February 5, 2023 Sunday

റമദാനിൽ പ്രാർത്ഥനയും നോമ്പുതുറയും വീടുകളിൽ: സാമൂഹിക അകലവും ജാഗ്രതയും പാലിച്ച് വിശ്വാസ സമൂഹം

സുരേഷ് എടപ്പാൾ
മലപ്പുറം
April 22, 2020 8:45 pm

കോവിഡ് 19 അടിച്ചേൽപ്പിച്ച ലോക്ഡൗണൻ കാലത്തു വന്നെത്തുന്ന റംസാനിൽ തികഞ്ഞ സാമൂഹിക അകലവും ആരോഗ്യ ജാഗ്രതയും കാത്തു സൂക്ഷിക്കാൻ തയ്യാറെടുത്ത് വിശ്വാസി സമൂഹം. ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഭക്തിയുടെയും സമർപ്പണത്തിന്റെയും രാപ്പലുകൾ ധന്യമാക്കാനുള്ള ഒരുക്കത്തിലാണ് സമുദായസംഘടനകൾ.

അത്മസംസ്കരണത്തിനുള്ള വിശിഷ്ടവസരമായി കാണുന്ന റംസാനിൽ ഇത്തവണ പള്ളികളിൽ കൂട്ടം ചേർന്നുള്ള പ്രാർത്ഥനയോ, സമൂഹ നോമ്പുതുറകളോ ഉണ്ടാകില്ല. പള്ളികളിൽ പ്രാർഥനകളും സംഘം ചേർന്നുള്ള ഇഫ്ത്താർ വിരുന്നുകളും ഉണ്ടാകുന്നതല്ലെന്ന് പൊതുവെ ധാരണയായി കഴിഞ്ഞു.

മത സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടായത്. കോവിഡ് പ്രതിരോധത്തിന് കൂടുതൽ ജാഗ്രത നൽകി കൊണ്ട് നമസ്കാരങ്ങളും ഇഫ്താറുകളും വീടുകളിൽ തന്നെ നടത്താനാണ് പണ്ഢിത സമൂഹം വിശ്വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗ പ്രതിരോധത്തിനായി സർക്കാർ സ്വീകരിക്കുന്ന മുഴുവൻ നടപടികളുമായും സഹകരിക്കുമെന്നും മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറസിൽ സംസ്ഥാനത്തെ പ്രമുഖ ഇസ്ലാംമത സംഘടനാ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

കോവിഡ് 19 പ്രതിരോധിക്കാൻ സാമൂഹിക അകലം ഉറപ്പാക്കി ഭക്തിസാന്ദ്രമായ റംസാൻ ഉറപ്പാക്കേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പൂർണ്ണ പിന്തുണയാണ് മത സംഘടനാ നേതാക്കൾ നൽകിയത്. റംസാനിൽ പള്ളികളിൽ നടക്കുന്ന നമസ്ക്കാരങ്ങൾ പൂർണ്ണമായും ഒഴിവാക്കാമെന്നും രോഗങ്ങൾക്ക് ചികിത്സയും പ്രതിരോധവും തേടണമെന്ന മതതത്വം പാലിക്കപ്പെടണമെന്നും മതനേതാക്കൾ പറഞ്ഞു.

ലോകത്തെ വിറപ്പിക്കുന്ന മഹാമാരി ചെറുക്കാൻ ക്ഷമയാണ് വിശ്വാസികളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന മുഴുവൻ തീരുമാനങ്ങളും അംഗീകരിക്കുമെന്നും നേതാക്കൾ ഐകകണ്ഠ്യേന വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ അടക്കമുള്ള ഇസ്ലാം രാഷ്ട്രങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ തുടരുന്ന നിയന്ത്രങ്ങണളും അച്ചടക്കവും യോഗത്തിൽ പങ്കെടുത്ത മതനേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി.

പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാർ, എം ഐ അബ്ദുൾ അസീസ്, ഡോ. ഇ കെ അഹമ്മദ്കുട്ടി, ടി കെ അഷറഫ്, എൻ കെ സദറുദ്ദീൻ, ഡോ. ഫസൽ ഗഫൂർ, സയ്യിദ് ഖലീലുൽ ബുഹാരി തങ്ങൾ, പി മുജീബ് റഹ്‌മാൻ, താജുദ്ദീൻ തുടങ്ങിയവർ മലപ്പുറത്ത് നിന്ന് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ഓൺലൈനിലൂടെ വിശ്വാസികളോട് സംവദിക്കാനാണ് ആത്മീയ നേതാക്കൾ ശ്രമിക്കുക. ഇതിനായി മുന്നൊരുക്കങ്ങൾ ഓൺ പ്ലാറ്റ്ഫോമിലും സോഷ്യൽ മീഡിയയിലും സജ്ജമായി കഴിഞ്ഞു.

ആത്മീയ വൈജ്ഞാനിക സെഷനുകളുൾക്കൊള്ളുന്ന ഓൺലൈൻ ക്യാമ്പയിനുകൾക്ക് സംഘടനകൾ രൂപം നൽകി കഴിഞ്ഞു. മലപ്പുറം മഅദിൻന്റെ ഓൺലൈൻ ക്ലാസുകൾ 24ന് ആരംഭിക്കും. കോവിഡ് 19ന്റെ പ്രത്യേക സാഹചര്യത്തിൽ വീടുകളിലിരുന്ന് സംബന്ധിക്കാവുന്ന വിവിധ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. നമസ്കാരങ്ങൾ, ഖുർആൻ പാരായണം, ഹദീസ് പഠനം വനിതകൾക്കായുള്ള ഹോംസയൻസ് ക്ലാസ്, കുടുംബ സംഗമം തുടങ്ങി വൈവിധ്യപൂർണ്ണമായ ഓൺലൈൻ പരിപാടികളാണ് മഅദീൻ ഒരുക്കുന്നത്. മറ്റ് സംഘടനകളും ഇത്തരത്തിൽ ഓൺലൈൻ പ്രോഗ്രാമുകൾ തയ്യാറാക്കി കഴിഞ്ഞു. സ്രഷ്ടാവിനു മുന്നിൽ കോവിഡ് മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള വിശ്വാസ ലക്ഷങ്ങളുടെ ഉള്ളരുകിയുള്ള പ്രാർത്ഥനായാൽ മുഖരിതമാകും പരിശുദ്ധമാസത്തിലെ ഓരോനമിഷവും, ഓരോ ഭവനവും.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.