ ഫ്രൂട്ട്സ് മൊത്തവ്യാപാരികൾ പറയുന്നത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.