Janayugom Online
Imam Moulavi Suhaib

ദാനം സമ്പത്തുകൊണ്ടു മാത്രമല്ല

Web Desk
Posted on May 29, 2018, 5:11 pm
imam moulavi suhaib

മൗലവി സുഹൈബ് വി.പി.
പാളയം ഇമാം, തിരുവനന്തപുരം

റസൂല്‍കരീം(സ) പറഞ്ഞു: ”സഹോദരന്‍റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് ധര്‍മ്മമാണ്. നന്മ കല്‍പ്പിക്കുന്നതും തിന്മ വിരോധിക്കുന്നതും ധര്‍മ്മമാണ്. വഴിയറിയാത്ത പ്രദേശത്ത് ഒരാള്‍ക്ക് നീ വഴി പറഞ്ഞുകൊടുക്കുന്നത് ധര്‍മ്മമാണ്. കാഴ്ചയില്ലാത്തയാള്‍ക്ക് നീ മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നതും ധര്‍മ്മമാണ്. വഴിയില്‍നിന്ന് കല്ലും മുള്ളും എല്ലും നീക്കിക്കളയുന്നതും ധര്‍മ്മമാണ്. നിന്‍റെ ബക്കറ്റില്‍നിന്ന് സഹോദരന്‍റെ പാത്രത്തിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുന്നതും ധര്‍മ്മമാണ്.” ഒട്ടും സമ്പത്ത് കൈവശമില്ലാത്തവനും ധാരാളം ജനസേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയും. അതിനു ഒരു സന്നദ്ധപ്രവര്‍ത്തകന്‍റെ വേഷഭൂഷകള്‍ ആവശ്യമില്ല. ചിലര്‍ നമ്മുടെ ഒരു പുഞ്ചിരിയാവും കൊതിക്കുന്നുണ്ടാവുക. മറ്റു ചിലര്‍ നമ്മുടെ ഒരു നല്ല വാക്ക് ആയിരിക്കും ആഗ്രഹിക്കുന്നുണ്ടാവുക. കഥാകൃത്തായിരുന്ന  ടോള്‍സ്റ്റോയ് നടന്നുപോകുമ്പോള്‍ ഒരു യാചകന്‍ അദ്ദേഹത്തോടു എന്തെങ്കിലും തരണമെന്നാവശ്യപ്പെട്ടു. സഹോദരാ എന്‍റെ അടുക്കല്‍ ഒന്നുമില്ലല്ലോ എന്നായിരുന്നു കഥാകൃത്തിന്‍റെ മറുപടി. ഉടനെ യാചകന്‍ പറഞ്ഞു: ”നിങ്ങള്‍ എനിക്ക് എല്ലാം നല്‍കിയല്ലോ” ജനങ്ങള്‍ എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകളെക്കാളൊക്കെ ആ യാചകന്‍ കൊതിച്ചിരുന്നത് സഹോദരാ എന്ന വാക്കായിരുന്നു. ഇതുവരെ മറ്റാരും അദ്ദേഹത്തെ അങ്ങനെ വിളിച്ചിരുന്നില്ല. ഇപ്രകാരം നല്ല വാക്കുകള്‍ ദാനം ചെയ്യുക. അതുപോലെ ജനങ്ങള്‍ക്ക് വിശിഷ്യാ വലംകൈയിലെ നിര്‍ജ്ജീവമായ വഴിയെ വഴികാട്ടിയാക്കുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്തിലേക്കെത്തുവാനുള്ള സഹായിയാവുക. അതുപോലെ ജനങ്ങള്‍ കടന്നു പോകുന്ന വഴികളിലെ ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യുക. ഇങ്ങനെ നമ്മുടെ നിത്യജീവിതത്തില്‍ പരോപകാരത്തിന്റേതായ നിരവധി മേഖലകളുണ്ട്. അവയെ പരമാവധി പ്രയോജനപ്പെടുത്തുക. സുമനസ്സുകള്‍ക്ക് മാത്രമേ അതിനുള്ള ഭാഗ്യമുണ്ടാകൂ.