Janayugom Online
Imam Moulavi Suhaib

അധ്വാനശീലം വളര്‍ത്തുക

Web Desk
Posted on June 01, 2018, 4:38 pm
imam moulavi suhaib

മൗലവി സുഹൈബ് വി പി

പാളയം ഇമാം, തിരുവനന്തപുരം

നീ എന്നെന്നും ജീവിക്കും എന്നതുപോലെ ഇഹലോകത്തിനുവേണ്ടി പ്രവര്‍ത്തിക്കൂ. നീ നാളെ മരിക്കും എന്നതുപോലെ പരലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക” (പ്രവാചകവചനം).

ഇസ്‌ലാമിക ഭരണാധികാരിയായിരുന്ന ഉമര്‍ബ്‌നു അബ്ദില്‍ അസീസ്(റ) രാത്രിയില്‍ ഉറങ്ങാന്‍ വളരെ വൈകി. ഭാര്യ അദ്ദേഹത്തോടു പറഞ്ഞു: ”അങ്ങ് വല്ലാതെ ക്ഷീണിച്ചുപോയല്ലോ. ഇനി നാളെ ചെയ്യാം.” ഈ ഘട്ടത്തില്‍ ഉമര്‍ബ്‌നു അബ്ദില്‍ അസീസ് (റ) പറഞ്ഞു : ഇന്നത്തെ ജോലി നാളേക്ക് നീക്കിവച്ചാല്‍ നാളേയ്ക്കുള്ള ജോലി ആര് എന്ന് ചെയ്യാനാണ്? കഠിനാധ്വാനം ചെയ്തത് നിമിത്തം കേവലം 20 മാസംകൊണ്ട് സകാത്ത് വാങ്ങാന്‍ ആളില്ലാത്ത ഒരു ക്ഷേമരാഷ്ട്രത്തെ കെട്ടിപ്പടുക്കാന്‍ ഉമര്‍ബ്‌നു അബ്ദില്‍ അസീസ്(റ) ന് സാധ്യമായി. അധ്വാനശീലം മുന്‍ഗാമികളുടെ ഒരു പ്രകൃതമായിരുന്നു. പ്രവാചകശിഷ്യന്‍മാരെ സംബന്ധിച്ച് പറയുന്നതിപ്രകാരമാണ്. ”അവരെ കണ്ടാല്‍ ജനങ്ങള്‍ക്ക് രോഗികളാണെന്ന് തോന്നും. എന്നാല്‍ അവര്‍ രോഗികളൊന്നുമല്ല. അധ്വാനിച്ച് അവരുടെ ശരീരം ക്ഷീണിച്ച് പോയതാണ്.” ഇത്രയൊന്നും വളരാന്‍ നമുക്ക് കഴിയുന്നില്ലെങ്കിലും നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വം വീഴ്ചവരുത്താതെ നിര്‍വഹിക്കാനും കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്തിച്ചേരാനും നമുക്കാവണം.